കൊച്ചി-മുസിരിസ് ബിനാലെ സമാപനം: സൗജന്യ പ്രവേശനവും പര്‍വാസിന്റെ സംഗീത വിരുന്നും

Kochi / March 29, 2026

 

കൊച്ചി: രാജ്യാന്തര പ്രശസ്തിയാര്‍ജിച്ച കൊച്ചി ബിനാലെയുടെ ആറാം പതിപ്പിന്റെ സമാപന ദിവസമായ ചൊവ്വാഴ്ച പൊതുജനങ്ങള്‍ക്ക് സൗജന്യ പ്രവേശനം ഉണ്ടായിരിക്കുമെന്ന് കൊച്ചി ബിനാലെ ഫൗണ്ടേഷന്‍ (കെബിഎഫ്) അറിയിച്ചു.

ഫോര്‍ട്ട് കൊച്ചിയിലെ ആസ്പിന്‍വാള്‍ ഹൗസില്‍ ഉച്ചയ്ക്ക് 12 മണിക്ക് നടക്കുന്ന കൊടിയിറക്ക് ചടങ്ങ് പൊതുജനങ്ങള്‍ക്ക് നേരിട്ട് കാണുന്നതിനാണ് ഈ സൗകര്യം ഒരുക്കിയിരിക്കുന്നത്. ഇതോടെ ബിനാലെയ്ക്ക് ഔദ്യോഗിക സമാപനമാകും.

ലോകമെമ്പാടുമുള്ള കലാപ്രേമികളെയും നിരൂപകരെയും സന്ദര്‍ശകരെയും ആകര്‍ഷിച്ചാണ് ബിനാലെ ആറാം പതിപ്പ് അവസാനിക്കുന്നത്. മുന്‍നിര സമകാലിക കലാകാരന്‍മാരുടെ സൃഷ്ടികള്‍ക്കൊപ്പം പുതിയ കലാകാരന്‍മാരുടെ അവതരണകളും ശ്രദ്ധേയമായി. 6.6 ലക്ഷം പേര്‍ ബിനാലെ സന്ദര്‍ശിച്ചു.

2026 മാര്‍ച്ച് 31 ന് വൈകിട്ട് 5 മണിക്ക് ബിനാലെയുടെ എല്ലാ വേദികളിലും പ്രവേശനം അവസാനിക്കും.

സമാപനദിനം വൈകുന്നേരം 7 മണിക്ക് ദര്‍ബാര്‍ ഹാള്‍ ഗ്രൗണ്ടില്‍ നടക്കുന്ന പരിപാടിയില്‍ ഈ പതിപ്പിന്റെ യാത്രയും സ്വാധീനവും വ്യക്തമാക്കുന്ന പ്രഭാഷണങ്ങളും അനുമോദനവും സംഘടിപ്പിച്ചിട്ടുണ്ട്.

കെബിഎഫ് ചെയര്‍പേഴ്‌സണ്‍ ഡോ. വേണു വി, ക്യൂറേറ്റര്‍ നിഖില്‍ ചോപ്ര, കെബിഎഫ് സിഇഒ തോമസ് വര്‍ഗീസ് എന്നിവര്‍ പ്രസംഗിക്കും.

സമാപന ചടങ്ങുകള്‍ക്ക് ശേഷം വൈകുന്നേരം 7.30 ന് ദര്‍ബാര്‍ ഹാള്‍ ഗ്രൗണ്ടില്‍ പര്‍വാസിന്റെ ലൈവ് സംഗീത പരിപാടി ഉണ്ടായിരിക്കും. പൊതുജനങ്ങള്‍ക്ക് പ്രവേശനം സൗജന്യമാണ്.

Photo Gallery

+
Content