കെഎസ് മണി മില്‍മ ചെയര്‍മാന്‍

തിരുവനന്തപുരം / July 28, 2021

കേരള സഹകരണ ക്ഷീര വിപണന ഫെഡറേഷന്‍ (മില്‍മ) ചെയര്‍മാനായി കെ.എസ് മണി തെരഞ്ഞെടുക്കപ്പെട്ടു. മില്‍മ ചെയര്‍മാന്‍ പി.എ ബാലന്‍ മാസ്റ്ററുടെ മരണത്തെ തുടര്‍ന്നുണ്ടായ ഒഴിവിലേക്ക് നടന്ന തെരഞ്ഞെടുപ്പിലാണ് മില്‍മ മലബാര്‍ യൂണിയന്‍ ചെയര്‍മാനായിരുന്ന കെ.എസ് മണി ഫെഡറേഷന്‍ ചെയര്‍മാനായി തെരഞ്ഞെടുക്കപ്പെട്ടത്.

മാനേജ്മെന്‍റ് മികവും കഠിനാധ്വാനവും കൈമുതലാക്കി കര്‍മ മേഖലയില്‍ വിജയം കണ്ടെത്തിയാണ് കെ.എസ് മണി മില്‍മ ചെയര്‍മാന്‍ പദവിയിലെത്തുന്നത്. കോവിഡ് പ്രതിസന്ധിയിക്കിടയില്‍ നഷ്ടം വരാതെ മില്‍മയെ നേട്ടത്തിലേക്കു നയിച്ച പ്രവര്‍ത്തനമികവിനു പിന്നില്‍ കെ.എസ് മണിയുടെ ബിസിനസ് രംഗത്തെ ദീര്‍ഘകാല പരിചയവും മാനേജ്മെന്‍റ് പാടവവുമുണ്ട്.

2020 മുതല്‍ മലബാര്‍ മേഖല ക്ഷീരോല്‍പാദക യൂണിയന്‍റെ പ്രസിഡന്‍റായ കെ.എസ് മണി, മൂന്ന് പതിറ്റാണ്ടിലെറെയായി ക്ഷീര സഹകരണ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്നു. 1989 മുതല്‍ പാലക്കാട് എണ്ണപ്പാടം ക്ഷീര സഹകരണ സംഘത്തിന്‍റെ പ്രസിഡന്‍റായിരുന്നു. 2019 ജൂണ്‍ മുതല്‍ 2020 ജനുവരി വരെ സര്‍ക്കാര്‍ നിയമിച്ച അഡ്മിനിസ്ട്രേറ്റീവ് കമ്മറ്റിയിലും കെ.എസ് മണി അംഗമായിരുന്നു. 2003 മുതല്‍ 2008 വരെയുള്ള കാലയളവില്‍ പാലക്കാട് ജില്ലയില്‍ നിന്നും മലബാര്‍ മില്‍മയുടെ ഭരണസമിതിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.

പാല്‍ സംഭരണത്തിനും വിതരണത്തിനും പുറമേ മറ്റ് മൂല്യവര്‍ധിത ഉത്പന്നങ്ങളിലൂടെ മില്‍മയുടെ സാന്നിധ്യം ഉപഭോക്താക്കളില്‍ സജീവമായി നിലനിര്‍ത്തുന്നതിനു പിന്നില്‍ കെ.എസ് മണിയുടെ പ്രവര്‍ത്തന മികവും ആശയങ്ങളുമുണ്ട്.

പ്രതിസന്ധികളെ വെല്ലുവിളിയായി ഏറ്റെടുത്ത് അതിജീവിച്ച് മുന്നേറിയ പാരമ്പര്യമാണ് പാലക്കാട്ടുകാരനായ കെ.എസ് മണിക്കുള്ളത്. 1978 ല്‍ തന്‍റെ 23-ാം വയസ്സില്‍ പാലക്കാട്ട് ആരംഭിച്ച അറ്റ്ലസ് മെഷീന്‍ ടൂള്‍സ് വിദേശ രാജ്യങ്ങളിലേക്കുവരെ യന്ത്രങ്ങള്‍ കയറ്റി അയക്കുന്ന സ്ഥാപനമായി വളര്‍ത്തിയെടുക്കാന്‍ മണിക്കായി. തുടര്‍ന്ന് മലബാര്‍ എന്‍ജിനീയറിംഗ് കമ്പനി പ്രൈവറ്റ് ലിമിറ്റഡ് സ്ഥാപിച്ചു. റബ്കോ ചെരുപ്പിന്‍റെ പാലക്കാട്ടെ മൊത്തവിതരണവും ഏറ്റെടുത്തു.

മധുര കാമരാജ് സര്‍വകലാശാലയില്‍ നിന്നും കോമേഴ്സില്‍ ബിരുദാനന്തര ബിരുദം നേടിയ മാനേജ്മെന്‍റ് വിദഗ്ധനായ മണി കേന്ദ്ര കോമേഴ്സ് മന്ത്രാലയത്തിന്‍റെ മേല്‍നോട്ടത്തിലുള്ള എന്‍ജിനീയറിംഗ് എക്സ്പോര്‍ട്ട് പ്രമോഷന്‍ കൗണ്‍സില്‍ ദക്ഷിണമേഖല ചെയര്‍മാന്‍, മാനേജ്മെന്‍റ് അസോസിയേഷന്‍ ദേശീയ കൗണ്‍സില്‍ അംഗം, കാലിക്കറ്റ് സര്‍വകലാശാല സെനറ്റ് അംഗം, പാലക്കാട് മാനേജ്മെന്‍റ് അസോസിയേഷന്‍ പ്രസിഡന്‍റ്, റോട്ടറി ക്ലബ്ബ് പ്രസിഡന്‍റ്, എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

2010, 2016 വര്‍ഷങ്ങളില്‍ ദേശീയ തലത്തില്‍ എന്‍ജിനീയറിംഗ് എക്സ്പോര്‍ട്ട് പ്രമോഷന്‍ കൗണ്‍സിലിന്‍റെ സ്റ്റാര്‍ പെര്‍ഫോര്‍മര്‍ അവാര്‍ഡ്, 2013 ല്‍ ഇഇപിസിയുടെ ദക്ഷിണ മേഖല അവാര്‍ഡ് എന്നിവ നേടി.

ജലജയാണ് ഭാര്യ. മക്കളായ അഭിലാഷും അമിത് കുമാറും മെക്കാനിക്കല്‍ എന്‍ജിനീയര്‍മാരാണ്.

Photo Gallery

+
Content