സൈബര്‍ സുരക്ഷാ സേവനങ്ങള്‍ വര്‍ധിപ്പിക്കുന്നതിനായി സബ്സിഡിയറിയുമായി ടെക്നോപാര്‍ക് കമ്പനി റിഫ്ളക്ഷന്‍സ്

Trivandrum / April 13, 2026

തിരുവനന്തപുരം: ആഗോളതലത്തില്‍ ഫലപ്രദവും നൂതനവുമായ സൈബര്‍ സുരക്ഷാ പരിഹാരങ്ങള്‍ നല്‍കുന്നതിന്‍റെ ഭാഗമായി ടെക്നോപാര്‍ക്കിലെ പ്രമുഖ ഇന്നൊവേഷന്‍ ടെക്നോളജി സേവന ദാതാവായ റിഫ്ളക്ഷന്‍സ് ഇന്‍ഫോ സിസ്റ്റംസ് ഗാര്‍ഡ്ആര്‍ക്സ് എന്ന സബ്സിഡിയറി ആരംഭിച്ചു.

സങ്കീര്‍ണമായ സൈബര്‍ സുരക്ഷാ വൈദഗ്ധ്യത്തെ ജനറേറ്റീവ് എഐ ഏജന്‍റിക് എഐ എന്നിവയുമായി ഗാര്‍ഡ് ആര്‍ക്സ് സംയോജിപ്പിക്കുന്നു. ഇത് കൂടുതല്‍ മികച്ചതും വേഗതയേറിയതും സാഹചര്യങ്ങള്‍ക്കനുസരിച്ച് മാറുന്നതുമായ പ്രതിരോധ സംവിധാനങ്ങള്‍ നിര്‍മ്മിക്കാനും സൈബര്‍ സുരക്ഷാ ഭീഷണികള്‍ തടയാനും വന്‍കിട സംരംഭങ്ങളെയും മിഡ്-മാര്‍ക്കറ്റ് സ്ഥാപനങ്ങളെയും സഹായിക്കുന്നു.

സൈബര്‍ സുരക്ഷയുമായി ബന്ധപ്പെട്ട നൂതന പരിഹാരങ്ങള്‍ വികസിപ്പിക്കുന്നതിനായി ഡിജിറ്റല്‍ യൂണിവേഴ്സിറ്റി കേരളയുടെ സൈബര്‍ സെക്യൂരിറ്റി വിഭാഗവുമായി ഗാര്‍ഡ്ആര്‍ക്സ് ചേര്‍ന്ന് പ്രവര്‍ത്തിക്കും.

സൈബര്‍ സുരക്ഷ അടിസ്ഥാനപരമായ മാറ്റത്തിന് വിധേയമായിക്കൊണ്ടിരിക്കുകയാണെന്ന് റിഫ്ളക്ഷന്‍സ് ഇന്‍ഫോ സിസ്റ്റംസ് എക്സിക്യൂട്ടീവ് ചെയര്‍പേഴ്സണ്‍ ദീപ സരോജമ്മാള്‍ പറഞ്ഞു. ഇപ്പോഴത്തെ സൈബര്‍ ഭീഷണികളുടെ വേഗത, വ്യാപ്തി, സങ്കീര്‍ണത എന്നിവയ്ക്ക് മെച്ചപ്പെടുത്തലിനേക്കാള്‍ ഒരു പുതിയ എഐ-നേറ്റീവ് സമീപനമാണ് ആവശ്യം. ഗാര്‍ഡ് ആര്‍ക്സിനൊപ്പം പരിഷ്കരിച്ചതും യുക്തി അധിഷ്ഠിതവും തുടര്‍പഠന ശേഷിയുള്ളതുമായ ഒരു സൈബര്‍ സുരക്ഷാ മാതൃക ഞങ്ങള്‍ നിര്‍മ്മിക്കുകയാണ്. സൈബര്‍ സുരക്ഷയില്‍ രൂപപ്പെട്ടുകൊണ്ടിരിക്കുന്ന അപകടസാധ്യതകളെ തിരിച്ചറിഞ്ഞ് നേരിടാന്‍ ഉപഭോക്താക്കളെ പ്രാപ്തരാക്കുക എന്നതാണ് ലക്ഷ്യം. അതുവഴി അവര്‍ക്ക് ഏറ്റവും പ്രധാനപ്പെട്ട കാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും ഡിജിറ്റല്‍-ഫസ്റ്റ് ലോകത്ത് ആത്മവിശ്വാസത്തോടെ ബിസിനസ്സ് വളര്‍ത്താനും കഴിയുമെന്നും ദീപ കൂട്ടിച്ചേര്‍ത്തു.

ദ്രുതഗതിയില്‍ വളരുന്ന സാങ്കേതിക സംരംഭങ്ങളുടെ റാങ്കിംഗ് നടത്തുന്ന ഡിലോയിറ്റ് ഇന്ത്യ ഫാസ്റ്റ് 50 പട്ടികയിലുള്ള റിഫ്ളക്ഷന്‍സ് ഇന്‍ഫോ സിസ്റ്റംസ്.

ലോകത്തിലെ മുന്‍നിര ബ്രാന്‍ഡുകളുടെ ടെക്നോളജി ട്രാന്‍സ്ഫര്‍മേഷന്‍ പങ്കാളിയാകുന്ന എഐ അധിഷ്ഠിത ഡിജിറ്റല്‍ എഞ്ചിനീയറിംഗ് സ്ഥാപനമാണ്. ആര്‍ഒഐ അധിഷ്ഠിത പരിഹാരങ്ങളിലൂടെയും അത്യാധുനിക സാങ്കേതിക നവീകരണത്തിലൂടെയും പുതിയ ബിസിനസ് സാധ്യതകള്‍ തുറക്കാന്‍ ഉപഭോക്താക്കളെ സഹായിക്കുന്നു.

2008 ല്‍ സ്ഥാപിതമായ റിഫ്ളക്ഷന്‍സ് ഇപ്പോള്‍ യുഎസ്, ബഹ്റൈന്‍, ഖത്തര്‍, കെഎസ്എ, യുഎഇ, ഓസ്ട്രേലിയ, ന്യൂസിലാന്‍ഡ്, ബ്രസീല്‍ എന്നിവിടങ്ങളില്‍ 500-ലധികം വ്യവസായ വിദഗ്ധരുടെയും സാങ്കേതിക സംരംഭകരുടെയും സംഘത്തിനൊപ്പം പ്രവര്‍ത്തിക്കുന്നു.
 

Photo Gallery

+
Content