പാചകവാതക ക്ഷാമം- ടൂറിസം-ഹോട്ടല്‍ മേഖല പ്രതിസന്ധിയിലേക്ക് അടിയന്തര ഇടപെടല്‍ വേണമെന്ന് കെടിഎം
Kochi / March 13, 2026
കൊച്ചി: വാണിജ്യ പാചകവാതക സിലിണ്ടറുകളുടെ ക്ഷാമം മൂലം സംസ്ഥാനത്തെ ടൂറിസം-ഹോട്ടല്‍ മേഖല വന്‍ പ്രതിസന്ധിയിലേക്ക് നീങ്ങുകയാണെന്ന് കേരള ട്രാവല്‍ മാര്‍ട്ട് സൊസൈറ്റി മുന്നറിയിപ്പ് നല്‍കി. സംസ്ഥാനത്തിന്റെ വരുമാനത്തില്‍ ഏറ്റവുമധികം സംഭാവന നല്‍കുന്ന ഈ മേഖലയുടെ പ്രതിസന്ധി പൊതുജനങ്ങളുടെ നിത്യജീവിതത്തിലും പ്രതിഫലിക്കുമെന്ന് കെ.ടി.എം പ്രസിഡന്റ് ജോസ് പ്രദീപ് പ്രസ്താവനയിൽ പറഞ്ഞു.
എല്ലാത്തരം വ്യവസായങ്ങളുടെയും കാര്‍ബണ്‍ പുറംതള്ളല്‍ നിശ്ചിത പരിധിയ്ക്കുള്ളിലെത്തിക്കാനുള്ള പാരീസ് ഉടമ്പടിയുടെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രിയുടെ ആഹ്വാന പ്രകാരം സംസ്ഥാനത്ത് ആദ്യമായി നടപടി കൈക്കൊണ്ടത് കെടിഎം അനുബന്ധ സ്ഥാപനങ്ങളാണെന്ന് ജോസ് പ്രദീപ് പറഞ്ഞു. ഹോട്ടലുകള്‍, റിസോര്‍ട്ടുകള്‍, പഞ്ചനക്ഷത്ര ഹോട്ടലുകള്‍ തുടങ്ങിയ വ്യവസായമേഖല ഹരിത ഊര്‍ജ്ജ ഉപയോഗത്തിലേക്ക് ചുവടുമാറ്റിയിരുന്നു. പാചകവാതകം, സോളാര്‍ ഊര്‍ജ്ജം, വൈദ്യുത പാചക ഉപകരണങ്ങള്‍ എന്നിവിയിലേക്ക് കെടിഎം അംഗ്വതമുള്ള വ്യവസായ പങ്കാളികള്‍ മാറിയിരുന്നു. പുകയടുപ്പുകളുടെ ഉപയോഗം കഴിവതും നിയന്ത്രിക്കണമെന്ന് ആഹ്വാനം ഏതാണ്ട് പൂര്‍ണമായും നടപ്പാക്കി വരുന്ന സാഹചര്യത്തിലാണ് ഈ പ്രതിസന്ധിയുണ്ടായതെന്ന് ജോസ് പ്രദീപ് ചൂണ്ടിക്കാട്ടി.
പാചകവാതക പ്രതിസന്ധി സംസ്ഥാനത്തിന്റെ സമ്പദ് വ്യവസ്ഥയെയും പ്രതികൂലമായി ബാധിക്കുമെന്ന് ജോസ് പ്രദീപ് പറഞ്ഞു. ആയിരക്കണക്കിന് തൊഴിലാളികളാണ് ഈ മേഖലയില്‍ ജോലി ചെയ്യുന്നത്. നിലവില്‍ ആതിഥേയ വ്യവസായത്തില്‍ പലതും പൂട്ടിയിടേണ്ട അവസ്ഥയാണുള്ളത്. മാര്‍ച്ചില്‍ പരീക്ഷകള്‍ കഴിയുന്നതോടെ ടൂറിസം സീസണ്‍ വീണ്ടും സജീവമാകുമ്പോള്‍ ഈ മേഖലയ്ക്ക് വലിയ വരുമാനനഷ്ടമാണുണ്ടാകുന്നതെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നിര്‍ദ്ദേശിക്കുന്ന എല്ലാ പരിഷ്കാരങ്ങളും ആദ്യം നടപ്പില്‍ വരുത്താന്‍ ഏറ്റവുമധികം സഹകരിക്കുന്ന മേഖലയാണ് ടൂറിസമെന്ന് കെടിഎം സെക്രട്ടറി എസ് സ്വാമിനാഥന്‍ പറഞ്ഞു. സംസ്ഥാനത്തിന്റെ ടൂറിസം വരുമാനം സര്‍വകാല റെക്കോര്‍ഡിലാണ് ഇന്നുള്ളത്. ഈ മേഖല സംസ്ഥാനത്തിന്റെ സമ്പദ് വ്യവസ്ഥയ്ക്ക് നല്‍കുന്ന സംഭാവനകള്‍ ചെറുതല്ല. സംസ്ഥാനം വലിയ പ്രതീക്ഷയോടെ കണ്ടുവരുന്ന മൈസ്(മീറ്റിംഗ്സ് ഇൻസെന്റീവ്സ്, കോണ്‍ഫറന്‍സ്, എക്സിബിഷന്‍സ്) ടൂറിസം, ഡെസ്റ്റിനേഷന്‍ വെഡിംഗ് എന്നിവ അതിന്റെ ഏറ്റവും മികച്ച സീസണ്‍ പ്രതീക്ഷിക്കുന്ന സമയം കൂടിയാണിത്. ഈ സാഹചര്യങ്ങള്‍ കണക്കിലെടുത്ത് ടൂറിസം-ഹോട്ടല്‍ വ്യവസായത്തിന് അടിയന്തരമായി സിലിണ്ടറുകള്‍ ലഭ്യമാക്കാനുള്ള നടപടികള്‍ എടുക്കണമെന്നും അദ്ദേഹം അപേക്ഷിച്ചു.
ഓണ്‍ലൈന്‍ ഓര്‍ഡറുകള്‍ മുമ്പെങ്ങുമില്ലാത്തവിധം വര്‍ധിച്ച കാലമാണിത്. ഹോട്ടലുകള്‍ അടച്ചിടുന്നതോടെ ഈ മേഖലയില്‍ വലിയ തൊഴില്‍ നഷ്ടമുണ്ടാകുമെന്ന് മാത്രമല്ല, ഇവരെ ആശ്രയിച്ച് കഴിയുന്ന വലിയ വിഭാഗം വിദ്യാര്‍ഥികള്‍, ഏകാംഗ താമസക്കാര്‍ തുടങ്ങിയവര്‍ പട്ടിണിയിലാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.