തൊഴിലാളികള്‍ നേരിടുന്ന അനീതി, കുടിയൊഴിപ്പിക്കല്‍- അമേരിക്കന്‍ യാഥാര്‍ഥ്യം സാക്ഷ്യപ്പെടുത്തി ലാ ടോയ റൂബി ഫ്രേസിയര്‍
Kochi / March 20, 2026
കൊച്ചി: കൊച്ചി-മുസിരിസ് ബിനാലെയിൽ പ്രദർശിപ്പിച്ചിരിക്കുന്ന ചിക്കാഗോ ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രശസ്ത കലാകാരി ലാ ടോയ റൂബി ഫ്രേസിയറുടെ വീഡിയോ ഇൻസ്റ്റാളേഷനുകൾ അമേരിക്കയിലെ സാധാരണ തൊഴിലാളികള്‍ നേരിടുന്ന പരിസ്ഥിതി അനീതികള്‍, കുടിയൊഴിപ്പിക്കല്‍, ചൂഷണം തുടങ്ങിയവയെ ആഴത്തിൽ അപഗ്രഥിക്കുന്നതാണ്. അമേരിക്കയിലെ ഉൽപ്പാദന ഇടനാഴികളിലും വ്യവസായങ്ങൾ നശിച്ച പ്രദേശങ്ങളിലും താമസിക്കുന്ന ജനങ്ങളുടെ അവകാശങ്ങൾക്കും പോരാട്ടങ്ങൾക്കുമാണ് ഫ്രേസിയർ തന്റെ സൃഷ്ടികളിലൂടെ നേര്‍സാക്ഷ്യം നല്‍കുന്നത്.
ഫോട്ടോഗ്രാഫുകൾ, കുറിപ്പുകൾ, പെർഫോമൻസുകൾ, കലാപ്രതിഷ്ഠ തുടങ്ങിയവയിലൂടെയാണ് തന്റെ സൃഷ്ടി ഫ്രേസിയര്‍ ഒരുക്കിയിട്ടുള്ളത്. വസ്തുതകൾ രേഖപ്പെടുത്തുന്നതിലും കഥ പറയുന്നതിലും ചിത്രങ്ങൾ നിർമ്മിക്കുന്നതിലും സമൂഹത്തിന്റെ തുല്യ പങ്കാളിത്തത്തിന് ഫ്രേസിയർ ശ്രദ്ധ വയ്ക്കുന്നു.
ഉപജീവനത്തെയും പരിസ്ഥിതിയെയും ബാധിക്കുന്ന പ്രതിസന്ധികളിൽ കഷ്ടപ്പെടുന്നവർക്കും വംശീയ അധിക്ഷേപങ്ങൾക്കും ലിംഗവിവേചനത്തിനും ഇരയായവർക്കും അവരുടെ അനുഭവങ്ങൾ ലോകത്തോട് പറയാനുള്ള വേദി ഒരുക്കുകയാണ് ഈ കലാകാരി ചെയ്യുന്നത്. വിഷലിപ്തമായ ചുറ്റുപാടുകൾ കുടുംബങ്ങളെ എങ്ങനെ ബാധിക്കുന്നു എന്നതിനെക്കുറിച്ചുള്ള സ്വന്തം അനുഭവങ്ങളിൽ നിന്ന് പാഠം ഉൾക്കൊണ്ടാണ് ഈ സൃഷ്ടി തയ്യാറാക്കിയിട്ടുള്ളത്. രാജ്യത്തുടനീളമുള്ള സമാന സാഹചര്യങ്ങൾ പരിശോധിക്കുകയും ഇത്തരം പ്രതിസന്ധികൾക്ക് നേരെ മാധ്യമങ്ങൾ പുലർത്തുന്ന മൗനത്തെ ചോദ്യം ചെയ്യുകയും ചെയ്യുന്നു.
മിഷിഗണിലെ ഫ്ലിൻ്റിൽ ഉണ്ടായ കഠിനമായ ജലപ്രതിസന്ധിയെക്കുറിച്ചുള്ള "ഫ്ലിൻ്റ് ഈസ് ഫാമിലി" (2016–22) എന്ന പ്രോജക്റ്റിലെ രണ്ട് പ്രധാന ഭാഗങ്ങളാണ് കൊച്ചി-മുസിരിസ് ബിനാലെ ആറാം പതിപ്പില്‍ ഫ്രേസിയർ പ്രദർശിപ്പിക്കുന്നത്. അമേരിക്കയിലെ മനുഷ്യനിർമ്മിതമായ ഏറ്റവും വലിയ ജലപ്രതിസന്ധികളിൽ ഒന്നിന് കാരണമായ സർക്കാർ അനാസ്ഥയുടെ ഭവിഷ്യത്തുകൾ സൃഷ്ടിയില്‍ വിശദമായി രേഖപ്പെടുത്തുന്നു. കറുത്തവർഗ്ഗക്കാരായ തൊഴിലാളികൾ ധാരാളമായി താമസിക്കുന്ന ഒരു വലിയ ഓട്ടോമൊബൈൽ കേന്ദ്രമായിരുന്ന ഫ്ലിൻ്റ് ഇന്നും കുടിവെള്ളമെന്ന അവകാശത്തിനായി പോരാടുകയാണ്.
ആനന്ദ് വെയർഹൗസിൽ പ്രദർശിപ്പിച്ചിരിക്കുന്ന ഈ വീഡിയോ കലാസൃഷ്ടി, ഗായികയും ബസ് ഡ്രൈവറും ആക്ടിവിസ്റ്റുമായ ഷിയ കോബ്ബിന്റെയും കുടുംബത്തിന്റെയും അനുഭവങ്ങളിലൂടെയാണ് അവതരിപ്പിക്കുന്നത്.
പ്രതിസന്ധികൾക്കിടയിലും ദൈനംദിന ജീവിതത്തെ ഫ്രേസിയറുടെ ഫോട്ടോഗ്രാഫുകൾ മനോഹരമായി ഒപ്പിയെടുക്കുന്നു. പ്രതിഷേധങ്ങൾ, മലിനമായ സ്കൂളുകളിലെ വാട്ടർ ഫൗണ്ടനുകൾ, കമ്മ്യൂണിറ്റി സുരക്ഷാ അറിയിപ്പുകൾ, സർക്കാർ സ്ഥാപനങ്ങളോടുള്ള വർദ്ധിച്ചുവരുന്ന അവിശ്വാസം എന്നിവയെല്ലാം അതിലുണ്ട്. അതോടൊപ്പം തന്നെ, കോബ്ബ് മകളെ ഗൃഹപാഠം ചെയ്യാൻ സഹായിക്കുന്നതും കുടുംബാംഗങ്ങളുമായി ഒത്തുചേരുന്നതും വീട്ടിൽ ജലശുദ്ധീകരണ സംവിധാനങ്ങൾ ഒരുക്കുന്നതും പോലുള്ള കാഴ്ചകളും ഇതിൽ കാണാം. സുരക്ഷിതമായ ഭവനങ്ങൾക്കും നല്ല നാളെയ്ക്കും വേണ്ടിയുള്ള അവസാനിക്കാത്ത പോരാട്ടത്തിലേക്ക് ഏകവർണ്ണ ചിത്രങ്ങളിലൂടെ ഫ്രേസിയറും കോബ്ബും ലോകശ്രദ്ധ ക്ഷണിക്കുകയാണ്.
Photo Gallery