കേരള ടൂറിസത്തിന്റെ 'ലെന്‍സ്‌കേപ് കേരള' എക്‌സിബിഷന്‍ സന്ദര്‍ശിച്ച് സുഹാസിനി

ചെന്നൈ ലളിതകലാ അക്കാദമിയിലെ പ്രദര്‍ശനം ഇന്ന് (മാര്‍ച്ച് 7) സമാപിക്കും
Chennai / March 6, 2026

ചെന്നൈ: കേരള ടൂറിസത്തിന്റെ 'ലെന്‍സ്‌കേപ്പ് കേരള' അഖിലേന്ത്യാ ഫോട്ടോ എക്‌സിബിഷന്‍ സന്ദര്‍ശിച്ച് പ്രമുഖ ചലച്ചിത്ര സംവിധായികയും നടിയുമായ സുഹാസിനി മണിരത്‌നം. കേരളത്തിന്റെ വൈവിധ്യമാര്‍ന്ന ഭൂപ്രകൃതിയെയും സംസ്‌കാരത്തെയും പ്രദര്‍ശിപ്പിച്ചുകൊണ്ട് സംസ്ഥാന ടൂറിസം വകുപ്പ് ചെന്നൈ ലളിതകലാ അക്കാദമിയിലാണ് പ്രദര്‍ശനം സംഘടിപ്പിക്കുന്നത്.

മികച്ച രീതിയില്‍ ക്യൂറേറ്റ് ചെയ്തിരിക്കുന്ന മനോഹരമായ സംരംഭമാണ് 'ലെന്‍സ്‌കേപ്പ് കേരള'യെന്ന് സുഹാസിനി പറഞ്ഞു. കേരളത്തിന്റെ പ്രകൃതിസൗന്ദര്യത്തിന്റെ പല വശങ്ങളും ഈ പ്രദര്‍ശനം ആധികാരികമായി പകര്‍ത്തിയിട്ടുണ്ട്. കേരളത്തിലെ ജനത, സംസ്‌കാരം, ഉത്സവങ്ങള്‍, കലകള്‍ എന്നിവയെല്ലാം പ്രതിഫലിപ്പിക്കുന്ന മികച്ച ചിത്രങ്ങള്‍ പ്രദര്‍ശനത്തില്‍ കാണാന്‍ സാധിച്ചു. കേരളത്തിന്റെ ഭൂമിശാസ്ത്രത്തെ ഇതുപോലെ അടയാളപ്പെടുത്തുന്ന ഒരു എക്‌സിബിഷന്‍ സംഘടിപ്പിച്ചതില്‍ കേരള ടൂറിസത്തെ അഭിനന്ദിക്കുന്നു. ഇത് എല്ലാ വര്‍ഷവും സംഘടിപ്പിക്കണമെന്നും അവര്‍ ചൂണ്ടിക്കാട്ടി.

കേരളത്തിലേക്കുള്ള ഓരോ യാത്രയും എപ്പോഴും ആസ്വദിച്ചിരുന്നുവെന്ന് പറഞ്ഞ സുഹാസിനി എക്‌സിബിഷനിലെ ഫ്രെയിമുകളിലെ സ്ഥലങ്ങള്‍ കാണുന്നത് വളരെ പരിചിതമായ അനുഭവം പോലെ സന്തോഷം നല്‍കുന്നുവെന്നും കൂട്ടിച്ചേര്‍ത്തു.

ദക്ഷിണേന്ത്യയുടെ അഭിമാനമായ നടി സുഹാസിനി ലെന്‍സ്‌കേപ് എക്‌സിബിഷന്‍ സന്ദര്‍ശിച്ചതില്‍ വലിയ സന്തോഷമുണ്ടെന്ന് ടൂറിസം മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു. മലയാള സിനിമയുമായും കേരളവുമായും ദീര്‍ഘകാല ബന്ധമുള്ള സുഹാസിനിക്ക് കേരളത്തിന്റെ ടൂറിസം സവിശേഷതകള്‍ പ്രതിഫലിപ്പിക്കുന്ന എക്‌സിബിഷന്‍ മികച്ച അനുഭവമായിരിക്കുമെന്ന് ഉറപ്പാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

എല്ലാ സീസണിനും അനുയോജ്യമായ ടൂറിസം ഡെസ്റ്റിനേഷന്‍ എന്ന നിലയില്‍ കേരളത്തെ അടയാളപ്പെടുത്തുന്ന എക്‌സിബിഷന്‍ മാര്‍ച്ച് 4 ന് ആരംഭിച്ചതു മുതല്‍ സന്ദര്‍ശകരുടെ പ്രവാഹമാണ്. ഇന്ത്യയിലെ 10 പ്രമുഖ ട്രാവല്‍-മീഡിയ ഫോട്ടോഗ്രാഫര്‍മാര്‍ കേരളത്തില്‍ നിന്ന് പകര്‍ത്തിയ 100 ചിത്രങ്ങളാണ് എക്‌സിബിഷനില്‍ പ്രദര്‍ശിപ്പിക്കുന്നത്.
ആര്‍ട്ട് ക്യൂറേറ്ററും കലാ നിരൂപകയുമായ ഉമാ നായരാണ് പ്രദര്‍ശനത്തിന്റെ ക്യൂറേറ്റര്‍. വന്യജീവി സംരക്ഷണ ഫേട്ടോഗ്രാഫര്‍ ബാലന്‍ മാധവനാണ് ഫോട്ടോഗ്രാഫി ഡയറക്ടര്‍.

എച്ച് സതീഷ്, ശിവാങ് മേത്ത, അമിത് പശ്രിച്ച, സൗരഭ് ചാറ്റര്‍ജി, സൈബാല്‍ ദാസ്, ഉമേഷ് ഗോഗ്‌ന, മനോജ് അറോറ, ഐശ്വര്യ ശ്രീധര്‍, നടാഷ കര്‍ത്താര്‍ ഹേമരാജനി, കൗന്തേയ സിന്‍ഹ എന്നിവരാണ് എക്‌സിബിഷന്റെ ഭാഗമായ ഫോട്ടോഗ്രാഫര്‍മാര്‍.

എക്‌സിബിഷനില്‍ ഭാഗമായ ഫോട്ടോഗ്രാഫര്‍മാര്‍ കഴിഞ്ഞ നവംബര്‍, ഡിസംബര്‍ മാസങ്ങളിലായി അഞ്ച് ദിവസം കേരളത്തിലെ വിവിധ പ്രദേശങ്ങള്‍ സന്ദര്‍ശിച്ചിരുന്നു. ഈ യാത്രയില്‍ പകര്‍ത്തിയ ചിത്രങ്ങളാണ് 'ലെന്‍സ്‌കേപ്പ് കേരള'യില്‍ പ്രദര്‍ശിപ്പിക്കുന്നത്. കേരളത്തിന്റെ പ്രകൃതി, വന്യജീവി, പൈതൃകം, ഗ്രാമീണ തീരദേശ ജീവിതം, വാസ്തുവിദ്യ, ഉത്സവങ്ങള്‍, ആത്മീയത തുടങ്ങിയവ ഫോട്ടോകളില്‍ ഉള്‍ക്കൊള്ളുന്നു.

രാജ്യത്തെ 10 പ്രധാന നഗരങ്ങളിലായി രണ്ടര മാസത്തോളം നീളുന്ന പ്രദര്‍ശനത്തിന് ജനുവരി 20 ന് ന്യൂഡല്‍ഹിയിലാണ് തുടക്കമായത്. വഡോദര, അഹമ്മദാബാദ്, മുംബൈ, പൂനെ, ബെംഗളൂരു എന്നീ നഗരങ്ങളിലെ പര്യടനത്തിന് ശേഷമാണ് 'ലെന്‍സ്‌കേപ്പ് കേരള' ചെന്നെയില്‍ എത്തിയത്. ചെന്നൈയിലെ പ്രദര്‍ശനം മാര്‍ച്ച് 7 ന് സമാപിക്കും. തുടര്‍ന്ന് ഹൈദരാബാദ് (മാര്‍ച്ച് 12-14), സൂറത്ത് (മാര്‍ച്ച് 19-21), കൊല്‍ക്കത്ത (മാര്‍ച്ച് 27-29) എന്നിവിടങ്ങളിലാണ് എക്‌സിബിഷന്‍ നടക്കുക

 

 

 

Photo Gallery

+
Content
+
Content
+
Content