കീഴടങ്ങാത്ത മനസും ചിറകടിക്കുന്ന സ്വാതന്ത്ര്യവും- നിത്യ എ എസിന്റെ കലാസൃഷ്ടി

Kochi / March 18, 2026

കൊച്ചി: സാധാരണത്വത്തിലെ അസാധാരണത്വം ദൗർബല്യങ്ങളിലെ കരുത്ത് തുടങ്ങിയ വൈരുദ്ധ്യങ്ങളെ അടയാളപ്പെടുത്തിക്കൊണ്ടാണ് നിത്യ എ എസ് എന്ന വിദ്യാർത്ഥി 'ഇടം'  പ്രദര്‍ശനത്തില്‍ ശ്രദ്ധേയയാകുന്നത്. കൊച്ചി-മുസിരിസ് ബിനാലെയ്ക്ക് സമാന്തരമായി മട്ടാഞ്ചേരി ഗാർഡൻ കൺവെൻഷൻ സെന്ററിൽ നടക്കുന്ന ഇടം പ്രദർശനത്തിലാണ് നിത്യയുടെ കൃതികൾ സന്ദര്‍ശകരെ ആകര്‍ഷിക്കുന്നത്. കേരളത്തില്‍ നിന്നുള്ള കലാകാരന്മാര്‍ക്ക് ബിനാലെയുടെ അന്താരാഷ്ട്ര വേദി ഉപയോഗപ്പെടുത്തുന്നതിനു വേണ്ടിയാണ് ഇടം പ്രദര്‍ശനം സംഘടിപ്പിച്ചിട്ടുള്ളത്.

അക്രിലിക്, ജലച്ചായം, കരി എന്നിവ ഉപയോഗിച്ച് തയ്യാറാക്കിയ ചിത്രങ്ങൾ നിത്യയുടെ വ്യക്തിപരമായ യാത്രകളെയും ചിന്തോദ്ദീപകമായ കഥകളെയും ആവിഷ്കരിക്കുന്നു.

ബ്യൂട്ടി പാർലറിലെ ഹെയർ വാഷിംഗ് സെഷൻ ചിത്രീകരിച്ചിരിക്കുന്ന പെയിന്റിംഗാണ് ആദ്യം കാഴ്ചയിലുടക്കുന്നത്. വാഷ് ബേസിന്റെ ആകൃതി, വെള്ളം, കഴുത്തിന്റെ ആയാസം, ചുരുണ്ട മുടിത്തലയിഴകൾ എന്നിങ്ങനെ ഓരോ സൂക്ഷ്മശൈലികളും നിത്യ തന്റെ ക്യാൻവാസിൽ പകർത്തിയിട്ടുണ്ട്. ഒരു കുമിള ഇതിലൂടെ ഒഴുകി നടക്കുന്നത് നശ്വരമായ നൈമിഷികതയെ ഓർമ്മിപ്പിക്കുന്നു. മുടി എന്നത് നിത്യയുടെ സൃഷ്ടികളിലെ ഒരു പ്രധാന പ്രമേയമാണ്. കൗമാരകാലം മുതൽ മുടിയുടെ സാംസ്കാരികവും പരമ്പരാഗതവുമായ വശങ്ങളിൽ താൻ ആകൃഷ്ടയായിരുന്നുവെന്നും നിത്യ പറഞ്ഞു.

ഒരിക്കൽ മുടി മുറിച്ചപ്പോൾ വീട്ടിൽ നിന്നുണ്ടായ എതിർപ്പുകൾ നിയന്ത്രണത്തിന്റെയും കീഴടങ്ങലിന്റെയും ഓർമ്മപ്പെടുത്തലുകളായി തനിക്ക് തോന്നിയെന്നും തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിലെ പഠനകാലത്ത് അഞ്ച് പെയിന്റിംഗുകൾ തയ്യാറാക്കിയ നിത്യ ഓർക്കുന്നു.

നിലവിൽ ബറോഡ എം.എസ്. സർവകലാശാലയിൽ മാസ്റ്റർ ഓഫ് വിഷ്വൽ ആർട്സ് ചെയ്യുകയാണ് നിത്യ.

ഒരു ബാത്റൂമിലെ ഹെയർ വാഷിംഗ് രംഗമാണ് മറ്റൊരു ചിത്രത്തില്‍ ആവിഷ്കരിച്ചിരിക്കുന്നത്. ഹോസ്റ്റൽ ജീവിതത്തിനിടയിൽ പെൺകുട്ടികൾ പരസ്പരം സഹായിക്കുന്നതും സ്നേഹവും കരുതലും പങ്കുവെക്കുന്നതുമായ നിമിഷങ്ങളാണ് ഈ ചിത്രത്തിന് ആധാരമെന്ന് നിത്യ പറഞ്ഞു. "എന്റെ സുഹൃത്ത് എന്റെ തലമുടി കഴുകുന്ന ചിത്രമാണിത്. ബി.എഫ്.എ പഠനകാലത്ത് ഹോസ്റ്റലിൽ താമസിക്കുമ്പോൾ, പെൺകുട്ടികൾ യാതൊരു സങ്കോചവുമില്ലാതെ പരസ്പരം സഹായിക്കുന്നതും കണ്ടിട്ടുണ്ട്. ശരീരത്തിലെ രോമങ്ങൾ, പ്രത്യേകിച്ച് ഗുഹ്യരോമങ്ങൾ നീക്കം ചെയ്യുന്നതിനെക്കുറിച്ച് പോലും അവർ സംസാരിക്കുന്നുവെന്നും നിത്യ ചൂണ്ടിക്കാട്ടി.

ബേസിനു മുകളിലെ കണ്ണാടിയിൽ നോക്കി മേൽചുണ്ടിലെ രോമം നീക്കം ചെയ്യുന്ന ഒരു യുവതിയെയും, വാതിൽക്കൽ നിന്ന് രണ്ട് മുഖങ്ങളുള്ള മാസ്ക് പോലുള്ള രൂപത്തെ നോക്കുന്ന മറ്റൊരു പെൺകുട്ടിയും പ്രമേയങ്ങളാണ്. അതില്‍ ഒഴുകി നടക്കുന്ന രോമങ്ങള്‍ പേടി സ്വപ്നങ്ങളെ കാണിക്കുന്നു. വയലറ്റ് കർട്ടൻ, സോപ്പ് ഡിഷ്, ബക്കറ്റിൽ കുതിർത്തുവെച്ച വസ്ത്രങ്ങൾ എന്നിങ്ങനെ പരിചിതമായ കാഴ്ചകളിലൂടെ ആഴത്തിലുള്ള വൈകാരികതയാണ് നിത്യ പ്രതിഫലിപ്പിക്കുന്നത്.

ഭ്രൂണാവസ്ഥയ്ക്ക് സമാനമായ രീതിയിൽ ഇരിക്കുന്ന രൂപം, സോഫയിലെ ഇരിപ്പ്, ഒരു തുമ്പിക്കൈ എന്നിങ്ങനെ വിചിത്രവും സറിയലിസ്റ്റികുമായ അനുഭവത്തിലൂടെയാണ് കാഴ്ചക്കാരനെ കൊണ്ടു പോകുന്നത്. നമ്മൾ ശീലിച്ചുപോന്ന സാഹചര്യങ്ങളിൽ നിന്നുള്ള മോചനത്തെയും കീഴടങ്ങാത്ത മനസ്സിനെയുമാണ് ഇത് സൂചിപ്പിക്കുന്നത്. നിത്യയുടെ ചാർക്കോൾ ചിത്രങ്ങളിൽ അടുക്കളയും അവിടെയുള്ള കോഴിയും കുഞ്ഞുങ്ങളും സ്ത്രീകളുടെ ഏകാന്തതയും വെല്ലുവിളികളും എല്ലാം കടന്നുവരുന്നു.

 

 

Photo Gallery

+
Content