മാലിന്യവസ്തുക്കളില്‍ നിന്ന് ചിന്തോദ്ദീപകമായ കലാപ്രതിഷ്ഠയുമായി നിരോജ് സത്പതി കൊച്ചി ബിനാലെയില്‍

Kochi / March 26, 2026

കൊച്ചി: ഡൽഹിയിലെ മുൻസിപ്പൽ മാലിന്യസംസ്ക്കരണ വിഭാഗത്തിൽ അഞ്ച് വർഷത്തോളം നൈറ്റ് സൂപ്പർവൈസറായി ജോലി ചെയ്തയാളാണ് നിരോജ് സത്പതിയെന്ന ചെറുപ്പക്കാരന്‍. നഗരം ഉറങ്ങുമ്പോൾ ഉണരുന്ന മാലിന്യമലകളുടെ നിഗൂഢതയും അവിടുത്തെ ജീവിതവുമാണ് ആ നിരോജ് കൊച്ചി-മുസിരിസ് ബിനാലെയുടെ ആറാം പതിപ്പിൽ തന്റെ കലാപ്രതിഷ്ഠയായി അവതരിപ്പിച്ചരിക്കുന്നത്.

മട്ടാഞ്ചേരിയിലെ എസ്.എം.എസ്. ഹാളിൽ ഒരുക്കിയിരിക്കുന്ന നിരോജ് സത്പതിയുടെ 'ധലാൻ' എന്ന കലാപ്രതിഷ്ഠ ശ്രദ്ധേയമായ അനുഭവമാണ് സമ്മാനിക്കുന്നത്. ഡൽഹിയിലെ മാലിന്യ മൈതാനങ്ങളില്‍ നിന്നുള്ള വസ്തുക്കള്‍ കൊണ്ടാണ് കലാപ്രതിഷ്ഠ തയ്യാറാക്കിയിരിക്കുന്നത്. ഉപയോഗത്തിന് ശേഷം ഉപേക്ഷിക്കപ്പെട്ട വസ്തുക്കളുടെ രാഷ്ട്രീയവും സൗന്ദര്യശാസ്ത്രവുമാണ് നിരോജ് ചര്‍ച്ച ചെയ്യുന്നത്. നിഖിൽ ചോപ്രയും എച്ച്.എച്ച്. ആർട്ട് സ്പേസസും ക്യൂറേറ്റ് ചെയ്ത ബിനാലെ ആറാം ലക്കത്തിന്റെ ഫോര്‍ ദി ടൈം ബീയിംഗ് എന്ന പ്രമേയത്തിനോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്ന ഈ സൃഷ്ടി നഗരത്തിന്റെ അദൃശ്യമായ അടയാളങ്ങളെയാണ് പുറത്തെടുക്കുന്നത്.

മാലിന്യങ്ങൾ കൊണ്ടല്ല, മറിച്ച് മാലിന്യങ്ങൾക്കിടയിലാണ് പ്രവർത്തിക്കുന്നതെന്ന് നിരോജ് പറഞ്ഞു. ഉപയോഗിച്ച വസ്തുക്കൾ തിരഞ്ഞെടുക്കുന്നതല്ല, ഉപേക്ഷിക്കപ്പെട്ടവ എത്തിച്ചേരുന്നതാണ്. വസ്തുക്കളേക്കാൾ ഉപരി അവയുടെ ഉപേക്ഷിക്കപ്പെട്ട അവസ്ഥയും, മൂല്യത്തിനും അവഗണനയ്ക്കുമിടയിലൂടെയുള്ള അവയുടെ പ്രയാണവുമാണ് തന്നെ ആകർഷിക്കുന്നത്. രൂപമാറ്റം സംഭവിക്കുന്ന വസ്തുക്കളില്‍ പഴയ സ്വത്വത്തിന്റെ അവശേഷിപ്പിനോടുള്ള കാതോര്‍ക്കലാണ് തന്റെ സൃഷ്ടിയെന്ന് അദ്ദേഹം പറഞ്ഞു.

രാത്രിയുടെ നിശബ്ദതയിൽ, മാലിന്യങ്ങളുടെ ചലനങ്ങൾക്കിടയിൽ നഗരം അതിന്റെ മറ്റൊരു മുഖം വെളിപ്പെടുത്തുന്നു. അനൗദ്യോഗികവും രേഖപ്പെടുത്തപ്പെടുത്താത്തതുമായ ഒരു മുഖം. ആഴത്തിലുള്ള ചിന്തകളുടെ ആധാരാമായാണ് വസ്തുക്കള്‍ ശേഖരിക്കുക എന്നതിലേക്ക് മാറിയത്. ശേഖരിച്ചത് വെറും വസ്തുക്കളെയല്ല, മറിച്ച് അധ്വാനത്തിന്റെയും ഓർമ്മകളുടെയും തിരോധാനങ്ങളുടെയും അടയാളങ്ങളെയായിരുന്നു. ഈ അടയാളങ്ങൾക്കൊപ്പം നിലകൊണ്ടപ്പോഴാണ് തന്റെ കലാപ്രവർത്തനം രൂപപ്പെട്ടതെന്നും നിരോജ് ചൂണ്ടിക്കാട്ടി.

മാലിന്യങ്ങൾ നീണ്ടുനിൽക്കുന്ന ഒരു വർത്തമാനകാലത്താണ് നാം നിലനിൽക്കുന്നത്. ഈ കലാപ്രതിഷ്ഠ വസ്തുക്കളെ അത്തരമൊരു അനിശ്ചിതാവസ്ഥയിൽ പിടിച്ചുനിർത്തുന്നു—അവയ്ക്ക് ഭൂതകാലമോ ഭാവികാലമോ ഇല്ല, വെറും അവശേഷിക്കലുകൾ മാത്രമാണെന്ന് നിരോജ് പറഞ്ഞു.

നഗരത്തിന്റെ തിരക്കുകളിൽ നിന്ന് പുറന്തള്ളപ്പെട്ട വസ്തുക്കൾക്ക് പുതിയൊരു അർത്ഥം നൽകുന്ന ഈ പ്രദർശനം ബിനാലെ സന്ദർശകർക്ക് വ്യത്യസ്തമായൊരു കാഴ്ചപ്പാടാണ് പകരുന്നത്. സമകാലിക ജീവിതത്തിന്റെ അനിശ്ചിതത്വങ്ങളെയും നൈമിഷികതയെയും കുറിച്ചുള്ള ഗൗരവകരമായ അന്വേഷണമാണ് 'ധലാൻ' മുന്നോട്ടുവെക്കുന്നത്. ഒരു ചരിത്രരേഖയെന്ന പോലെ മാലിന്യങ്ങളുടെ ചരിത്രത്തെയും മനുഷ്യജീവിതത്തെയും കൂട്ടിയിണക്കുന്ന കലാപ്രതിഷ്ഠ ബിനാലെയിലെ ഏറ്റവും ചർച്ച ചെയ്യപ്പെടുന്ന സൃഷ്ടികളിലൊന്നായി മാറിക്കഴിഞ്ഞു.

കൊച്ചി-മുസിരിസ് ബിനാലെ ആറാം ലക്കം മാര്‍ച്ച് 31 ന് സമാപിക്കും.

 

 

Photo Gallery

+
Content
+
Content
+
Content
+
Content