എച്ച്‌ജി-കെഎംബി പുരസ്‌കാരം കുൽപ്രീത് സിംഗിന് ; പ്രഖ്യാപനം നടത്തി കൊച്ചി ബിനാലെ ഫൗണ്ടേഷൻ
Kochi / May 14, 2026
കൊച്ചി: ഇന്ത്യൻ സമകാലികകലാകാരനായ കുൽപ്രീത് സിംഗിനെ ഹേവാർഡ് ഗാലറി/കൊച്ചി-മുസിരിസ് ബിനാലെ (HG-KMB) പുരസ്‌കാര ജേതാവായി തെരഞ്ഞെടുത്തു. കൊച്ചി ബിനാലെ ഫൗണ്ടേഷനാണ് പ്രഖ്യാപനം നടത്തിയത്. കൊച്ചി-മുസിരിസ് ബിനാലെ ആറാം ലക്കത്തിലെ പങ്കാളിത്ത കലാകാരനായിരുന്നു കുൽപ്രീത് സിംഗ്.
ഒരു ദക്ഷിണേഷ്യൻ കലാകാരന് യുകെയിൽ തന്റെ ആദ്യത്തെ ഇൻസ്റ്റിറ്റ്യൂഷണൽ സോളോ എക്സിബിഷൻ അവതരിപ്പിക്കാനുള്ള അവസരമാണ് ഈ പുരസ്കാരത്തിലൂടെ ലഭിക്കുന്നത്.
സിംഗിന്റെ 'ഇൻഡെലിബിൾ ബ്ലാക്ക് മാർക്സ്' എന്ന പ്രോജക്റ്റ് ജൂൺ 16-ന് ലണ്ടനിലെ ഹേവാർഡ് ഗാലറി ഹെനി പ്രോജക്റ്റ് സ്പേസിൽ ആരംഭിക്കും, ഇത് ഓഗസ്റ്റ് 2 വരെയാണ് പ്രദർശനം. കാലാവസ്ഥാ വ്യതിയാനവും കാർഷിക പ്രതിസന്ധിയും തമ്മിലുള്ള ബന്ധത്തെ പരിശോധിക്കുന്ന ചലച്ചിത്ര കലാപ്രതിഷ്ഠയാണ് പ്രദർശനത്തിന്റെ സവിശേഷത. കർഷകനെന്ന നിലയിലുള്ള തന്റെ ജീവിതാനുഭവങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട്, പുതിയ കൃഷിക്ക് മുന്നോടിയായി വിളാവശിഷ്ടങ്ങൾ കത്തിക്കുന്ന രീതിയെ സിംഗ് ഇതിൽ അവതരിപ്പിക്കുന്നു. തീയും കരിയും ഉപയോഗിച്ച് നിർമ്മിച്ച അഞ്ച് പാനലുകളുള്ള ഒരു അബ്‌സ്‌ട്രാക്റ്റ് പെയിന്റിംഗിനൊപ്പം, കത്തുന്ന പാടങ്ങളിലൂടെ വലിയ ക്യാൻവാസുകൾ ചുമക്കുന്ന കലാകാരന്മാരുടെ ദൃശ്യങ്ങളിലൂടെ പാരിസ്ഥിതിക തകർച്ചയെയും ഭൂമിയുടെ ചൂഷണത്തെയും കൃതി പ്രതിപാദിക്കുന്നു.
ലണ്ടനിലെ ഹേവാർഡ് ഗാലറിയിലെ റോഡൻ ചീഫ് ക്യൂറേറ്റർ റേച്ചൽ തോമസും ക്യൂറേറ്റോറിയൽ അസിസ്റ്റന്റ് അനന്യ ജയിനും ചേർന്നാണ് ഈ പ്രദർശനം ഒരുക്കിയിരിക്കുന്നത്. ആർസി ഫൗണ്ടേഷന്റെ സഹകരണത്തോടെ നടക്കുന്ന ഈ പ്രദർശനത്തിന് ചെന്നൈയിലെ ടിഎൻക്യു ഫൗണ്ടേഷന്റെ പിന്തുണയുമുണ്ട്.
ലണ്ടനിൽ, പ്രത്യേകിച്ച് ഹേവാർഡ് ഗാലറിയിൽ തന്റെ സൃഷ്ടികൾ അവതരിപ്പിക്കാൻ കഴിയുന്നത് ഏറെ സന്തോഷം നൽകുന്നുവെന്ന് പട്യാല സ്വദേശിയായ കുൽപ്രീത് സിംഗ് പറഞ്ഞു. കലയെക്കുറിച്ചുള്ള ആഗോള ചർച്ചകളിൽ തന്റെ സൃഷ്ടികൾ ഉൾപ്പെടുന്നത് ഭൂമിയെയും പരിസ്ഥിതിയെയും കൃഷിയെയും കുറിച്ചുള്ള പ്രസക്തമായ വിഷയങ്ങൾ മുന്നോട്ട് വെക്കാൻ സഹായിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്നത്തെ കാലത്ത് ഏറെ പ്രസക്തമായ സിഖ് മതത്തിലെ ഒരു തത്വശാസ്ത്രമാണ് തന്റെ പ്രവർത്തനത്തിന്റെ കാതൽ എന്നും അദ്ദേഹം പറഞ്ഞു.
മുംബൈയിലെ ഗാലറി മിർച്ചന്ദാനി + സ്റ്റെയിൻറൂക്കെയിലെ 'ഫോസിൽസ് ഓഫ് ഫോഴ്സ്' (2025), ഗോവയിലെ സുനാപരന്ത സെന്റർ ഫോർ ദി ആർട്‌സിലെ 'ഓൾ സ്റ്റോറീസ് ആർ എബൗട്ട് അസ്: എ ക്ലൈമറ്റ് റെസിപ്പി സർവേ' (2025), 'ഇൻഡെലിബിൾ ബ്ലാക്ക് മാർക്സ്' (2024), പഞ്ചാബ് ലളിത കലാ അക്കാദമിയിലെ 'കണ്ടംപ്ലേഷൻ' (2019) എന്നിവ കുൽപ്രീത് സിംഗിന്റെ ശ്രദ്ധേയമായ പ്രദർശനങ്ങളിൽ ചിലതാണ്.