കൊച്ചി ബിനാലെ സന്ദർശിച്ച് വൈപ്പിൻ ഗവൺമെന്റ് സ്കൂൾ വിദ്യാർത്ഥികൾ
Kochi / March 10, 2026
കൊച്ചി: എബിസി ആർട്ട് റൂം പദ്ധതിയുടെ ഭാഗമായി വൈപ്പിൻ ഗവൺമെന്റ് യുപി സ്കൂളിലെ വിദ്യാർത്ഥികളും അധ്യാപകരും കൊച്ചി-മുസിരിസ് ബിനാലെ സന്ദർശിച്ചു. ഈ അധ്യയന വർഷമാണ് വിദ്യാലയത്തിൽ ആര്‍ട്ട് റൂം പദ്ധതി നടപ്പിലാക്കിയത്.
സമകാലീനകലയെക്കുറിച്ചുള്ള കാഴ്ചപ്പാട് മാറ്റാൻ എബിസി ആർട്ട് റൂം പദ്ധതി സഹായിച്ചുവെന്ന് സ്കൂൾ ഹെഡ്മിസ്ട്രസ് സ്മിത കെ.ജി പറഞ്ഞു. ബുദ്ധി ജീവികള്‍ക്ക് മാത്രമേ ഇത്തരം സൃഷ്ടികൾ മനസ്സിലാക്കാൻ കഴിയൂ എന്നാണ് കരുതിയിരുന്നത്. കുട്ടികൾ ഓരോ വേദിയിലെയും പ്രദർശനങ്ങൾ ഒരുപോലെ ആസ്വദിക്കുന്നത് ബിനാലെയിൽ കാണാൻ സാധിച്ചുവെന്ന് അവർ പറഞ്ഞു.
ബിനാലെ സന്ദര്‍ശനം മറക്കാനാവാത്ത അനുഭവമാണെന്ന് ഏഴാം ക്ലാസ് വിദ്യാർത്ഥിനിയായ സ്നേഹ പറഞ്ഞു. വിവിധ ദേശങ്ങളിലെ ആചാരങ്ങൾ, പാരമ്പര്യങ്ങൾ, ഗാനങ്ങൾ, ഭാഷകൾ എന്നിവയെക്കുറിച്ച് അറിയാൻ ഇവിടെ സാധിച്ചുവെന്നും സ്നേഹ പറഞ്ഞു.
ആസ്പിൻവാൾ ഹൗസിലെ കൊയർ ഗോഡൗണിൽ ഒരുക്കിയ സറീന മുഹമ്മദിന്റെ 'ഒമൻസ് ഡ്രോൺ ബൈ ലൈറ്റനിംഗ്' (2025) എന്ന പ്രദർശനത്തിലെ സംഗീതോപകരണങ്ങൾ കൗതുകമുണര്‍ത്തി. ബിനാലെയിലെ എല്ലാ കാര്യങ്ങളും പൂർണ്ണമായി മനസ്സിലാക്കാൻ പറ്റിയില്ലെങ്കിലും ഒരുപാട് പുതിയ കാര്യങ്ങൾ പഠിക്കാൻ സാധിച്ചുവെന്നും സ്നേഹ കൂട്ടിച്ചേർത്തു.