വീണ്ടും സന്ദര്‍ശിക്കാന്‍ പ്രേരണ നല്‍കുന്ന കലാനുഭവമാണ് കൊച്ചി ബിനാലെയെന്ന് സി. നാഗരാജുവും ഹര്‍ഷിത അട്ടലൂരിയും
Kochi / March 12, 2026
കൊച്ചി: കൊച്ചി-മുസിരിസ് ബിനാലെ (കെഎംബി) സന്ദര്‍ശിച്ച് ഐപിഎസ് ഓഫീസര്‍മാരായ സി. നാഗരാജുവും ഹര്‍ഷിത അട്ടലൂരിയും. ജീവിതത്തെയും സര്‍ഗാത്മകതയെയും കുറിച്ചുള്ള വൈവിധ്യമാര്‍ന്ന കാഴ്ചപ്പാടുകള്‍ വാഗ്ദാനം ചെയ്യുന്ന സമ്പന്നവും ചിന്തോദ്ദീപകവുമായ അനുഭവമെന്ന് ഇരുവരും ബിനാലെ സന്ദര്‍ശനത്തെ വിലയിരുത്തി. എല്ലാവരും തീര്‍ച്ചയായും സന്ദര്‍ശിക്കേണ്ട കലാമേളയായും കെഎംബിയെ അവര്‍ ഉയര്‍ത്തിക്കാട്ടി.
മൂന്നാം തവണയാണ് ബിനാലെ സന്ദര്‍ശിക്കുന്നതെന്നും ഇപ്പോഴും അത്ഭുതകരമായ അനുഭവമായി ഇത് തുടരുകയാണെന്നും ഹര്‍ഷിത അട്ടലൂരി പറഞ്ഞു. കല എന്താണെന്ന ആശയം ഗാലറിയില്‍ പ്രവേശിക്കുന്നതിന് മുമ്പ് ചര്‍ച്ച ചെയ്തിരുന്നു. കലയെ വ്യക്തമായി നിര്‍വചിക്കാന്‍ പലപ്പോഴും ബുദ്ധിമുട്ടാണെന്ന് നിരീക്ഷിക്കുകയും കലാകാരന്‍ പറയുന്നതാണ് കല എന്ന നിഗമനത്തിലെത്തുകയാണുണ്ടായതെന്ന് അവര്‍ പറഞ്ഞു.
തുണിത്തരങ്ങള്‍, കല്ലുകള്‍, പരമ്പരാഗത നിറങ്ങള്‍, കോള്‍ഡ് സ്റ്റോറേജ് ഡിസ്പ്ലേകള്‍ തുടങ്ങിവയ കൊണ്ടുള്ള കലാസൃഷ്ടികളിലൂടെ അവതരണങ്ങള്‍ വേറിട്ട അനുഭവമായിരുന്നുവെന്നും വ്യത്യസ്ത കാഴ്ചപ്പാടുകള്‍ രൂപപ്പെടുത്താന്‍ സാധിക്കുന്നതാണിതെന്നും ഹര്‍ഷിത ചൂണ്ടിക്കാട്ടി.
ഏത് കാഴ്ചയും കലയായി കാണാന്‍ കഴിയുമെന്നും അത് കാഴ്ചക്കാരനെ ആശ്രയിച്ചിരിക്കുന്നുവെന്നും നാഗരാജു പറഞ്ഞു. ഫോര്‍ട്ട് കൊച്ചിയുടെ മനോഹരമായ പശ്ചാത്തലത്തില്‍ ബിനാലെ സന്ദര്‍ശിച്ചപ്പോള്‍ കാണുന്നവരുടെ കണ്ണുകളിലാണ് കലയെന്ന ആശയം കൂടുതല്‍ വ്യക്തമായി. ആവര്‍ത്തിച്ചുള്ള സന്ദര്‍ശനത്തിന് പ്രേരണ നല്‍കുന്നതാണ് ബിനാലെയിലെ കലാസൃഷ്ടികളും അന്തരീക്ഷവും. ബിനാലെയുടെ ഓരോ പതിപ്പിനുമായി കൊച്ചിയില്‍ വരാന്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Photo Gallery