പ്രേക്ഷകരും അഭിനേതാക്കളായി- സാമൂഹിക യാഥാർത്ഥ്യങ്ങൾ ചർച്ചയാക്കി ബിനാലെയിലെ ‘ഹാന്റ് ഓഫ് ഗോഡ്’ നാടകം
Kochi / March 20, 2026
കൊച്ചി: നാടകം നടക്കുമ്പോള്‍ ആസ്വദിക്കുന്ന പ്രേക്ഷകരെയാണ് നമ്മുക്ക് കണ്ടുശീലം. എന്നാല്‍ കാഴ്ചക്കാരെ പ്രകോപിപ്പിച്ചും അവരുമായി നേരിട്ട് സംവദിച്ചും സാമൂഹിക യാഥാർത്ഥ്യങ്ങൾ വെളിപ്പെടുത്തുന്ന ‘ഹാന്റ് ഓഫ് ഗോഡ്’ എന്ന നാടകം വേറിട്ട അനുഭവമായി. പി.ആർ. അരുൺ സംവിധാനം ചെയ്ത് കൊച്ചി ബിനാലെ ഫൗണ്ടേഷൻ അവതരിപ്പിച്ച നാടകം കൊച്ചി-മുസിരിസ് ബിനാലെ വേദിയായ ഫോർട്ട് കൊച്ചി ബാസ്റ്റ്യൻ ബംഗ്ലാവിലെ പവലിയനിലാണ് അരങ്ങേറിയത്.
ഓരോ തവണ അവതരിപ്പിക്കുമ്പോഴും പ്രേക്ഷകരുടെ പ്രതികരണങ്ങൾക്കനുസരിച്ച് നാടകത്തിന്റെ ഗതിയും അന്തരീക്ഷവും മാറിക്കൊണ്ടിരിക്കുമെന്ന് അരുൺ പറഞ്ഞു. ഇതൊരു കലാപ്രതിഷ്ഠ തന്നെയാണ്. യഥാർത്ഥത്തിൽ ഓരോ പ്രകടനത്തിന് ശേഷവും അണിയറപ്രവർത്തകരായ തങ്ങളാണ് ആ നാടകം കാണുന്നത്. ഓരോ കാണികളും വ്യത്യസ്ത രീതിയിലാണ് ഇതിനോട് പ്രതികരിക്കുന്നത്. ചില വേദികളിൽ ‘അടിമ’ മരിക്കുമ്പോൾ മറ്റ് ചിലപ്പോൾ ‘റാണി’യാണ് മരിക്കുന്നത്. അങ്ങനെ ഓരോ വേദിയും വ്യത്യസ്തമായ അനുഭവങ്ങളാണ് നൽകുന്നതെന്നും അരുണ്‍ പറഞ്ഞു.
നാടകത്തോടുള്ള കാണികളുടെ പ്രതികരണം പലപ്പോഴും വൈകാരികമായിരുന്നു. ചിലർ ചിരിയോടെയും ഗൗരവമില്ലാതെയും ഇതിനെ സമീപിച്ചപ്പോൾ, മറ്റ് ചിലർ മാനസികമായി ഏറെ അസ്വസ്ഥരാവുകയും കരയുകയും ചെയ്തു. മുന്‍കാല ദുരനുഭവങ്ങൾ ഓർമ്മിപ്പിച്ച സ്ത്രീകളെ ആശ്വസിപ്പിക്കാനായി നാടകം നിർത്തിവെക്കേണ്ട സാഹചര്യങ്ങൾ വരെ മുന്‍ വേദികളില്‍ ഉണ്ടായിട്ടുണ്ടെന്ന് സംവിധായകൻ ഓർമ്മിച്ചു.
നിലവിലുള്ള വ്യവസ്ഥിതിയോടുള്ള രോഷം പ്രകടിപ്പിച്ചവരും കുറവല്ല. നിയമപരവും സാമൂഹികവും കുടുംബപരവുമായ വ്യവസ്ഥിതികളുടെ പ്രതീകമായാണ് നാടകത്തിൽ ‘ദൈവം’ കടന്നുവരുന്നത്. ലിംഗനീതി, വിശ്വാസം, ജനാധിപത്യം, ശരീരത്തിന്റെ രാഷ്ട്രീയം തുടങ്ങിയ ഗൗരവമേറിയ വിഷയങ്ങളിൽ ചിന്തിക്കാന്‍ ഈ നാടകം പ്രേക്ഷകരെ പ്രേരിപ്പിക്കുന്നു.
കാണികൾക്ക് മാത്രമല്ല, അഭിനേതാക്കള്‍ക്കും നാടകം വലിയൊരു അനുഭവമാണ് നൽകുന്നത്. വരുംകാലങ്ങളിൽ കേരളത്തിന് പുറത്തുള്ള കാണികളിലേക്ക് കൂടി ഇത് എത്തിക്കാനും വിവിധ സ്ഥലങ്ങളിലെ കാണികള്‍ എങ്ങനെ പ്രതികരിക്കുന്നു എന്ന് മനസ്സിലാക്കാനും അണിയറക്കാര്‍ ആഗ്രഹിക്കുന്നുണ്ട്.
നാടകാവതരണത്തിലെ സംഘർഷങ്ങളിലൂടെ ആളുകളുടെ ഉള്ളിലുള്ള മുൻവിധികളാണ് പുറത്തുവരുന്നത്. നാടകം കാണുന്നവർ അറിയാതെ തന്നെ ഓരോ കഥാപാത്രങ്ങളെയും മനസുകൊണ്ട് ഉള്‍ക്കൊള്ളും. പ്രകോപിപ്പിക്കലിലൂടെയും ഇടപെടലുകളിലൂടെയും സാമൂഹിക സത്യങ്ങൾ വെളിപ്പെടുത്തുക എന്നതാണ് ഈ നാടകത്തിലൂടെ ഉദ്ദേശിക്കുന്നത്. ഓരോ വ്യക്തിയുടെയും തിരഞ്ഞെടുപ്പുകളാണ് ഈ ലോകത്തിൽ മാറ്റങ്ങൾ വരുത്തുന്നത് എന്ന സന്ദേശമാണ് നാടകം മുന്നോട്ടുവെക്കുന്നത്.