റ്റാറ്റാ ട്രസ്റ്റ്സ് സ്റ്റുഡന്റ്സ് ബിനാലെ 2026 പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു
Kochi / April 22, 2026
കൊച്ചി: കൊച്ചി-മുസിരിസ് ബിനാലെ ആറാം പതിപ്പിനോട് അനുബന്ധിച്ച് നടത്തിയ സ്റ്റുഡന്റ്സ് ബിനാലെയിൽ റ്റാറ്റാ ട്രസ്റ്റ്സ് നൽകുന്ന അവാർഡുകൾ പ്രഖ്യാപിച്ചു. ഇന്ത്യയിലെ വളർന്നുവരുന്ന കലാകാരന്മാർക്കുള്ള ഏറ്റവും വലിയ വേദികളിലൊന്നായ സ്റ്റുഡന്റ്സ് ബിനാലെ, 2016 മുതൽ റ്റാറ്റാ ട്രസ്റ്റ്സിന്റെ പിന്തുണയോടെയാണ് പ്രവർത്തിക്കുന്നത്.
കലാവിദ്യാഭ്യാസത്തിനും പ്രൊഫഷണൽ രീതികൾക്കും ഇടയിലുള്ള സുപ്രധാന പാലമായാണ് സ്റ്റുഡൻസ് ബിനാലെ പ്രവർത്തിക്കുന്നത്. യുവ കലാകാരന്മാർക്ക് ഗവേഷണത്തിൽ അധിഷ്ഠിതമായ സമകാലിക സൃഷ്ടികൾ വികസിപ്പിക്കുന്നതിന് ആവശ്യമായ ഇടവും വിഭവങ്ങളും മാർഗനിർദ്ദേശങ്ങളും നൽകുന്നു.
ഏഴ് ക്യുറേറ്റർമാരുടെ നേതൃത്വത്തിൽ 'സെൻസിംഗ് ഗ്രൗണ്ട്സ് എന്ന പേരില്‍ നടന്ന പ്രദര്‍ശനത്തില്‍ പ്രദർശനത്തിൽ ഇന്ത്യയിലുടനീളമുള്ള 175-ലധികം കലാസ്ഥാപനങ്ങളിൽ നിന്നായി ഇരുന്നൂറിലധികം വിദ്യാർത്ഥികൾ പങ്കെടുത്തു. ഫോർട്ട് കൊച്ചിയിലെ ആറ് വേദികളിലായി 70 പ്രോജക്റ്റുകളാണ് അവതരിപ്പിക്കപ്പെട്ടത്. തുടക്കം മുതൽ ആയിരത്തിലധികം യുവ കലാകാരന്മാർക്ക് സ്റ്റുഡൻസ് ബിനാലെയിലൂടെ പ്രയോജനം ലഭിച്ചിട്ടുണ്ട്.
ഇത്തവണ നാല് വിദ്യാർത്ഥികളെയാണ് റ്റാറ്റാ ട്രസ്റ്റ്സ് സ്റ്റുഡന്റ്സ് ബിനാലെ അന്താരാഷ്ട്ര പുരസ്കാരത്തിനായി തിരഞ്ഞെടുത്തത്. കേരളത്തിലെ മാവേലിക്കര രാജാ രവിവർമ്മ കോളേജ് ഓഫ് ഫൈൻ ആർട്സിലെ അശ്വതി ജി.എസ് (Staged Narratives), മഹാരാഷ്ട്രയിലെ നാഗ്പൂർ ഗവൺമെന്റ് കോളേജ് ഓഫ് ആർട്ടിലെ കൈലാഷ് ഖാൻജോഡെ (Ginning Justice, 2025), മുംബൈ സർ ജെ.ജെ. സ്കൂൾ ഓഫ് ആർട്ടിലെ സച്ചിൻ ബന്നെ (Ginning Justice, 2025), ശിവ് നാടാർ യൂണിവേഴ്സിറ്റിയിലെ സായ് ഗീതാഞ്ജലി പോളൂരു (Root System Analysis) എന്നിവരാണ് ഈ പുരസ്കാരത്തിന് അർഹരായത്.
വിജയികൾക്ക് ലഭിക്കുന്ന വിദേശയാത്രയിലൂടെ ആഗോള സമകാലിക കലയെയും അന്താരാഷ്ട്ര പ്രദർശന രീതികളെയും നേരിട്ട് മനസ്സിലാക്കാൻ അവസരം ലഭിക്കും.
ഏഴ് വിദ്യാർത്ഥികൾക്ക് റ്റാറ്റാ ട്രസ്റ്റ്സ് സ്റ്റുഡന്റ്സ് ബിനാലെ ദേശീയ പുരസ്കാരങ്ങൾ ലഭിച്ചു. ഹൈദരാബാദിലെ സുരവരം പ്രതാപ് റെഡ്ഡി തെലുങ്ക് യൂണിവേഴ്സിറ്റിയിലെ അഭിഷേക് ഖോലപുടി, ബറോഡ എം.എസ്.യു-വിലെ പ്രതീക് കുർകുട്ടിയ, ചെന്നൈ ഗവൺമെന്റ് കോളേജ് ഓഫ് ഫൈൻ ആർട്സിലെ എം. ഇമ്രാൻ അഹമ്മദ്, ശാന്തിനികേതൻ വിശ്വഭാരതി യൂണിവേഴ്സിറ്റിയിലെ റെപ്പാൻഡി ലെപ്ച്ച, മുംബൈ സർ ജെ.ജെ. സ്കൂൾ ഓഫ് ആർട്ടിലെ രോഹിത് അഠാവാലെ, ബറോഡ മഹാരാജ സയാജിറാവു യൂണിവേഴ്സിറ്റിയിലെ ഉർഗെയ്ൻ സാവ, വാരണാസി ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റിയിലെ ദുർഗേഷ് പ്രജാപതി എന്നിവരാണ് ദേശീയ പുരസ്കാര ജേതാക്കൾ. ഇവർക്ക് ഇന്ത്യയിലെ പ്രശസ്തമായ കലാസ്ഥാപനങ്ങളിൽ ഒരു മാസത്തെ റെസിഡൻസി പ്രോഗ്രാമും പ്രമുഖ കലാകാരന്മാരുടെ മാർഗനിർദ്ദേശത്തിൽ പുതിയ സൃഷ്ടികൾ വികസിപ്പിക്കാനുള്ള അവസരവും ലഭിക്കും.
ഉമ ജേക്കബ് (ഡയറക്ടർ, ഇന്ത്യ ആർട്ട് ഫെയർ), ഷലീൻ വധ്വാന (കലാവിദ്യാഭ്യാസ വിദഗ്ധയും ക്യുറേറ്ററും), രാജ്യശ്രീ ഗുഡി (സമകാലീനകലാകാരി), ഓഷീൻ ശിവ (മൾട്ടി ഡിസിപ്ലിനറി ആർട്ടിസ്റ്റ്) എന്നിവരടങ്ങിയ ജൂറിയാണ് അവാർഡ് ജേതാക്കളെ തിരഞ്ഞെടുത്തത്. പരമ്പരാഗതമായ പെയിന്റിംഗ്, ശില്പകല എന്നിവയിൽ നിന്ന് മാറി ആശയപരമായതും രാഷ്ട്രീയ ബോധ്യമുള്ളതുമായ പുതിയ രീതികളിലേക്ക് വിദ്യാർത്ഥികളുടെ കലാസൃഷ്ടികൾ മാറുന്നത് ഈ വർഷത്തെ പ്രത്യേകതയാണെന്ന് ജൂറി വിലയിരുത്തി.
പുരോഗമന സമൂഹത്തിന്റെ നിർമ്മാണത്തിന് അത്യന്താപേക്ഷിതമായാണ് കലാ-സാംസ്കാരിക മേഖലകളെ റ്റാറ്റാ ട്രസ്റ്റ്സ് കാണുന്നതെന്ന് സി.ഇ.ഒ സിദ്ധാർത്ഥ ശർമ്മ പറഞ്ഞു. യുവ കലാകാരന്മാർക്ക് ആഗോള തലത്തിൽ ഇടപെടാൻ അവസരം നൽകുന്നത് ഇന്ത്യയുടെ സാംസ്കാരിക മേഖലയെ ശക്തിപ്പെടുത്തുന്നതിനും പുതിയ തലമുറയെ ശാക്തീകരിക്കുന്നതിനുമുള്ള സുപ്രധാന ചുവടുവെപ്പാണെന്നും അദ്ദേഹം പറഞ്ഞു.
വിദ്യാർത്ഥികളുടെ സാഹചര്യങ്ങളുമായും സാമൂഹിക-രാഷ്ട്രീയ യാഥാർത്ഥ്യങ്ങളുമായും സംവദിക്കാനാണ് സ്റ്റുഡൻസ് ബിനാലെ ശ്രമിച്ചതെന്ന് കൊച്ചി ബിനാലെ ഫൗണ്ടേഷൻ പ്രോഗ്രാം ഡയറക്ടർ മാരിയോ ഡിസൂസ ചൂണ്ടിക്കാട്ടി. റ്റാറ്റാ ട്രസ്റ്റ്സിന്റെ പിന്തുണയോടെ കൊച്ചി ബിനാലെ ഫൗണ്ടേഷനാണ് സ്റ്റുഡന്റ്സ് ബിനാലെ സംഘടിപ്പിക്കുന്നത്.