വെല്ലുവിളി അതിജീവിച്ച് പിബിസി മഹാദേവിക്കാട് കാട്ടില്‍ തെക്കേതില്‍ അട്ടിമറി പരമ്പരയുമായി മറൈന്‍ ഡ്രൈവിലെ വള്ളം കളി

വെല്ലുവിളി അതിജീവിച്ച് പിബിസി മഹാദേവിക്കാട് കാട്ടില്‍ തെക്കേതില്‍ അട്ടിമറി പരമ്പരയുമായി മറൈന്‍ ഡ്രൈവിലെ വള്ളം കളി
Kochi / October 8, 2022

കൊച്ചി: ഐപിഎല്‍ ക്രിക്കറ്റിന്‍റെ മാതൃകയില്‍ ചുണ്ടന്‍ വള്ളങ്ങളുടെ മത്സരമായ ചാമ്പ്യന്‍സ് ബോട്ട് ലീഗ് രണ്ടാം സീസണ്‍ അഞ്ചാം മത്സരത്തില്‍ പിബിസി(ട്രോപ്പിക്കല്‍ ടൈറ്റന്‍സ്) തുഴഞ്ഞ മഹാദേവിക്കാട് കാട്ടില്‍ തെക്കേതില്‍ ഒന്നാമതെത്തി(4.21.02 മിനിറ്റ്). തുഴച്ചില്‍ ദുഷ്കരമാക്കിയ ട്രാക്കില്‍ പ്രൊഫഷണലിസം കൈമുതലാക്കിയാണ് പിബിസി മഹാദേവിക്കാട് വിജയം നേടിയത്.


ഒന്നാം സ്ഥാനം ഒഴിച്ചാല്‍ അട്ടിമറികളുടെ പരമ്പര തന്നെയാണ് കൊച്ചി നഗരത്തില്‍ അരങ്ങേറിയത്. ഹീറ്റ്സില്‍ അട്ടിമറി നടത്തി വിബിസി(പ്രൈഡ് ചേസേഴ്സ്) തുഴഞ്ഞ പായിപ്പാടന്‍ ചുണ്ടന്‍ ഫൈനലില്‍ രണ്ടാം സ്ഥാനത്തെത്തി(4.32.43 മിനിറ്റ്). പോയിന്‍റ് പട്ടികയില്‍ ഏറ്റവും പുറകിലായിരുന്ന കെബിസി/എസ്എഫ്ഡിസി(തണ്ടര്‍ ഓര്‍സ്) തുഴഞ്ഞ ആയാപറമ്പ് പാണ്ടി ഹീറ്റ്സിലും ഫൈനലിലും മികച്ച പ്രകടനത്തോടെ മൂന്നാമതെത്തി(4.36.10 മിനിറ്റ്).
    ഇതു വരെയുള്ള മത്സരങ്ങള്‍ പരിഗണിച്ചാല്‍ മറൈന്‍ ഡ്രൈവിലെ ട്രാക്ക് ദുഷ്കരമായ ഒന്നായിരുന്നു. അതിനാല്‍ തന്നെ സ്ഥിരം രീതി പിന്തുടര്‍ന്ന ചുണ്ടനുകള്‍ക്ക് തുഴയിടറി. ഹീറ്റ്സിലും ഫൈനല്‍സിലും ട്രാക്കറിഞ്ഞ് തുഴഞ്ഞ പിബിസി മഹാദേവിക്കാട് കാട്ടില്‍ തെക്കേതില്‍ പ്രയാസമേറിയ മൂന്നാം ലൈനിലാണ് വിജയം കൈവരിച്ചത്. 


    നിലവിലെ രണ്ടാം സ്ഥാനക്കാരായ എന്‍സിഡിസി(മൈറ്റി ഓര്‍സ്) തുഴഞ്ഞ നടുഭാഗം ചുണ്ടന് ഇക്കുറി അഞ്ചാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. അഞ്ച് സിബിഎല്‍ മത്സരങ്ങള്‍ പിന്നിട്ടപ്പോള്‍ 48 പോയിന്‍റുകളുമായി മഹാദേവിക്കാട് കാട്ടില്‍ തെക്കേതില്‍ പട്ടികയില്‍ ഒന്നാം സ്ഥാനം നിലനിറുത്തി. എന്‍സിഡിസി നടുഭാഗം ചുണ്ടന്‍ 43 പോയിന്‍റുകളോടെ രണ്ടാം സ്ഥാനത്തുണ്ട്. 37 പോയിന്‍റുകളോടെ വീയപുരമാണ് മൂന്നാം സ്ഥാനത്ത്. 
    കേരള പോലീസ് ബോട്ട് ക്ലബ് (റേജിംഗ് റോവേഴ്സ്) ചമ്പക്കുളം(നാല്-35 പോയിന്‍റ്), വേമ്പനാട് ബോട്ട് ക്ലബ്(പ്രൈഡ് ചേസേഴ്സ്) പായിപ്പാടന്‍(അഞ്ച്-31 പോയിന്‍റ്), യുബിസി കൈനകരി (കോസ്റ്റ് ഡോമിനേറ്റേഴ്സ്) കാരിച്ചാല്‍(ആറ്-24 പോയിന്‍റ്), ടൗണ്‍ ബോട്ട് ക്ലബ് (ബാക്ക് വാട്ടര്‍ വാരിയേഴ്സ്) സെ. പയസ് ടെന്‍ത്(ഏഴ്- 18 പോയിന്‍റ്), ) കെബിസി-എസ്എഫ്ബിസി (തണ്ടര്‍ ഓര്‍സ്)ആയാപറമ്പ് പാണ്ടി(ഏഴ്- 18 പോയിന്‍റ്), വില്ലേജ് ബോട്ട് ക്ലബ് (ബാക്ക് വാട്ടര്‍ നൈറ്റ്സ്) ദേവാസ്(എട്ട്- 16 പോയിന്‍റ്എന്നിങ്ങനെയാണ് സ്ഥാനങ്ങളും പോയിന്‍റുകളും.


സംസ്ഥാന ജലസേചന വകുപ്പ് മന്ത്രി ശ്രീ റോഷി അഗസ്റ്റിന്‍ മറൈന്‍ഡ്രൈവിലെ സിബിഎല്‍ മത്സരങ്ങള്‍ ഉദ്ഘാടനം ചെയ്തു. മേയര്‍ ശ്രീ എം അനില്‍കുമാര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ എംഎല്‍എമാരായ ടി ജെ വിനോദ്, കെ ജെ മാക്സി, സിനിമാതാരങ്ങളായ ശ്രീ ജയസൂര്യ, ശ്രീമതി മിയ ജോര്‍ജ്ജ് എന്നിവര്‍ സംബന്ധിച്ചു.ശ്രീമതി മിയ ജോര്‍ജ്ജ് സമ്മാനദാനം നടത്തി. 


    ഓരോ ലീഗ് മത്സരത്തില്‍ പങ്കെടുക്കുന്ന എല്ലാ ടീമുകള്‍ക്കും നാല് ലക്ഷം രൂപ വീതം ലഭിക്കും. ഇതിന് പുറമെ ഒന്നാം സ്ഥാനക്കാര്‍ക്ക് അഞ്ച് ലക്ഷവും, രണ്ടാം സ്ഥാനക്കാര്‍ക്ക് മൂന്നു ലക്ഷവും മൂന്നാം സ്ഥാനക്കാര്‍ക്ക് ഒരു ലക്ഷം രൂപയും  അധികമായി ലഭിക്കും.
കോട്ടപ്പുറം തൃശൂര്‍ (ഒക്ടോബര്‍ 15), കൈനകരി, ആലപ്പുഴ (ഒക്ടോബര്‍ 22), താഴത്തങ്ങാടി കോട്ടയം (ഒക്ടോബര്‍ 29), പാണ്ടനാട് ചെങ്ങന്നൂര്‍ (നവംബര്‍ അഞ്ച്),കായംകുളം, ആലപ്പുഴ (നവംബര്‍ 12), കല്ലട, കൊല്ലം (നവംബര്‍ 19), പ്രസിഡന്‍റ്സ് ട്രോഫി കൊല്ലം (നവംബര്‍ 26) എന്നിവിടങ്ങളിലാണ് അടുത്ത മത്സരങ്ങള്‍.    
 

Photo Gallery

+
Content
+
Content
+
Content