ദേശീയ പുരസ്കാരം നേടി ഇൻഫോപാര്‍ക്ക് തൃശ്ശൂർ കമ്പനിയായ‌ ഗ്രാംപ്രോ ബിസിനസ് സർവീസസ്

Thrissur / April 13, 2026

തൃശ്ശൂർ: ഇൻഫോപാര്‍ക്ക് തൃശൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രമുഖ ബിസിനസ് സൊല്യൂഷൻസ് ദാതാക്കളായ ഗ്രാംപ്രോ ബിസിനസ് സർവീസസിന് ഇ.റ്റി. ‘ബൂട്ട്‌സ്ട്രാപ്പ്ഡ് സ്റ്റാർട്ടപ്പ് ഓഫ് ദി ഇയർ 2026’ പുരസ്കാരം ലഭിച്ചു. മുംബൈയിൽ നടന്ന ഇ.റ്റി. ഓൺട്രപ്രണർ അവാർഡ്‌സിന്റെ മൂന്നാം പതിപ്പിലാണ് ഗ്രാംപോ പുരസ്ക്കാരം കരസ്ഥമാക്കിയത്.

ഗ്രാംപോയുടെ വളർച്ചയിലെ പ്രധാന നാഴികക്കല്ലാണ് ഈ പുരസ്ക്കാരമെന്ന് സിഇഒ നിഖിൽ മാത്യു ജോസഫ് പറഞ്ഞു. രാജ്യത്തുടനീളമുള്ള  ബിസിനസുകൾക്ക് വിപുലീകരണ സാധ്യതകൾ തയ്യാറാക്കുന്ന എഐ-അധിഷ്ഠിത കമ്പനിയായി ഗ്രാംപ്രോ മാറിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഹർഷ് സി മരിവാല (ചെയർമാൻ, മാരിക്കോ ലിമിറ്റഡ്), ആനന്ദ് റാഠി (ചെയർമാൻ, ആനന്ദ് റാഠി ഗ്രൂപ്പ്), സഞ്ജീവ് ബിഖ്ചന്ദാനി (സ്ഥാപകൻ, ഇൻഫോ എഡ്ജ് ഇന്ത്യ ലിമിറ്റഡ്) തുടങ്ങിയ ഇന്ത്യൻ വ്യവസായ രംഗത്തെ പ്രമുഖർ അടങ്ങുന്ന ജൂറിയാണ് പുരസ്കാര നിര്‍ണയം നടത്തിയത്. നൂതനത്വം, വൈവിധ്യം, വളർച്ചാ സാധ്യതകൾ എന്നിവയുൾപ്പെടെ അഞ്ച് പ്രധാന മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കിയാണ് വിജയികളെ നിശ്ചയിച്ചത്. ബഹുരാഷ്ട്രകമ്പനിയായ ഇവൈ യാണ് ഓരോ അപേക്ഷകരുടെയും യോഗ്യത വിലയിരുത്തിയത്.

രാജ്യത്തെ സാമ്പത്തികരംഗത്തിന് പുത്തൻ ദിശാബോധം നൽകുന്ന ദീർഘവീക്ഷണമുള്ള സംരംഭകരെയും വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവരുന്ന ബ്രാൻഡുകളെയുമാണ് ഈ പുരസ്ക്കാരത്തിനായി പരിഗണിച്ചത്. പുറത്തുനിന്നുള്ള സാമ്പത്തിക നിക്ഷേപം സ്വീകരിക്കാതെ മികച്ച വളർച്ചയും നൂതനത്വവും കൈവരിച്ച ബ്രാൻഡുകളെയാണ് ‘ബൂട്ട്‌സ്ട്രാപ്പ്ഡ് സ്റ്റാർട്ടപ്പ്’ വിഭാഗത്തിൽ പരിഗണിക്കുന്നത്. കമ്പനികള്‍ 2015 ജനുവരിക്കും 2025 ഡിസംബറിനും ഇടയിൽ സ്ഥാപിതമായിരിക്കണമെന്ന നിബന്ധനയുമുണ്ടായിരുന്നു.

കേരളത്തിലെ തൃശ്ശൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഗ്രാംപ്രോ ബിസിനസ് സർവീസസ് ഐടി, ബിസിനസ് അഡ്വൈസറി, ബിസിനസ് പ്രോസസ് മാനേജ്‌മെന്റ്, ഹ്യൂമൻ ക്യാപിറ്റൽ മാനേജ്‌മെന്റ്, മാർക്കറ്റിംഗ് ആൻഡ് ബ്രാൻഡിംഗ് എന്നീ മേഖലകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ബിസിനസ് സൊല്യൂഷൻസ് സ്ഥാപനമാണ്. 2017-ൽ പ്രവർത്തനം ആരംഭിച്ച ഗ്രാംപ്രോയ്ക്ക് നിലവിൽ 14 സംസ്ഥാനങ്ങളിൽ സാന്നിധ്യമുണ്ട്. 550-ലധികം ജീവനക്കാരുള്ള സ്ഥാപനത്തിലെ 54 ശതമാനം പേരും സ്ത്രീകളാണെന്നതും 72 ശതമാനം പേരും അവരുടെ കുടുംബത്തിലെ ആദ്യ തലമുറയിലെ ബിരുദധാരികളാണെന്നതും ശ്രദ്ധേയമായ കാര്യമാണ്.

 

Photo Gallery

+
Content