ടെക്നോപാര്‍ക്കില്‍ വനിതാദിനാഘോഷം
രാത്രിയില്‍ ടെക്കികള്‍ക്കൊപ്പം നടന്ന് ജില്ലാ കളക്ടര്‍ അനു കുമാരി
Trivandrum / March 12, 2026
തിരുവനന്തപുരം: ടെക്നോപാര്‍ക്ക് ഐടി ജീവനക്കാരുടെ ക്ഷേമ-വിനോദ സംഘടനയായ പ്രതിധ്വനിയുടെ വനിതാ ഫോറത്തിന്‍റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച 'രാത്രി നടത്തം' പരിപാടിയില്‍ വനിതാ ടെക്കികള്‍ക്കൊപ്പം തിരുവനന്തപുരം ജില്ലാ കളക്ടര്‍ അനു കുമാരി നടന്നത് ആവേശമായി.
അന്താരാഷ്ട്ര വനിതാ ദിനാഘോഷത്തോടനുബന്ധിച്ച് വനിതാ ടെക്കികള്‍ക്കും കുടുംബാംഗങ്ങള്‍ക്കുമായി 'ഷി ഓണ്‍സ് ദി നൈറ്റ്' എന്ന പേരിലാണ് പരിപാടി സംഘടിപ്പിച്ചത്. സംസ്ഥാന വനിതാ ശിശുവികസന വകുപ്പുമായി സഹകരിച്ച് നടത്തിയ പരിപാടിയില്‍ 500-ലധികം വനിതാ ഐടി ജീവനക്കാര്‍ പങ്കെടുത്തു.
കടകംപള്ളി സുരേന്ദ്രന്‍ എംഎല്‍എ, തിരുവനന്തപുരം ജില്ലാ കളക്ടര്‍ അനു കുമാരി എന്നിവര്‍ ചേര്‍ന്ന് പരിപാടി ഫ്ളാഗ് ഓഫ് ചെയ്തു. കഴക്കൂട്ടത്ത് നിന്ന് ആരംഭിച്ച 'രാത്രി നടത്തം' ടെക്നോപാര്‍ക്ക് ഫേസ് വണ്ണിലെ ആംഫിതിയേറ്ററിലാണ് സമാപിച്ചത്.
പരിപാടിയോടനുബന്ധിച്ച് നടന്ന എന്‍ഫീല്‍ഡ് ബൈക്ക് റാലിക്ക് റൈഡേഴ്സ് ആയ വിഷ്ണുജ, മാളവിക എന്നിവര്‍ നേതൃത്വം നല്‍കി.
പ്രതിധ്വനി വനിതാ ഫോറം കണ്‍വീനര്‍ ശ്രീനി ഡോണി, വനിത ഫോറം എക്സിക്യൂട്ടീവ് അംഗങ്ങളായ പ്രശാന്തി പി എസ്, സുജിത എസ്, ബിനു, ജിഷ, ഇന്ദു, ഷിന്‍സി, അഞ്ജു ഡേവിഡ്, അശ്വതി, അഖില എന്നിവരും തസ്നീം പി. എസ് (ജില്ലാ വനിതാ ശിശു വികസന ഓഫീസര്‍), കവിത (ഐസിഡിഎസ് പ്രോഗ്രാം ഓഫീസര്‍) , നീതു എസ് സൈനു (ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍, സങ്കല്പ്) എന്നിവരും പങ്കെടുത്തു.
തുടര്‍ന്ന് വിവിധ വിനോദ-സംഗീത പരിപാടികള്‍ക്കും ആംഫിതിയേറ്റര്‍ വേദിയായി.