സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ബ്രിക്-ആര്‍ജിസിബി യില്‍ സയന്‍സ് ഔട്ട്റീച്ച് പരിപാടി
നാല് ദിവസത്തെ പരിപാടി ഡയറക്ടര്‍ ഡോ. ബീന പിള്ള ഉദ്ഘാടനം ചെയ്തു
Trivandrum / April 29, 2026
തിരുവനന്തപുരം: വിദ്യാര്‍ത്ഥികളില്‍ ശാസ്ത്രാഭിരുചി വളര്‍ത്തുക, പുതുതലമുറ ഗവേഷകരെയും നവീനാശയങ്ങളെയും പ്രോത്സാഹിപ്പിക്കുക എന്നിവ ലക്ഷ്യമാക്കി ബയോടെക്നോളജി റിസര്‍ച്ച് ആന്‍ഡ് ഇന്നൊവേഷന്‍ സെന്‍റര്‍-രാജീവ് ഗാന്ധി സെന്‍റര്‍ ഫോര്‍ ബയോടെക്നോളജിയില്‍ (ബ്രിക്-ആര്‍ജിസിബി) സയന്‍സ് ഔട്ട്റീച്ച് പരിപാടി ആരംഭിച്ചു. നാലു ദിവസം നീണ്ടു നില്ക്കുന്ന സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള പരിപാടി സ്വദേശി സയന്‍സ് മൂവ്മെന്‍റ് കേരളയുമായി സഹകരിച്ചാണ് സംഘടിപ്പിക്കുന്നത്.
'ഫേസ് ടു ഫേസ് വിത്ത് ഫ്രോണ്ടിയര്‍ ഏരിയാസ് ഓഫ് സയന്‍സ് ആന്‍റ് ടെക്നോളജി' എന്ന വിഷയത്തില്‍ നടക്കുന്ന പരിപാടി ബ്രിക്-ആര്‍ജിസിബി ഡയറക്ടര്‍ ഡോ. ബീന പിള്ള ഉദ്ഘാടനം ചെയ്തു. ആധുനിക വിദ്യാഭ്യാസത്തില്‍ ഇന്‍റര്‍ ഡിസിപ്ലിനറി പഠനത്തിന്‍റെ വര്‍ദ്ധിച്ചുവരുന്ന പ്രാധാന്യത്തെക്കുറിച്ച് അവര്‍ സംസാരിച്ചു. ശാസ്ത്രവിഷയങ്ങളില്‍ അവഗാഹം നേടുന്നതിനൊപ്പം അതിനെ കരിയര്‍ പാതയായി പരിഗണിക്കാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് സാധിക്കണം. ശാസ്ത്ര നവീകരണത്തിന്‍റെ ഭാവി നിശ്ചയിക്കപ്പെടുന്നത് വിവിധ വിഷയങ്ങളുടെ കൂടിച്ചേരലിലൂടെയാണ്. യുവതയില്‍ ജിജ്ഞാസയും സഹകരണ മനോഭാവവും വളര്‍ത്തിയെടുക്കാന്‍ ഇത് പ്രേരണയാകുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
വിഭ സെക്രട്ടറി പ്രവീണ്‍ രാംദാസ്, വിജ്ഞാന ഭാരതിയുടെ ദക്ഷിണേന്ത്യന്‍ ഓര്‍ഗനൈസിംഗ് സെക്രട്ടറി അബ്ഗ .ആര്‍ എന്നിവര്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. സ്വദേശി സയന്‍സ് മൂവ്മെന്‍റ്-കേരള സെക്രട്ടറി രാജീവ് നായര്‍ സ്വാഗതം ആശംസിച്ചു.
ബ്രിക്-ആര്‍ജിസിബി ശാസ്ത്രജ്ഞരായ ഡോ. ടെസ്സി തോമസ് മാളിയേക്കല്‍, ഡോ. പരിജത് സേനാപതി, ഡോ. അനന്തലക്ഷ്മി സുന്ദരരാമന്‍, ബെംഗളൂരുവിലെ ഗാര്‍ഡന്‍ സിറ്റി യൂണിവേഴ്സിറ്റിയിലെ ഡോ. ബിജു ധര്‍മ്മപാലന്‍ എന്നിവര്‍ സെഷനുകള്‍ക്ക് നേതൃത്വം നല്കി. വൈവിധ്യമാര്‍ന്ന ശാസ്ത്ര-സാങ്കേതിക മേഖലകളിലെ പുത്തന്‍ വികസനങ്ങളെക്കുറിച്ച് അവര്‍ സംസാരിച്ചു.
പരിപാടിയില്‍ പങ്കെടുക്കുന്ന ശാസ്ത്രവിദഗ്ധരുടെ പ്രഭാഷണങ്ങള്‍, പ്രായോഗിക അനുഭവങ്ങള്‍ എന്നിവ വിദ്യാര്‍ത്ഥികള്‍ക്ക് മുതല്‍ക്കൂട്ടാകും. പ്രമുഖ ശാസ്ത്ര സ്ഥാപനങ്ങള്‍ സന്ദര്‍ശിക്കുന്നതിനൊപ്പം പ്രമുഖ ശാസ്ത്രജ്ഞരുമായും ഗവേഷകരുമായും സംവദിക്കാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് പരിപാടി അവസരമൊരുക്കും.
Photo Gallery