മില്‍മ പാല്‍വില വര്‍ധനവ് ആവശ്യപ്പെട്ട് എറണാകുളം മേഖലയുടെ സമരം
Kochi / April 18, 2026
കൊച്ചി: മില്‍മ ഫെഡറേഷന്‍ തീരുമാനിച്ച പാല്‍വില വര്‍ധനവ് ഉടന്‍ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് എറണാകുളം മേഖല ക്ഷീരോല്‍പാദക യൂണിയനിലെ മില്‍മ ഫെഡറേഷന്‍ ഭരണസമിതി അംഗങ്ങള്‍ ചെയര്‍മാനും മാനേജിങ് ഡയറക്ടര്‍ക്കും കത്ത് നല്‍കി. ഫെഡറേഷന്‍ ഓഫീസിന് മുന്നില്‍ കുത്തിയിരുപ്പ് സമരം നടത്തി. കഴിഞ്ഞ ആഗസ്റ്റ് മാസത്തില്‍ എറണാകുളം യൂണിയന്‍ വില വര്‍ധനവ് സംബന്ധിച്ച് കത്ത് നല്‍കിയിരുന്നു. വില വര്‍ധനവിനെ കുറിച്ച് പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മൂന്നംഗ സമിതിയെ നിയോഗിക്കുകയും ആറ് രൂപ വരെ വര്‍ധിപ്പിക്കാവുന്നതാണെന്ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തു. തുടര്‍ന്ന് മില്‍മ ഫെഡറേഷന്‍ യോഗം ചേര്‍ന്നു വില വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചു. തീരുമാനം നടപ്പാക്കാന്‍ ചെയര്‍മാനെ ചുമതലപ്പെടുത്തിയിരുന്നു. എന്നാല്‍ പല സാങ്കേതിക കാരണങ്ങള്‍ പറഞ്ഞ് സര്‍ക്കാര്‍ അനുകൂല ഭരണകക്ഷി അംഗങ്ങളും ചെയര്‍മാനും പ്രഖ്യാപനം മനപ്പൂര്‍വം വൈകിപ്പിക്കുകയായിരുന്നു.
ഇനിയും ഈ നിലയില്‍ മുന്നോട്ട് പോകുവാന്‍ കഴിയില്ല. കാലിതീറ്റയുടെ വിലവര്‍ധനവും നിത്യോപയോഗ സാധനങ്ങളുടെ വില വര്‍ധനവും കൂലിച്ചെലവിന്‍റെ വര്‍ധനയും മൂലം ക്ഷീര മേഖല കടക്കെണിയിലാണ്. കടുത്ത വേനലും ചൂടും വര്‍ധിച്ചതോടെ പശുക്കളുടെ പാലുല്പാദനം ഗണ്യമായി കുറഞ്ഞതും വന്‍ തിരിച്ചടിയായി. ചെറുകിട കര്‍ഷകര്‍ ഈ രംഗത്തുനിന്ന് പൂര്‍ണമായി കൊഴിഞ്ഞു പോകുകയാണ്. ഇനിയും ഈ രംഗത്ത് അവശേഷിക്കുന്നവരെ സംരക്ഷിക്കേണ്ടത് മില്‍മയുടെ കടമയാണ്. ഈ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് പാല്‍ വിലവര്‍ധനവ് ഉടന്‍ നടപ്പാക്കണമെന്നാണ് അംഗങ്ങളുടെ ആവശ്യം. എറണാകുളം മേഖല യൂണിയന്‍ ചെയര്‍മാന്‍ സി എന്‍ വത്സലന്‍ പിള്ള, ഫെഡറേഷന്‍റെ ഭരണ സമിതി അംഗങ്ങളായ ടി.എന്‍ സത്യന്‍, താര ഉണ്ണികൃഷ്ണന്‍, കെ. കെ. ജോണ്‍സന്‍ എന്നിവര്‍ ചേര്‍ന്നാണ് മില്‍മക്ക് കത്ത് നല്‍കിയത്. തീരുമാനം ഉടന്‍ നടപ്പാക്കണം എന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരം മില്‍മ ഫെഡറേഷന്‍ ഓഫീസിനു മുന്നില്‍ ചെയര്‍മാന്‍റെ നേതൃത്വത്തില്‍ കുത്തിയിരുപ്പ് സമരം നടത്തി.