മെഷീനുകൾ, ക്രാങ്ക്ഷാഫ്റ്റുകൾ, - കലാസൃഷ്ടിയിലേക്കുള്ള സബിതയുടെ പരീക്ഷണങ്ങൾ
Kochi / March 23, 2026
കൊച്ചി: സാമൂഹികവും സാംസ്കാരികവും രാഷ്ട്രീയവുമായ വ്യവസ്ഥിതികൾക്കുള്ളിലെ മനുഷ്യജീവിതത്തെയും വ്യക്തിസ്വാതന്ത്ര്യത്തെയും കുറിച്ചുള്ള ഗൗരവകരമായ സംവാദങ്ങൾ ഉയർത്തുകയാണ് കൊച്ചി-മുസിരിസ് ബിനാലെയിലെ ആർട്ടിസ്റ്റ് സബിത കടന്നപ്പള്ളി. വില്ലിംഗ്ടൺ ഐലൻഡിലെ ഐലൻഡ് വെയർഹൗസിൽ പ്രദർശിപ്പിച്ചിരിക്കുന്ന 'സ്ക്വയർ ദ സർക്കിൾ (2025); ജേർണി ഓഫ് ലൈഫ്', 'വെയർ/ഹൗ ദ ബഡ്‌സ് സ്റ്റാർട്ട്' എന്നീ ഇൻസ്റ്റലേഷനുകളിലൂടെയാണ് സബിത തന്റെ കലാപരമായ കാഴ്ചപ്പാടുകൾ പങ്കുവെക്കുന്നത്.
പഴയകാല മെഷീനുകളുടെ ക്രാങ്ക്ഷാഫ്റ്റുകൾ ഘടിപ്പിച്ച പത്ത് ശില്പങ്ങളാണ് ഈ ഇൻസ്റ്റലേഷന്റെ ഭാഗമായുള്ളത്. അർദ്ധവൃത്താകൃതിയിലുള്ള ഡിഷ് ആന്റിനകളെ അനുസ്മരിപ്പിക്കുന്ന ലോഹഭാഗങ്ങളിൽ ഘടിപ്പിച്ചിരിക്കുന്ന വെള്ള കോട്ടൺ തുണികൾ മോട്ടോർ ഉപയോഗിച്ച് പ്രവർത്തിക്കുന്ന ക്രാങ്കുകൾക്കൊപ്പം ചലിക്കുന്നു. ചുറ്റികയുടെയും ചക്രത്തിന്റെയും ആകൃതിയിലുള്ള ക്രാങ്കുകൾ വെളുത്ത തുണിയിൽ പാടുകൾ വീഴ്ത്തുന്നത് ഗതകാലസ്മരണകളെയും വർത്തമാനകാലത്തെയും ഒരുപോലെ പ്രതിനിധീകരിക്കുന്നു.
തുണിയിലുള്ള പരീക്ഷണങ്ങളിലൂടെയാണ് താൻ ഈ പ്രമേയത്തിലേക്ക് എത്തിയതെന്ന് സബിത കടന്നപ്പള്ളി പറയുന്നു. കൈത്തറി മേഖലയിലെ പ്രതിസന്ധികളെയും സാമൂഹിക-സാമ്പത്തിക സാഹചര്യങ്ങളെയും കുറിച്ചുള്ള പഠനമാണ് ഈ സൃഷ്ടികൾക്ക് പിന്നിലെന്നും തുണിയുടെ സുതാര്യത മനുഷ്യ മനസ്സിനെയും സമൂഹത്തെയും പ്രതിനിധീകരിക്കുന്നുവെന്നും അവർ കൂട്ടിച്ചേർത്തു.
ബാല്യകാലം മുതൽ കണ്ടുശീലിച്ച അസമത്വങ്ങളും വിവേചനങ്ങളും അക്രമങ്ങളും തന്റെ കലാചിന്തകളെ സ്വാധീനിച്ചിട്ടുണ്ട്. സുരക്ഷയുടെ പേരിൽ പെൺകുട്ടികളുടെ സ്വാതന്ത്ര്യത്തിന് മേൽ ഏർപ്പെടുത്തുന്ന നിയന്ത്രണങ്ങളും സാമൂഹിക വ്യവസ്ഥിതികളും വ്യക്തിജീവിതത്തിൽ ഉണ്ടാക്കുന്ന സംഘർഷങ്ങളാണ് 'ജേർണി ഓഫ് ലൈഫ്' എന്ന കൃതിയിലൂടെ ആവിഷ്കരിക്കുന്നത്.
ചലിക്കുന്ന യന്ത്രഭാഗങ്ങൾ ഉയർത്തുന്ന ശബ്ദം കാഴ്ചക്കാരെ പുതിയ ചിന്തകളിലേക്കും സംവാദങ്ങളിലേക്കും നയിക്കുന്നു.
കൊച്ചി -മുസിരിസ് ബിനാലെ പ്രദർശനങ്ങൾ മാർച്ച് 31ന് അവസാനിക്കും.