അഞ്ച് കോടി അധിക പാല്‍വില പ്രഖ്യാപിച്ച് മില്‍മ തിരുവനന്തപുരം മേഖലാ യൂണിയന്‍

Trivandrum / March 14, 2026

തിരുവനന്തപുരം: മില്‍മ തിരുവനന്തപുരം മേഖലാ യൂണിയന്‍ പരിധിയിലുള്ള അംഗസംഘങ്ങളിലെ ക്ഷീരകർഷകർക്ക് വേനല്‍ക്കാല ഇന്‍സെന്‍റീവായി അഞ്ച് കോടിരൂപ അധിക പാല്‍വിലയായി നല്‍കുമെന്ന്  മൃഗസംരക്ഷണ ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി അറിയിച്ചു. തിരുവനന്തപുരം മേഖലാ യൂണിയന്‍റെ 'ക്ഷീരകർഷകർക്കുള്ള സഹായഹസ്തം' പദ്ധതിയുടെ ഉദ്ഘാടനം ചടയമംഗലത്ത് നിർവഹിക്കുകയായിരുന്നു മന്ത്രി.

ക്ഷീരസംഘങ്ങളില്‍ സജീവാംഗങ്ങളായ ക്ഷീരകർഷകർക്ക് പിന്തുണയും സ്ഥിരവരുമാനവും ഉറപ്പാക്കുന്നതിനായി മേഖലാ യൂണിയന്‍ വിഭാവനം ചെയ്തതാണ് 'ക്ഷീരകർഷകർക്കുള്ള സഹായഹസ്തം' പദ്ധതി. ക്ഷീരമേഖലയില്‍ നിലവില്‍ പ്രവർത്തിക്കുന്നതും കടന്നുവരാന്‍ ആഗ്രഹിക്കുന്നതുമായ ക്ഷീരകർഷകർക്ക് പ്രചോദനമാകുന്ന പദ്ധതിയാണിതെന്നും മന്ത്രി കൂട്ടിച്ചേർത്തു.

മേഖലാ യൂണിയന്‍ ചെയർമാന്‍ മണി വിശ്വനാഥ് അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ഭരണസമിതി അംഗം വാസുദേവന്‍ ഉണ്ണി സ്വാഗത പ്രസംഗം നടത്തി.

യൂണിയനിലെ അംഗസംഘങ്ങളിലെ സജീവാംഗങ്ങളായ ക്ഷീരകർഷകർക്ക് പ്രതിമാസം 1,000 രൂപ വീതം പദ്ധതിയിലൂടെ ലഭിക്കും. അർഹതാ മാനദണ്ഡങ്ങള്‍ക്കനുസരിച്ച് തെരഞ്ഞെടുക്കപ്പെട്ട തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ എന്നിവിടങ്ങളിലെ 4,000 കർഷകർക്കാണ് പദ്ധതിയുടെ പ്രയോജനം ലഭിക്കുക. 2.4 കോടിരൂപ ഇതിനായി വകയിരുത്തിയിട്ടുണ്ട്.

നടപ്പ് സാമ്പത്തിക വർഷം നാളിതുവരെ 20 കോടിരൂപയിലധികം അധിക പാല്‍വിലയായും 15 കോടിരൂപയിലധികം കാലിത്തീറ്റ സബ്സിഡിയായും മറ്റ് ക്ഷേമപദ്ധതികളിലൂടെയും വിതരണം ചെയ്തിട്ടുള്ളതായി മേഖലാ യൂണിയന്‍ ചെയർമാന്‍ മണി വിശ്വനാഥ് അറിയിച്ചു.

മേഖലാ യൂണിയനിലെ അംഗസംഘങ്ങള്‍ 2026 ഫെബ്രുവരിയില്‍ നല്‍കിയ പാലളവിന് ആനുപാതികമായി ലിറ്റർ ഒന്നിന് ആറ് രൂപ വീതമാണ് അധിക പാല്‍വിലയായി ലഭിക്കുന്നത്. ഇതില്‍ നാല് രൂപ കർഷകർക്കും ഒരു രൂപ ബന്ധപ്പെട്ട അംഗസംഘത്തിനും ലഭിക്കും. ഒരു രൂപ വീതം മേഖലാ യൂണിയനില്‍ സംഘത്തിന്‍റെ അധികഓഹരി നിക്ഷേപമായി സ്വീകരിക്കുമെന്നും ചെയർമാന്‍ കൂട്ടിച്ചേര്‍ത്തു. അർഹമായ തുക 2026 മാർച്ചിലെ പാല്‍വിലയോടൊപ്പം സംഘങ്ങള്‍ക്ക് നല്‍കും.

കൊല്ലം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ആർ. ലതാദേവി മുഖ്യപ്രഭാഷണം നടത്തി. ചടയമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് എം. നസീർ, ചടയമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് കെ. സുദേവന്‍, ചടയമംഗലം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് മിനി സുനില്‍, ചടയമംഗലം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് എസ്. ഗീതാകുമാരി, മില്‍മ തിരുവനന്തപുരം മേഖല യൂണിയന്‍ മാനേജിംഗ് ഡയറക്ടർ രാരാരാജ് .ആർ കെഎഎസ്,  ചടയമംഗലം ഗ്രാമപഞ്ചായത്ത് വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയർമാന്‍ ഡി. രഞ്ജിത്ത്, ചടയമംഗലം ക്ഷീരവികസന ഓഫീസർ ബിജു എസ്, മേഖലാ യൂണിയന്‍ ഭരണസമിതി അംഗങ്ങള്‍ എന്നിവർ പങ്കെടുത്തു. മേഖല യൂണിയന്‍ ഭരണസമിതി അംഗം കെ.ആർ. മോഹനന്‍പിള്ള നന്ദി പറഞ്ഞു.

Photo Gallery

+
Content