കേരള ടൂറിസത്തിന്റെ 'ലെന്‍സ്‌കേപ്പ് കേരള' ഫോട്ടോ എക്‌സിബിഷന് ചെന്നൈയില്‍ തുടക്കമായി
രാജ്യത്തെ 10 പ്രമുഖ ട്രാവല്‍-മീഡിയ ഫോട്ടോഗ്രാഫര്‍മാരുടെ 100 ചിത്രങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് പ്രദര്‍ശനം
Chennai / March 4, 2026
ചെന്നൈ: എല്ലാ സീസണിനും അനുയോജ്യമായ കേരളത്തിന്റെ വൈവിധ്യമാര്‍ന്ന ഭൂപ്രകൃതിയെയും സംസ്‌കാരത്തെയും പ്രദര്‍ശിപ്പിച്ചുകൊണ്ട് സംസ്ഥാന ടൂറിസം വകുപ്പ് സംഘടിപ്പിക്കുന്ന അഖിലേന്ത്യ ഫോട്ടോ എക്‌സിബിഷനായ 'ലെന്‍സ്‌കേപ്പ് കേരള'യ്ക്ക് ചെന്നൈ ലളിതകലാ അക്കാദമിയില്‍ തുടക്കമായി.
പ്രശസ്ത ചലച്ചിത്ര താരം സീമയും എഴുത്തുകാരനും നിരൂപകനും ബെറ്റര്‍ ഫോട്ടോഗ്രാഫി മുന്‍ എഡിറ്റോറിയല്‍ ഉപദേഷ്ടാവുമായ സദാനന്ദ് മേനോനും ചേര്‍ന്ന് പ്രദര്‍ശനം ഉദ്ഘാടനം ചെയ്തു. ഇന്ത്യയിലെ 10 പ്രമുഖ ട്രാവല്‍-മീഡിയ ഫോട്ടോഗ്രാഫര്‍മാര്‍ കേരളത്തില്‍ നിന്ന് പകര്‍ത്തിയ 100 ചിത്രങ്ങളാണ് എക്‌സിബിഷനില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.
മാര്‍ച്ച് 7 വരെയാണ് എക്‌സിബിഷന്‍. എല്ലാ ദിവസവും രാവിലെ 11 മുതല്‍ രാത്രി 7 വരെ പൊതുജനങ്ങള്‍ക്ക് സന്ദര്‍ശിക്കാം. ഫോട്ടോഗ്രാഫിയെക്കുറിച്ചുള്ള മാസ്റ്റര്‍ക്ലാസ് മാര്‍ച്ച് 5 ന് ഉച്ചയ്ക്ക് 2 മണി മുതല്‍ വൈകുന്നേരം 5 വരെ നടക്കും.
ആര്‍ട്ട് ക്യൂറേറ്ററും കലാ നിരൂപകയുമായ ഉമാ നായരാണ് പ്രദര്‍ശനത്തിന്റെ ക്യൂറേറ്റര്‍. വന്യജീവി സംരക്ഷണ ഫേട്ടോഗ്രാഫര്‍ ബാലന്‍ മാധവനാണ് ഫോട്ടോഗ്രാഫി ഡയറക്ടര്‍.
എല്ലാ കാലാവസ്ഥയ്ക്കും അനുയോജ്യമായ ഡെസ്റ്റിനേഷന്‍ എന്ന നിലയില്‍ കേരളം സന്ദര്‍ശകര്‍ക്ക് വാഗ്ദാനം ചെയ്യുന്ന ആഴത്തിലുള്ള അനുഭവങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിനുള്ള ഒരു സര്‍ഗാത്മക മാധ്യമം എന്ന നിലയിലാണ് എക്‌സിബിഷന്‍ വിഭാവനം ചെയ്തിരിക്കുന്നതെന്ന് ടൂറിസം മന്ത്രി പി.എ മുഹമ്മദ് റിയാസ് സന്ദേശത്തില്‍ പറഞ്ഞു. കേരളീയര്‍ക്ക് ആഴത്തിലുള്ള സാംസ്‌കാരിക ബന്ധമുള്ള ചെന്നൈ നഗരത്തിലേക്ക് എക്‌സിബിഷന്‍ എത്തിക്കാനായതില്‍ സന്തോഷമുണ്ട്. നദികള്‍, കായലുകള്‍, മലയോരങ്ങള്‍, വനങ്ങള്‍ എന്നിവ ഒരുക്കുന്ന പ്രകൃതി സൗന്ദര്യത്തിന് പുറമേ കേരളത്തിന്റെ വാസ്തുവിദ്യാ അത്ഭുതങ്ങള്‍, സാംസ്‌കാരികമായ സവിശേഷതകള്‍, ആരാധനാലയങ്ങള്‍, ഉത്സവങ്ങള്‍ തുടങ്ങി വ്യത്യസ്തങ്ങളായ ആകര്‍ഷണങ്ങളെക്കുറിച്ച് സഞ്ചാരികള്‍ക്ക് ധാരണ നല്‍കുന്നതായിരിക്കും ഈ പ്രദര്‍ശനം. യഥാര്‍ഥ 'കേരള സ്‌റ്റോറി' രൂപപ്പെടുത്തുന്ന ജനങ്ങളുടെ ഐക്യവും ഒരുമയും കാഴ്ചക്കാര്‍ക്ക് പരിചയപ്പെടുത്തുന്നതിലൂടെ ഈ പ്രദര്‍ശനം ഒരു വഴികാട്ടിയായി വര്‍ത്തിക്കുമെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
എച്ച് സതീഷ്, ശിവാങ് മേത്ത, അമിത് പശ്രിച്ച, സൗരഭ് ചാറ്റര്‍ജി, സൈബാല്‍ ദാസ്, ഉമേഷ് ഗോഗ്‌ന, മനോജ് അറോറ, ഐശ്വര്യ ശ്രീധര്‍, നടാഷ കര്‍ത്താര്‍ ഹേമരാജനി, കൗന്തേയ സിന്‍ഹ എന്നിവരാണ് എക്‌സിബിഷന്റെ ഭാഗമായ ഫോട്ടോഗ്രാഫര്‍മാര്‍.
ഭൂതകാലത്തെയും വര്‍ത്തമാനകാലത്തെയും അനായാസമായി ബന്ധിപ്പിക്കുന്ന ദൃശ്യ വിവരണമായിട്ടാണ് പ്രദര്‍ശനം രൂപകല്‍പ്പന ചെയ്തിരിക്കുന്നതെന്ന് ഉമാ നായര്‍ അഭിപ്രായപ്പെട്ടു.
ചലനാത്മകത നിറഞ്ഞ എക്‌സ്‌ക്ലൂസീവ് ചിത്രങ്ങള്‍ കണക്കിലെടുക്കുമ്പോള്‍ എക്‌സിബിഷന്‍ സൃഷ്ടിപരമായ സംരംഭം എന്ന നിലയില്‍ വേറിട്ടുനില്‍ക്കുന്നുവെന്ന് ബാലന്‍ മാധവന്‍ പറഞ്ഞു.
എക്‌സിബിഷനില്‍ ഭാഗമായ ഫോട്ടോഗ്രാഫര്‍മാര്‍ കഴിഞ്ഞ ഡിസംബറില്‍ അഞ്ച് ദിവസം കേരളത്തിലെ വിവിധ പ്രദേശങ്ങള്‍ സന്ദര്‍ശിച്ചിരുന്നു. ഈ യാത്രയില്‍ പകര്‍ത്തിയ ചിത്രങ്ങളാണ് 'ലെന്‍സ്‌കേപ്പ് കേരള'യില്‍ പ്രദര്‍ശിപ്പിക്കുന്നത്. കേരളത്തിന്റെ പ്രകൃതി, വന്യജീവി, പൈതൃകം, ഗ്രാമീണ തീരദേശ ജീവിതം, വാസ്തുവിദ്യ, ഉത്സവങ്ങള്‍, ആത്മീയത തുടങ്ങിയവ ഫോട്ടോകളില്‍ ഉള്‍ക്കൊള്ളുന്നു.
രാജ്യത്തെ 10 പ്രധാന നഗരങ്ങളിലായി രണ്ടര മാസത്തോളം നീളുന്ന പ്രദര്‍ശനത്തിന് ജനുവരി 20 ന് ന്യൂഡല്‍ഹിയിലാണ് തുടക്കമായത്. വഡോദര, അഹമ്മദാബാദ്, മുംബൈ, പൂനെ, ബെംഗളൂരു എന്നീ നഗരങ്ങളിലെ പര്യടനത്തിന് ശേഷമാണ് 'ലെന്‍സ്‌കേപ്പ് കേരള' ചെന്നെയില്‍ എത്തിയത്. ചെന്നൈയ്ക്കു ശേഷം ഹൈദരാബാദ് (മാര്‍ച്ച് 12-14), സൂറത്ത് (മാര്‍ച്ച് 19-21), കൊല്‍ക്കത്ത (മാര്‍ച്ച് 27-29) എന്നിവിടങ്ങളിലാണ് എക്‌സിബിഷന്‍ നടക്കുക.