റിയലിസത്തിനുമപ്പുറമാണ് കൊച്ചി ബിനാലെ- സന്തോഷ് ഏച്ചിക്കാനം
Kochi / March 18, 2026
കൊച്ചി: കാഴ്ചകളിലൂടെ ജീവിതത്തെ ആഴത്തിൽ സ്പർശിക്കുന്ന അനുഭവമാണ് കൊച്ചി-മുസിരിസ് ബിനാലെയെന്ന് പ്രശസ്ത എഴുത്തുകാരനും തിരക്കഥാകൃത്തുമായ സന്തോഷ് ഏച്ചിക്കാനം അഭിപ്രായപ്പെട്ടു. ബിനാലെ പ്രദര്‍ശനങ്ങള്‍ കാണാനെത്തിയതായിരുന്നു അദ്ദേഹം.
വൈവിധ്യം നിറഞ്ഞ കലാസൃഷ്ടികളിലൂടെ ജീവിതവുമായി ആഴത്തിലുള്ള ദൃശ്യസംവാദം സാധ്യമാക്കുന്ന ഒരിടമാണ് ഇതെന്ന് അദ്ദേഹം പറഞ്ഞു. ഇത്തവണ അല്പം വൈകിയാണ് ബിനാലെ കാണാനെത്തിയതെന്ന് അദ്ദേഹം പറഞ്ഞു.
കോവിഡ് കാലത്തെ അനുഭവങ്ങളും ശ്മശാനങ്ങളുമായി ബന്ധപ്പെട്ട മനുഷ്യരുടെ ജീവിതവും എങ്ങനെ ഒരു ശക്തമായ ദൃശ്യാനുഭവമായി മാറുന്നുവെന്ന് പല്ലവി പോളിന്റെ 'അലഖ്' (2025) എന്ന ഇൻസ്റ്റലേഷനെ ചൂണ്ടിക്കാട്ടി അദ്ദേഹം പറഞ്ഞു. ചരിത്രം എന്നത് പലപ്പോഴും കടന്നുപോയ ഒന്നാണെന്നും ഓർമ്മകളിലൂടെയും വീണ്ടെടുപ്പുകളിലൂടെയുമാണ് മനുഷ്യർ അതിനോട് വീണ്ടും ബന്ധപ്പെടുന്നതെന്നും അദ്ദേഹം നിരീക്ഷിച്ചു. ഇത്തരം ഇൻസ്റ്റലേഷനുകൾ സ്മരണകളുടെ വിവിധ തലങ്ങളെ വ്യത്യസ്തമായ രീതിയിൽ അനുഭവിക്കാൻ സാധ്യമാക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തന്റെ അടുത്ത സുഹൃത്തായ ആർ.ബി. ഷജിത്തിന്റെ ബിനാലെയിൽ പ്രദർശിപ്പിച്ചിട്ടുള്ള വലിയ പെയിന്റിംഗ് റിയലിസത്തിനപ്പുറം നില്‍ക്കുന്ന അനുഭവമാണ്. ഷജിത്തിന്റെ ചിത്രങ്ങൾ മുൻപേ കണ്ടിട്ടുണ്ടെന്നും പ്രകൃതിയുടെ സൂക്ഷ്മമായ വശങ്ങളെ അദ്ദേഹം മനോഹരമായി പകര്‍ത്തിയിരിക്കുന്നുവെന്നും സന്തോഷ് ഏച്ചിക്കാനം പറഞ്ഞു.
Photo Gallery