വോട്ടിംഗ് കാമ്പയിന്‍; വൈറലായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ ഡാന്‍സ് വീഡിയോ
Trivandrum / April 6, 2026
തിരുവനന്തപുരം: ഏപ്രില്‍ 9 ന് നടക്കുന്ന സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ യുവാക്കളെ ബോധവല്‍കരിക്കുന്നതിനായി ഒരുക്കിയ ഡാന്‍സ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ രത്തന്‍ യു കേല്‍ക്കറിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് റാപ്പ് ഗാനത്തിനൊപ്പം ആവേശകരമായ നൃത്തച്ചുവടുമായി എത്തുന്നത്.
വീഡിയോ ഗാനം മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ നേരത്തെ കൊച്ചിയില്‍ പുറത്തിറക്കിയിരുന്നു.
തിരുവനന്തപുരം ജില്ലാ കളക്ടര്‍ അനുകുമാരി, അസിസ്റ്റന്‍റ് കളക്ടര്‍ ഡോ. ശിവശക്തിവേല്‍ എന്നിവരുള്‍പ്പെടെ നിയമസഭാ തിരഞ്ഞെടുപ്പ് നടത്തിപ്പില്‍ ഉള്‍പ്പെട്ട ഉന്നത ഉദ്യോഗസ്ഥരും കേല്‍ക്കറിനൊപ്പം പ്രചാരണ വീഡിയോയിലുണ്ട്. ഒരു മിനിറ്റും മുപ്പത്തിമൂന്ന് സെക്കന്‍ഡും ദൈര്‍ഘ്യമുള്ളതാണ് 'ഇത് നിന്‍റെ വോട്ടാണ്, നമ്മുടെ നാട്ടിന് വേണമീ വോട്ട്..' എന്നു തുടങ്ങുന്ന വീഡിയോ ഗാനം.
തിരഞ്ഞെടുപ്പ് വകുപ്പ് അണ്ടര്‍ സെക്രട്ടറി സരിന്‍ എസ്എസ്, ബിഎല്‍ഒ സത്യഭാമ, അനഘ സജികുമാര്‍, മാനസ ആര്‍ബി, ദേവിക അനില്‍, ദീപ എല്‍, അനീഷ് എംഎസ്, അഭിജിത്ത്, അശ്വിന്‍ എന്നിവരും നൃത്തസംഘത്തില്‍ ഉള്‍പ്പെടുന്നു.
വീഡിയോ ലിങ്ക്: https://www.facebook.com/share/v/1BcXoe6Ky1/
വോട്ടര്‍മാരുടെ പങ്കാളിത്തം വര്‍ദ്ധിപ്പിക്കുന്നതിന്‍റെ ഭാഗമായി ഇന്ത്യന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ കേരളത്തിലുടനീളം നിരവധി പ്രചാരണ പരിപാടികള്‍ നടത്തിവരുന്നുണ്ട്.