ഗൊയ്ഥെ സെന്‍ട്രത്തില്‍ ജര്‍മന്‍ സിനിമ 'സോഫി ഷോള്‍-ദ ഫൈനല്‍

ഡേയ്സി'ന്‍റെ പ്രദര്‍ശനം ഇന്ന് (മേയ് 20 ബുധനാഴ്ച)
Trivandrum / May 19, 2026

തിരുവനന്തപുരം: ജര്‍മനിയിലെ നാസി ഭരണകൂടത്തിനെതിരെ പോരാടിയ സോഫി ഷോളിന്‍റെ ജീവിതം പ്രമേയമാക്കിയ 'സോഫി ഷോള്‍-ദ ഫൈനല്‍ ഡേയ്സ്' എന്ന സിനിമ ജര്‍മ്മന്‍ സാംസ്കാരിക കേന്ദ്രമായ ഗൊയ്ഥെ സെന്‍ട്രം പ്രദര്‍ശിപ്പിക്കുന്നു. ബാനര്‍ ഫിലിം സൊസൈറ്റിയുമായി ചേര്‍ന്ന് ഇന്ന് (മേയ് 20 ബുധനാഴ്ച) വൈകിട്ട് 6.30 ന് ജവഹര്‍ നഗറിലെ ഗൊയ്ഥെ ആംഫി തിയറ്ററിലാണ് പ്രദര്‍ശനം. പ്രവേശനം സൗജന്യമാണ്.


സോഫി ഷോളിന്‍റെ അവസാന നാളുകളിലെ മാനസിക സംഘര്‍ഷങ്ങളും ധൈര്യവും ഹൃദയസ്പര്‍ശിയായി ആവിഷ്കരിക്കുന്ന ചിത്രമാണ് 2005 ല്‍ പുറത്തിറങ്ങിയ 'സോഫി ഷോള്‍-ദ ഫൈനല്‍ ഡേയ്സ്'. 1943 ല്‍ മ്യൂണിക്കില്‍ നാസി വിരുദ്ധ ലഘുലേഖകള്‍ വിതരണം ചെയ്തതിന് സര്‍വകലാശാലാ വിദ്യാര്‍ത്ഥിനിയും ഇരുപത്തൊന്നുകാരിയുമായ സോഫി ഷോള്‍ അറസ്റ്റിലാകുന്നതും അവര്‍ക്ക് മരണം വരെ നേരിടേണ്ടിവരുന്ന പ്രതിസന്ധികളും അതിജീവനവുമാണ് ഈ സിനിമ പ്രമേയമാക്കുന്നത്.

മാര്‍ക്ക് റോത്തെമുണ്ട് സംവിധാനം ചെയ്ത സോഫി ഷോള്‍-ദ ഫൈനല്‍ ഡേയ്സിന്‍റെ തിരക്കഥയൊരുക്കിയത് ഫ്രെഡ് ബ്രൈനര്‍സ്ഡോര്‍ഫര്‍ ആണ്. സോഫി ഷോളിനെ അവതരിപ്പിച്ച യൂലിയ യെന്‍റ്ഷിന്‍റെ പ്രകടനം പ്രേക്ഷകശ്രദ്ധ നേടിയിരുന്നു.

2005 ഫെബ്രുവരിയില്‍ 55-ാമത് ബെര്‍ലിന്‍ അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ 'സോഫി ഷോള്‍' പ്രദര്‍ശിപ്പിച്ചിരുന്നു. 2006 ല്‍ മികച്ച മികച്ച വിദേശ ഭാഷാ ചിത്രത്തിനുള്ള ഓസ്കാര്‍ നോമിനേഷന്‍ ഉള്‍പ്പെടെ നിരവധി അന്താരാഷ്ട്ര അംഗീകാരങ്ങളും ഈ ചിത്രത്തെ തേടിയെത്തി. ചരിത്ര സിനിമാസ്വാദകര്‍ തീര്‍ച്ചയായും കണ്ടിരിക്കേണ്ട ചിത്രങ്ങളിലൊന്നാണിത്. ജര്‍മ്മന്‍ ഭാഷയിലുള്ള ചലച്ചിത്രം ഇംഗ്ലീഷ് സബ് ടൈറ്റിലുകളോടെ ആസ്വദിക്കാനാകും.

Photo Gallery

+
Content