വനിതാ ദിനത്തോടനുബന്ധിച്ച് ഇൻഫോപാർക്കിൽ 'വിമൻസ് ഡേ സമ്മിറ്റ്

Kochi / March 30, 2026

കൊച്ചി: അന്താരാഷ്ട്ര വനിതാ ദിനത്തിന്റെ ഭാഗമായി കൊച്ചിയിലെ മാറുന്ന ഐടി ആവാസവ്യവസ്ഥയില്‍ വനിതാ സംരംഭകത്വത്തിന്റെ പങ്ക് എന്ന പ്രമേയത്തില്‍ ഉച്ചകോടി നടന്നു. ഇൻഫോപാര്‍ക്കിലെ കമ്പനിയായ എൻഒവി, കിൻഡർ ഹോസ്പിറ്റൽസ്, സ്റ്റാര്‍ട്ടപ്പ് കൂട്ടായ്മയായ അവ ഭാരത് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലാണ് വിമന്‍സ് ഡേ സമ്മിറ്റ് നടന്നത്.

കൊച്ചിയിലെ ലുലു ട്വിന്‍ ടവറില്‍ നടന്ന പരിപാടിയില്‍ ഐടി മേഖലയില്‍ നിന്നുള്ള നിരവധി പ്രൊഫഷണലുകള്‍ പങ്കെടുത്തു. കരിയർ വളർച്ച, നേതൃപാടവം, സ്റ്റാർട്ടപ്പ് മേഖലയില്‍ വനിതാകേന്ദ്രീകൃതമായ പുതിയ അവസരങ്ങൾ തുടങ്ങിയവയെക്കുറിച്ച് വിദഗ്ധര്‍ വിവിധ സെഷനുകളില്‍ സംസാരിച്ചു.

ഐബിഎം, ടിസിഎസ്, ഇ വൈ, ലിങ്ക്ഡ് ഇൻ തുടങ്ങി ആഗോള പ്രശസ്തമായ സ്ഥാപനങ്ങളിൽ നിന്നുള്ള പ്രൊഫഷണലുകളാണ് സെഷനുകള്‍ക്ക് നേതൃത്വം നൽകിയത്. ഐബിഎം കൊച്ചി എച്ച്ആർ ലീഡർ സരിത നായർ, ടിസിഎസ് സ്ട്രാറ്റജിക് ഇനിഷ്യേറ്റീവ്സ് മേധാവി സുജാത മാധവ്, ലിങ്ക്ഡ് ഇൻ സീനിയർ ഡയറക്ടർ ഗ്രിസ്ബിൻ ജോബിൻസൺ എന്നിവർക്കൊപ്പം കേരള സ്റ്റാർട്ടപ്പ് മിഷൻ മുൻ പ്രോജക്ട് ഡയറക്ടർ കാർത്തിക് പരശുറാം, ലക്ഷ്മി നായർ, സരിന അസീസ്, ജിലു ജോസഫ് തുടങ്ങിയ പ്രമുഖര്‍ അനുഭവങ്ങൾ പങ്കുവെച്ചു. നിർമ്മിത ബുദ്ധിയിലെ (എഐ) വിപ്ലവകരമായ മാറ്റങ്ങൾ തൊഴിലിടങ്ങളിൽ എങ്ങനെ പ്രതിഫലിക്കുന്നു എന്നതിനെക്കുറിച്ചും എച്ച്ആർ മേഖലയിലെ പുതിയ പ്രവണതകളെക്കുറിച്ചും നടന്ന സംവാദങ്ങൾ വിജ്ഞാനപ്രദമായി.

വനിതാ സംരംഭകര്‍ക്കും പ്രൊഫഷണലുകള്‍ക്കും പുത്തൻ ആശയങ്ങൾ പരീക്ഷിക്കാനും വിദഗ്ധരുമായി ആശയവിനിമയം നടത്താനും ഉച്ചകോടി വഴിയൊരുക്കി. ഐടി മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് പുറമെ സംരംഭകത്വം ലക്ഷ്യമിടുന്നവര്‍ക്കും കരിയർ മെച്ചപ്പെടുത്താൻ ആഗ്രഹിക്കുന്നവർക്കുമുള്ള മാർഗ്ഗനിർദ്ദേശങ്ങൾ നൽകാന്‍ ഉച്ചകോടിയിലൂടെ സാധിച്ചു.

 

 

Photo Gallery

+
Content