തെരുവുനായ ശല്യത്തിനു പരിഹാരം ഉണ്ടോ? സ്റ്റാര്‍ട്ടപ്പ് മിഷന്‍ ആശയങ്ങള്‍ തേടുന്നു

തെരുവുനായ ശല്യത്തിനു പരിഹാരം ഉണ്ടോ? സ്റ്റാര്‍ട്ടപ്പ് മിഷന്‍ ആശയങ്ങള്‍ തേടുന്നു
Trivandrum / September 29, 2022

തിരുവനന്തപുരം: പൊതുജനാരോഗ്യപ്രശ്നങ്ങളിലെ പ്രധാന വെല്ലുവിളികളില്‍ ഒന്നായിട്ടുണ്ട്‌ തെരുവുനായ്ക്കളുടെ അനിയന്ത്രിതമായ പെരുപ്പം. തെരുവുനായ്ക്കളും പേവിഷബാധയും കാരണമുള്ള പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനുള്ള ആശയങ്ങള്‍ കണ്ടെത്താന്‍ കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ څഐഡിയാത്തോണ്‍' സംഘടിപ്പിക്കുന്നു. സംരംഭകര്‍ക്കും സ്റ്റാര്‍ട്ടപ്പുകള്‍ക്കുമൊപ്പം മികച്ച ആശയങ്ങള്‍ നല്കാന്‍ കഴിയുന്ന വ്യക്തികള്‍ക്കും ഇതില്‍ പങ്കെടുക്കാം.

തെരുവുനായ പ്രശ്നം പരിഹരിക്കുന്നതിന് ഫലപ്രദമായ നടപടികള്‍ കൈക്കൊള്ളുന്നതിനായി സര്‍ക്കാര്‍ ഏജന്‍സികള്‍ക്കും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കും പ്രയോജനപ്പെടുത്താന്‍ കഴിയുന്ന പ്രായോഗികവും സുസ്ഥിരവുമായ ആശയങ്ങളും പദ്ധതികളുമാണ് സ്റ്റാര്‍ട്ടപ്പ് മിഷന്‍ പ്രതീക്ഷിക്കുന്നത്. തെരുവു നായ്ക്കളുടെ വന്ധ്യകരണവും പ്രതിരോധകുത്തിവയ്പും ഉള്‍പ്പെടെയുള്ള പരിഹാര മാര്‍ഗങ്ങള്‍ നിയമപരമായ പരിമിതികള്‍ക്കുള്ളില്‍ നിന്നു കാര്യക്ഷമവും പ്രായോഗികവുമായി നടപ്പിലാക്കാന്‍ കഴിയണം. 

തെരുവുനായ്ക്കളുടെ ഫലപ്രദമായ നിയന്ത്രണവും പ്രതിരോധ കുത്തിവെയ്പും പേവിഷബാധ നിര്‍മാര്‍ജനത്തിന്‍റെ ആദ്യ പടിയാണ്. പ്രതിരോധ കുത്തിവെയ്പ്, ബോധവല്ക്കരണം, ശുചീകരണ കാമ്പെയ്നുകള്‍,  തെരുവു നായ്ക്കളെ കണ്ടെത്താനുള്ള മാര്‍ഗങ്ങള്‍, ഇതിനുവേണ്ട പരിശീലനം നല്കല്‍, തെരുവുനായ്ക്കള്‍ക്കുള്ള ഷെല്‍ട്ടറുകള്‍, നായ്ക്കളുടെ പുനരധിവാസം എവിടെ എങ്ങനെ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ചുള്ള പരിഹാര പദ്ധതികള്‍, നായ്ക്കളുടെ ദത്തെടുക്കല്‍ പ്രക്രിയ തുടങ്ങിയവയുമായി ബന്ധപ്പെട്ട നൂതന ആശയങ്ങള്‍ സംരംഭകര്‍ക്കും സ്റ്റാര്‍ട്ടപ്പുകള്‍ക്കും വ്യക്തികള്‍ക്കും നിര്‍ദേശിക്കാന്‍ കഴിയും. മികച്ച ആശയങ്ങളും പരിഹാരങ്ങളും നടപ്പിലാക്കുന്നതിന് കെഎസ്യുഎം സാമ്പത്തികവും സാങ്കേതികവുമായ സഹായം നല്‍കും.

'സാമൂഹിക പ്രസക്തമായ ആശയങ്ങളുള്ള സ്റ്റാര്‍ട്ടപ്പുകളെ പ്രോത്സാഹിപ്പിക്കുക എന്നത് കെ എസ് യു എമ്മിന്‍റെ തുടക്കം മുതലുള്ള പ്രധാന ചുമതലയാണ്. പൊതുപ്രശ്നങ്ങള്‍ക്ക് പരിഹാരമാകുന്ന സേവനങ്ങളും ഉല്‍പ്പന്നങ്ങളും വിജയകരമായി വികസിപ്പിക്കാന്‍ കെഎസ്യുഎമ്മില്‍ രജിസ്റ്റര്‍ ചെയ്ത സ്റ്റാര്‍ട്ടപ്പുകള്‍ക്ക് മുന്‍കാലങ്ങളില്‍ കഴിഞ്ഞിട്ടുണ്ടെന്ന് കെഎസ്യുഎം സിഇഒ  അനൂപ് അംബിക പറഞ്ഞു. ഇതാദ്യമായാണ് കെഎസ്യുഎം പോലുള്ള ഒരു നോഡല്‍ ഏജന്‍സി തെരുവ് നായ ശല്യത്തെ ഫലപ്രദമായി നേരിടാനായി പുതിയ  ആശയങ്ങളും  പ്രായോഗിക പരിഹാരങ്ങളും തേടുന്നതെന്നും അദ്ദേഹം പറഞ്ഞു.

രജിസ്ട്രേഷനും കൂടുതല്‍ വിവരങ്ങള്‍ക്കും  https://solutions.startupmission.in/ സന്ദര്‍ശിക്കുക

രജിസ്ട്രേഷന്‍റെ അവസാന തീയതി: ഒക്ടോബര്‍ 10.

Photo Gallery