ബിനാലെയിലെ പ്രത്യേക പ്രഭാഷണത്തിൽ നടി റിമ കല്ലിങ്കൽ
Kochi / March 14, 2026
കൊച്ചി: കൊച്ചി-മുസിരിസ് ബിനാലെയുടെ ഭാഗമായി ബാസ്റ്റിൻ ബംഗ്ലാവിലെ പവലിയനിൽ "ബോഡി ആസ് എ ലിവിംഗ് ലൂം: വീവിംഗ് സ്റ്റോറീസ് ത്രൂ മൂവ്‌മെന്റ് - ദ മേക്കിംഗ് ഓഫ് നെയ്ത്ത്" എന്ന വിഷയത്തിൽ പ്രശസ്ത സിനിമാതാരവും നർത്തകിയുമായ റിമ കല്ലിങ്കൽ പ്രഭാഷണം നടത്തി. മാമാങ്കം ഡാൻസ് കമ്പനി വികസിപ്പിച്ചെടുത്ത "നെയ്ത്ത് - ഡാൻസ് ഓഫ് ദി വീവ്സ്" എന്ന വിഷ്വൽ പെർഫോമൻസ് പ്രോജക്റ്റിന് പിന്നിലെ സർഗ്ഗാത്മക പ്രക്രിയയെക്കുറിച്ചും റിമ കല്ലിങ്കൽ വിശദീകരിച്ചു.
'നെയ്ത്തി'ന്റെ ആശയപരവും ശാരീരികവുമായ ചട്ടക്കൂടുകളെക്കുറിച്ച് റിമ സംസാരിച്ചു. 2018-ലെ കേരളത്തിലെ പ്രളയത്തിന് ശേഷമുള്ള ചേന്ദമംഗലം കൈത്തറിയുടെ പുനരുജ്ജീവനവും 'സേവ് ദ ലൂം' എന്ന കൂട്ടായ്മയുടെ പ്രവർത്തനങ്ങളുമാണ് ഈ പ്രോജക്റ്റിന് പ്രചോദനമായത്. റിമ കല്ലിങ്കൽ, കൊറിയോഗ്രാഫർ അശ്വിൻ ഗിബിൻ ജോർജ്ജ്, ലൈറ്റിംഗ് ഡിസൈനർ ശ്രീകാന്ത് കാമിയോ എന്നിവർ പങ്കെടുത്ത ചർച്ചയിൽ സേവ് ദ ലൂം ലീഡ് മെന്റർ രമേഷ് മേനോൻ മോഡറേറ്ററായി.
പ്രഭാഷണത്തോടനുബന്ധിച്ച് റിമയും സംഘവും നൃത്ത ഭാഗങ്ങൾ അവതരിപ്പിക്കുകയും നെയ്ത്തിലെ താളവും തനിയാവർത്തനവും നൃത്തസംവിധാനത്തെ എങ്ങനെ സ്വാധീനിച്ചുവെന്ന് വിശദീകരിക്കുകയും ചെയ്തു. ചേന്ദമംഗലത്തെ നെയ്ത്തുശാലകളിലും പരിസരങ്ങളിലും വെച്ച് ചിത്രീകരിച്ച ചലന ദൃശ്യങ്ങളിലൂടെയാണ് ഈ പ്രോജക്റ്റ് വികസിപ്പിച്ചെടുത്തത്. ശരീരത്തെ ഒരു 'ജീവിക്കുന്ന തറി'യായി സങ്കല്പിച്ച്, കൈത്തറി ജോലികളിലെ പ്രക്രിയകളെ ആധുനിക നൃത്തരൂപത്തിലേക്ക് എങ്ങനെ മാറ്റാമെന്ന് ഇവർ വിശദീകരിച്ചു.
ബിനാലെയുടെ ഭാഗമായി ബാസ്റ്റിൻ ബംഗ്ലാവിലെ പവലിയനിൽ റിമ കല്ലിങ്കലിന്റെ നേതൃത്വത്തിലുള്ള മാമാങ്കം ഡാൻസ് കമ്പനി "നെയ്ത്ത് - ഡാൻസ് ഓഫ് ദി വീവ്സ്" എന്ന നൃത്തശില്പവും അവതരിപ്പിച്ചു. നെയ്ത്തുകാരുടെ ചലനങ്ങളിൽ നിന്നും താളത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട്, നൂലിൽ നിന്ന് തുണിയിലേക്കുള്ള യാത്രയാണ് വേദിയിൽ നൃത്തത്തിലൂടെ പുനരാവിഷ്കരിച്ചത്.
യന്ത്രവൽകൃത ഉൽപ്പാദനം വർദ്ധിച്ചുവരുന്ന കാലഘട്ടത്തിൽ പരമ്പരാഗത കരകൗശല വിദ്യകൾ സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യവും ഈ കലാവിഷ്കാരം ഓർമ്മിപ്പിച്ചു. കൈത്തറി നെയ്ത്തിന് പിന്നിലെ അധ്വാനത്തെക്കുറിച്ച് പ്രേക്ഷകർക്ക് ധാരണ നൽകുന്നതിനും നെയ്ത്തുകാരുടെ ജീവിതത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനും ഇത് സഹായിച്ചു.
Photo Gallery