കെഎസ് യുഎം പിന്തുണയുള്ള സ്റ്റാര്‍ട്ടപ്പിന് സെര്‍ട്ട്-ഇന്‍ അംഗീകാരം: ഏറ്റവും കുറഞ്ഞ കാലയളവില്‍ കേന്ദ്ര അംഗീകാരം ലഭിക്കുന്ന സ്ഥാപനമായി ബീഗിള്‍ സെക്യൂരിറ്റി

കെഎസ് യുഎം പിന്തുണയുള്ള സ്റ്റാര്‍ട്ടപ്പിന് സെര്‍ട്ട്-ഇന്‍ അംഗീകാരം: ഏറ്റവും കുറഞ്ഞ കാലയളവില്‍ കേന്ദ്ര അംഗീകാരം ലഭിക്കുന്ന സ്ഥാപനമായി ബീഗിള്‍ സെക്യൂരിറ്റി
Trivandrum / October 2, 2022

തിരുവനന്തപുരം: കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍റെ (കെഎസ്യുഎം) പിന്തുണയോടെ ടെക്നോപാര്‍ക്ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സൈബര്‍ സെക്യൂരിറ്റി സ്റ്റാര്‍ട്ടപ്പായ ബീഗിള്‍ സെക്യൂരിറ്റിക്ക് കേന്ദ്ര ഇലക്ട്രോണിക്സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മന്ത്രാലയത്തിലെ കമ്പ്യൂട്ടര്‍ എമര്‍ജന്‍സി റെസ്പോണ്‍സ് ടീമിന്‍റെ (സെര്‍ട്ട്-ഇന്‍) അംഗീകാരം ലഭിച്ചു. സൈബര്‍ മേഖലയിലെ ഹാക്കിംഗ്, ഫിഷിംഗ് തുടങ്ങിയ സുരക്ഷാ ഭീഷണികള്‍ കൈകാര്യം ചെയ്യുന്നതിനുള്ള നോഡല്‍ ഏജന്‍സിയാണ് സെര്‍ട്ട്-ഇന്‍.

കേന്ദ്ര അംഗീകാരമായ സെര്‍ട്ട്-ഇന്‍ ലഭിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ സ്ഥാപനങ്ങളില്‍ ഒന്നാണ് ബീഗിള്‍ സെക്യൂരിറ്റി. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍, പൊതുമേഖലാ കമ്പനികള്‍, ബാങ്കിംഗ്, ബാങ്കിംഗ് ഇതര ധനകാര്യ കമ്പനികള്‍ എന്നിവയ്ക്ക് ആവശ്യമായ സേവനങ്ങള്‍ ലഭ്യമാക്കാന്‍ ആഗ്രഹിക്കുന്ന സ്ഥാപനങ്ങള്‍ക്ക് സെര്‍ട്ട്-ഇന്‍ അംഗീകൃത സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ ബീഗിള്‍ സെക്യൂരിറ്റിക്കു സാധിക്കും.

ടെക് സ്റ്റാര്‍ട്ടപ്പുകള്‍ തുടങ്ങി വന്‍കിട സംരംഭങ്ങള്‍ വരെയുള്ള 1500-ലധികം ഉപഭോക്താക്കളുടെ സൈബര്‍ സുരക്ഷ ഉറപ്പാക്കാന്‍ 2020 ല്‍ സ്ഥാപിതമായ ബീഗിള്‍ സെക്യൂരിറ്റിയ്ക്ക് കഴിഞ്ഞിട്ടുണ്ടെന്ന് ഡയറക്ടറും സഹസ്ഥാപകനുമായ റെജാഹ് റഹിം പറഞ്ഞു. സെര്‍ട്ട്-ഇന്‍ അംഗീകാരം ലഭിക്കുന്നതോടെ ഇന്ത്യന്‍ സ്ഥാപനങ്ങളുടെ സൈബര്‍ സുരക്ഷയും വിശ്വാസ്യതയും  ഉറപ്പു വരുത്താന്‍ കമ്പനിക്ക്  സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നിലവില്‍ ആരോഗ്യ പരിപാലനം, വിദ്യാഭ്യാസം, ഇ-കൊമേഴ്സ് മേഖലകള്‍ക്കായുള്ള സേവനങ്ങളും ഫിന്‍ടെക്, സോഫ്റ്റ്വെയര്‍ സേവനങ്ങളും ബീഗിള്‍ സെക്യൂരിറ്റി സ്റ്റാര്‍ട്ടപ്പ് നല്കുന്നുണ്ട്.


 

Photo Gallery

+
Content