സഹകരണത്തിലൂടെയും ജന പങ്കാളിത്തത്തിലൂടെയും സമകാലിക കലയെ പുനര്‍നിര്‍വചിച്ച് കൊച്ചി ബിനാലെയ്ക്ക് നാളെ (2026 മാര്‍ച്ച് 31) സമാപനം

Kochi / March 30, 2026

കൊച്ചി: സഹകരണത്തിലൂടെയും ജനപങ്കാളിത്തത്തിലൂടെയും ഇന്ത്യയിലെ സമകാലിക കലയെ പുനര്‍നിര്‍വചിച്ചുകൊണ്ട് 110 ദിവസം നീണ്ടുനിന്ന കൊച്ചി-മുസിരിസ് ബിനാലെയുടെ ആറാം പതിപ്പിന് നാളെ (2026 മാര്‍ച്ച് 31 ന്) സമാപനമാകും.

ഫോര്‍ ദി ടൈം ബീയിംഗ് എന്ന പ്രമേയത്തില്‍ മള്‍ട്ടി ഡിസിപ്ലിനറി ആര്‍ട്ടിസ്റ്റ് നിഖില്‍ ചോപ്രയും എച്ച്എച്ച് ആര്‍ട്ട് സ്‌പേസസും ചേര്‍ന്ന് ക്യൂറേറ്റ് ചെയ്ത ബിനാലെ 2025 ഡിസംബര്‍ 12 നാണ് ആരംഭിച്ചത്. ആസ്പിന്‍വാള്‍ ഹൗസ് കേന്ദ്രമായ ബിനാലെ ഫോര്‍ട്ട് കൊച്ചി, മട്ടാഞ്ചേരി, വില്ലിംഗ്ടണ്‍ ഐലന്‍ഡ്, എറണാകുളം എന്നിവിടങ്ങളിലെ 29 വേദികളിലായിട്ടാണ് നടന്നത്.

25 ലധികം രാജ്യങ്ങളില്‍ നിന്നുള്ള 66 ആര്‍ട്ടിസ്റ്റുകളുടെ കലാസൃഷ്ടികള്‍ ബിനാലെയുടെ ഭാഗമായി. കലയിലൂടെയുള്ള സൗഹൃദങ്ങളുടെയും സംഭാഷണങ്ങളുടെയും പ്രോത്സാഹനം, പങ്കാളിത്ത രീതികള്‍, വികസിച്ചുകൊണ്ടിരിക്കുന്ന കലാ രീതികള്‍, പരീക്ഷണങ്ങള്‍ എന്നിവയില്‍ ബിനാലെ ഊന്നല്‍ നല്‍കി.

ബാസ്റ്റ്യന്‍ ബംഗ്ലാവിലെ പവലിയന്‍ ഉള്‍പ്പെടെയുള്ള വേദികളിലായി നടന്ന സാംസ്‌കാരിക പരിപാടികള്‍, കലാ പ്രകടനങ്ങള്‍, അവതരണങ്ങള്‍, ശില്‍പ്പശാലകള്‍ എന്നിവ ബിനാലെയുടെ പ്രധാന ആകര്‍ഷണമായിരുന്നു. ഇവയ്ക്കു പുറമേ സ്റ്റുഡന്റ്സ് ബിനാലെ, ഇന്‍വിറ്റേഷന്‍സ്, കൊളാറ്ററലുകള്‍, സ്പെഷ്യല്‍ പ്രോജക്ടുകള്‍ തുടങ്ങിയ സമാന്തര സംരംഭങ്ങളും നടന്നു.

ബിനാലെയിലെ എബിസി ആര്‍ട്ട് റൂം സംരംഭത്തില്‍ വിവിധ പ്രായത്തിലുള്ളവരുടെ വിപുലമായ പങ്കാളിത്തമാണ് ഉണ്ടായത്. രണ്ട് ആര്‍ട്ട് റൂമുകളിലായി നടന്ന 149 വര്‍ക്ക്ഷോപ്പുകളില്‍ 18 ഔട്ട്റീച്ച് വര്‍ക്ക്ഷോപ്പുകൾ നടത്തി.

ബിനാലെയുടെ 20-ലധികം വേദികളില്‍ ആറെണ്ണത്തില്‍ മാത്രമാണ് ടിക്കറ്റ് എടുക്കേണ്ടത്. ഇത് 'പീപ്പിള്‍സ് ബിനാലെ' എന്നും 'ആര്‍ട്ടിസ്റ്റ്‌സ് ബിനാലെ' എന്നീ വിശേഷണങ്ങള്‍ ഈ പരിപാടിക്ക് നേടിക്കൊടുത്തു. അന്താരാഷ്ട്ര കലാമേളകളെ അപേക്ഷിച്ച് വളരെ കുറഞ്ഞ ബജറ്റില്‍ പ്രവര്‍ത്തിക്കുന്ന കൊച്ചി-മുസിരിസ് ബിനാലെ ഇന്ത്യയിലെ ഏറ്റവും വലിയ സമകാലിക കലാമേളയായി വളര്‍ന്നുകഴിഞ്ഞു. ഈ പതിപ്പില്‍ ഏകദേശം 6.6 ലക്ഷം പേരാണ് ബിനാലെയില്‍ എത്തിയത്.

അവസാന ആഴ്ചയില്‍ ആസ്പിന്‍വാള്‍ ഹൗസില്‍ നടന്ന 'സേ യെസ് ടു ലവ്' ഒത്തുചേരല്‍, ബാസ്റ്റണ്‍ ബംഗ്ലാവ് പവലിയനിലെ അഞ്ജ ഇബ്ഷിന്റെ 'സ്റ്റില്‍' എന്ന അവതരണം, പരിമള്‍ ഷൈസ്, ഇംബാച്ചി കണ്‍സേര്‍ട്ടുകള്‍ എന്നിവയുള്‍പ്പെടെ നിരവധി പരിപാടികള്‍ അരങ്ങേറി. മാര്‍ച്ച് 31 ന് നടക്കുന്ന ഔദ്യോഗിക സമാപന പരിപാടി കലാകാരന്മാരെയും ക്യൂറേറ്റര്‍മാരെയും പ്രേക്ഷകരെയും ഒരുമിച്ച് കൊണ്ടുവരും,

സാംസ്‌കാരിക സംവാദം രൂപപ്പെടുത്തുന്നതിലുള്ള ബിനാലെയുടെ പങ്ക് ഈ പതിപ്പ് ഊട്ടിയുറപ്പിച്ചുവെന്ന് കൊച്ചി ബിനാലെ ഫൗണ്ടേഷന്‍ ചെയര്‍പേഴ്സണ്‍ ഡോ. വേണു വി പറഞ്ഞു. സഹകരണത്തിലൂടെയും സമൂഹ പങ്കാളിത്തത്തിലൂടെയും സമകാലിക കലയ്ക്ക് അഭിവൃദ്ധി പ്രാപിക്കാന്‍ കഴിയുമെന്ന് ഈ പതിപ്പ് തെളിയിച്ചു. കഴിഞ്ഞ 110 ദിവസങ്ങളിലായി ഉയര്‍ന്നുവന്ന സംഭാഷണങ്ങളും സൃഷ്ടിപരമായ പ്രക്രിയകളും സൗഹൃദവും സമാപനത്തിന് ശേഷവും തുടരും. ജനകേന്ദ്രീകൃത മാതൃകയ്ക്ക് ആഗോളതലത്തില്‍ പ്രാധാന്യമുള്ള സാംസ്‌കാരിക വേദി സൃഷ്ടിക്കാന്‍ കഴിയുമെന്ന് കൊച്ചി വീണ്ടും തെളിയിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

നാലു മാസത്തോളം നീണ്ടുനിന്ന കലാസൃഷ്ടികളുടെ പ്രദര്‍ശനത്തിലൂടെ കലാകാരന്മാര്‍ക്കും പ്രേക്ഷകര്‍ക്കും ഇടയില്‍ അര്‍ത്ഥവത്തായ കൈമാറ്റങ്ങള്‍ വളര്‍ത്തിയെടുക്കാനായി. സാമൂഹിക പങ്കാളിത്തത്തോടെയുള്ള ബിനാലെയുടെ കലാ അന്തരീക്ഷം നഗരത്തെ പരസ്പരബന്ധിതമായ ഒരു സാംസ്‌കാരിക ഭൂപ്രകൃതിയാക്കി മാറ്റി. പ്രാപ്യത, സഹകരണം, പരീക്ഷണം എന്നീ ആശയങ്ങളിലൂന്നി പരമ്പരാഗത പ്രദര്‍ശനത്തിനപ്പുറം ചലനാത്മക സാംസ്‌കാരിക ആവാസവ്യവസ്ഥ എന്ന നിലയില്‍ ബിനാലെയുടെ സ്ഥാനം 'ഫോര്‍ ദി ടൈം ബീയിംഗ്' ശക്തിപ്പെടുത്തി.

വൈകുന്നേരം 7 മണിക്ക് ദർബാർ ഹാൾ ഗ്രൗണ്ടിൽ നടക്കുന്ന സമാപന ദിന ചടങ്ങിൽ കെബിഎഫ് ചെയർപേഴ്‌സൺ ഡോ. വേണു വി; ആറാം പതിപ്പിന്റെ ക്യൂറേറ്റർ നിഖിൽ ചോപ്ര; കെബിഎഫ് സിഇഒ തോമസ് വർഗീസ് എന്നിവർ പങ്കെടുക്കും. സമാപന ചടങ്ങിന് ശേഷം വൈകുന്നേരം 7:30 ന് പർവാസിന്റെ തത്സമയ സംഗീത കച്ചേരി ഉണ്ടായിരിക്കും. പൊതുജനങ്ങൾക്ക് പ്രവേശനം സൗജന്യമാണ്.

 

 

Photo Gallery