കാര്‍ഷിക ജീവിതവും പരിസ്ഥിതിയുടെ മുറിവുകളും ദൃശ്യങ്ങളില്‍ കോര്‍ത്തിണക്കി ആര്‍ട്ടിസ്റ്റ് കുല്‍പ്രീത് സിംഗ് കൊച്ചി ബിനാലെയില്‍

Kochi / March 15, 2026

കൊച്ചി: മട്ടാഞ്ചേരി ബസാര്‍ റോഡിലെ ആനന്ദ് വെയര്‍ഹൗസിലെ ഒരു മുറിയിലേക്ക് കടന്നാല്‍ പുക കൊണ്ട് കരിഞ്ഞ വയല്‍ പോലെ തോന്നും. ഇരുണ്ടതും മങ്ങലും നിറഞ്ഞതുമായ അന്തരീക്ഷം  മുറിയാകെ മൂടിയിരിക്കുന്നു. അങ്ങിങ്ങായി ചിതറിച്ചിട്ട നെല്‍ക്കറ്റകളുടെ കെട്ടുകള്‍ കാഴ്ചക്കാരുടെ ഇരിപ്പിടങ്ങളായി മാറിയിരിക്കുന്നു. അവിടെ കര്‍ഷകരുടെ ദുരിതവും പരസ്പരം കെട്ടുപിണഞ്ഞു കിടക്കുന്ന പരിസ്ഥിതി യാഥാര്‍ത്ഥ്യങ്ങളും അഭ്രപാളികളില്‍ മിന്നിത്തെളിയുകയാണ്.

നീണ്ട ക്യാന്‍വാസുകള്‍ക്ക് പിന്നിലായി വെള്ള വസ്ത്രം ധരിച്ച കലാകാരന്‍ കുല്‍പ്രീത് സിംഗും അദ്ദേഹത്തിന്റെ സുഹൃത്തുകളും സഹ കര്‍ഷകരും ഓടുന്നതാണ് കാണുന്നത്. പ്രതിഷേധത്തിന്റെ ഭാഷയും ജീവിതത്തിന്റെ അടയാളങ്ങളും ചേര്‍ന്നൊരു ദൃശ്യകാവ്യം പോലെ അത് മുന്നോട്ട് നീങ്ങുന്നു.

പഞ്ചാബിലെ പട്യാല സ്വദേശിയായ കുല്‍പ്രീത് സിംഗിന്റെ 'ഇന്‍ഡെലിബിള്‍ ബ്ലാക്ക് മാര്‍ക്‌സ്' എന്ന കൃതി ഹരിത വിപ്ലവത്തിന് മുമ്പും ശേഷവും കൃഷിയിലുണ്ടായ മാറ്റങ്ങളെക്കുറിച്ചുള്ള സംവാദത്തിന് വഴിതുറക്കുന്നതാണ്. അദ്ദേഹത്തിന്റെ സ്വന്തം നാടായ പഞ്ചാബിന്റെ മണ്ണിലാണ് ചിത്രത്തിന് പ്രമേയമാകുന്ന ഈ ചര്‍ച്ചയുടെ വേരുകള്‍ പതിഞ്ഞിരിക്കുന്നത്.

ഹരിത വിപ്ലവത്തിന്റെ ചരിത്രവും അതിന്റെ ദീര്‍ഘകാല പ്രതിഫലനങ്ങളും ചിത്രത്തിലൂടെ അനാവരണം ചെയ്യപ്പെടുകയാണ്. അടുത്ത വിളക്കാലത്തിനായി വയല്‍പ്പാടം ഒരുക്കുന്നത് പരമ്പരാഗത രീതിയായ വൈക്കോല്‍ കത്തിക്കലിലൂടെയാണ്. അതിന്റെ ചാരം കൈപ്പിടിയിലൊതുക്കി പോക്കറ്റിലിടുന്ന കുല്‍പ്രീതിന്റെ ദൃശ്യത്തോടെയാണ് ചിത്രത്തിന് തുടക്കമിടുന്നത്.

കണ്ണെത്താ ദൂരത്തോളം പരന്നു കിടക്കുന്ന വയലേലകളില്‍ മഞ്ഞനിറത്തിലുള്ള തീച്ചുരുളുകള്‍ പടരുന്നു. ആംബുലന്‍സ് സൈറണുകള്‍, ഹോണുകള്‍, വാഹനങ്ങള്‍, വിമാനങ്ങള്‍, പ്രതിഷേധങ്ങള്‍, ആക്രമണങ്ങള്‍, ഫാക്ടറികളില്‍ നിന്നുള്ള കോലാഹലങ്ങള്‍, യുദ്ധങ്ങള്‍, സ്‌ഫോടനങ്ങള്‍ അങ്ങനെ പശ്ചാത്തലത്തില്‍ അശാന്തിയുടെ തേരോട്ടം. ഈ ഒച്ചപ്പാടിന് നടുവിലൂടെ ശ്വാസംമുട്ടിയ പോലെ കുല്‍പ്രീതും സംഘവും മുന്നോട്ട് കുതിക്കുകയാണ്. പ്രതിഷേധക്കാരെ പോലെ അവര്‍ മുന്നിലേക്ക് ഓടുമ്പോള്‍ നീണ്ട ക്യാന്‍വാസുകള്‍ പിന്നിലേക്ക് വലിച്ചിഴയ്ക്കപ്പെടുന്നത് കാണാം.

നാം ജീവിക്കുന്ന ലോകത്തില്‍ മണ്ണിനും വായുവിനും വെള്ളത്തിനും കര്‍ഷകര്‍ക്കുമെതിരെ ആവര്‍ത്തിച്ചു നടക്കുന്ന അതിക്രമങ്ങളെയാണ് ഈ ക്യാന്‍വാസുകള്‍ പ്രതിഫലിപ്പിക്കുന്നത്. പുകയായാലും ചാരമായാലും അവ ഒറ്റപ്പെട്ട സംഭവങ്ങളല്ല, അതിന് പിന്നില്‍ സമ്മര്‍ദ്ദങ്ങളുടെയും അസന്തുലിതാവസ്ഥകളുടെയും അവഗണനയുടെയും വിശാല ലോകം മറഞ്ഞിരിക്കുന്നു. വൈക്കോല്‍ കത്തിക്കലിന്റെ ഒറ്റ ആഖ്യാനത്തിനപ്പുറം നമ്മുടെ കാലഘട്ടത്തിലെ പരിസ്ഥിതിയുടെയും സമൂഹത്തിന്റെ തകര്‍ച്ചകളെയും സംവിധായകന്‍ ചൂണ്ടിക്കാട്ടുന്നു. സൂക്ഷ്മമായി നിരീക്ഷിച്ച് നിശബ്ദ സംഘര്‍ഷങ്ങളെയും ചരിത്രങ്ങളെയും വായിച്ചെടുക്കാന്‍ സംവിധായകന്‍ ആവശ്യപ്പെടുന്നു.

ചിത്രം മുന്നോട്ട് പോകുമ്പോള്‍ അന്തരീക്ഷം മേഘാവൃതമാകുന്നു, ദൃശ്യങ്ങള്‍ മഴയെത്തുന്ന പോലെ അലിഞ്ഞു തുടങ്ങുന്നു. തീയുടെ കാഴ്ചകള്‍ക്കൊപ്പം വെള്ളത്തിന്റെ ശബ്ദം പ്രതിധ്വനിക്കുന്നു. തീച്ചുരുളുകള്‍ക്കിടയിലൂടെ സംഘം വീണ്ടും ഓടി മാറുന്നു. ഒടുവില്‍ അവര്‍ ഒരു വരിയായി മാറി ഓവല്‍ ആകൃതിയിലേക്ക് രൂപാന്തരപ്പെടുന്നു. പിന്നെ കരിഞ്ഞ മരങ്ങളുടെ ചിത്രങ്ങള്‍, ചത്ത പക്ഷികള്‍, കാട്ടുനായ്ക്കളുടെ അലറല്‍ എല്ലാം ദൃശ്യങ്ങളില്‍ തെളിയുന്നു. പോലീസ് സൈറണുകള്‍ മുഴങ്ങുന്നു, ഓടിയവരെ പിടികൂടുന്നു, വെടിയൊച്ചകള്‍ കേള്‍ക്കുന്നു. പിന്നെ ഗുര്‍ബാനി മന്ത്രത്തിന്റെ പശ്ചാത്തലത്തില്‍ കര്‍ഷകര്‍ നിശ്ചലമായി കിടക്കുന്നു.

'പവന്‍ ഗുരു, പാനി പിതാ, മാതാ ധരത് മഹത്' എന്ന ഗുര്‍ബാനി വരി ലോകത്തെ മനസിലാക്കാനുള്ള വഴിയായി ഇവിടെ ആഴത്തില്‍ പ്രതിധ്വനിക്കുന്നു. ഭൂമിയെ ഒരു വിഭവമായി മാത്രം കാണാതെ ബന്ധമായി നിലനിര്‍ത്താനുളള ഓര്‍മ്മപ്പെടുത്തലാണ് അത്. 'വായു നമ്മെ നയിക്കുകയും നിലനിര്‍ത്തുകയും ചെയ്യുന്നു, വെള്ളം നമ്മെ നയിക്കുകയും വളര്‍ത്തുകയും ചെയ്യുന്നു'. അദ്ദേഹം പറയുന്നു. ആഗോള താപനം, പ്രളയം, മലിനീകരണം എന്നീ ഭീഷണികള്‍ നിറഞ്ഞ ഭാവിയെക്കുറിച്ചുള്ള ഭീതിജനകമായ ഓര്‍മ്മപ്പെടുത്തല്‍ കൂടിയാണിത്.

ചിത്രത്തിന്റെ അവസാനത്തില്‍ കുല്‍പ്രീത് വീണ്ടും വയലിലെ ചാരം പോക്കറ്റിലിടുന്നു. നമ്മുടെ മനസുകളും പോക്കറ്റുകളെപ്പോലെയാണ്, അവയില്‍ നാം എന്ത് നിറയ്ക്കുന്നുവോ അതാണ് പുറത്തുവരുന്നത്. ചാരം മാത്രം നിറച്ചാല്‍ ചാരം മാത്രമേ പുറത്തുവരൂ. ചാരം ജീവിതത്തിന്റെ രൂപാന്തരമാണ്; മണ്ണിലേക്കുള്ള മടങ്ങിവരവ്-അത് മരണത്തിന്റെ ഓര്‍മ്മപ്പെടുത്തലുമാണ്. അതിനാല്‍ നമ്മുടെ പോക്കറ്റുകള്‍ കാരുണ്യം, അനുകമ്പ, ആര്‍ദ്രത എന്നിവയാല്‍ നിറയ്ക്കണം. നമുക്ക് വേണ്ടത് മനുഷ്യ സൗഹൃദ വിപ്ലവമാണെന്ന് സംവിധായകന്‍ പറയുന്നു. വേഗം കുറച്ച് നീതിയുള്ളതും സൗമ്യവുമായ സമൂഹം കെട്ടിപ്പടുക്കല്‍.

കൃഷിയും കലയും എനിക്ക് വേറിട്ടതല്ല. കര്‍ഷകന്‍ മനുഷ്യര്‍ക്കും മറ്റ് ജീവജാലങ്ങള്‍ക്കും മണ്ണിനുള്ളിലെ അദൃശ്യ ജീവികള്‍ക്കും വേണ്ടി കൃഷി ചെയ്യുന്നു. എന്റെ വേരുകള്‍ കൃഷിയിലായതിനാല്‍ സമഗ്ര ന• എന്ന സമീപനത്തോടെയാണ് താന്‍ കലയെ സമീപിക്കുന്നതെന്ന് കുല്‍പ്രീത് പറയുന്നു.

സമത്വത്തിന്റെയും പരസ്പര സ്‌നേഹത്തിന്റെയും അടയാളമായി ലങ്കാര്‍ (സാമൂഹ്യ അടുക്കള) എന്ന രീതി ഇന്നും തുടരുന്നുണ്ട്. എന്നാല്‍ അരിയുടെയും ഗോതമ്പിന്റെയും വന്‍തോതിലുള്ള ഉത്പാദനം മണ്ണിന്റെ സ്വാഭാവികതയെ തകര്‍ത്തിരിക്കുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. വന്‍തോതിലുള്ള ഏകവിള കൃഷി, ജലചൂഷണം, കൃത്രിമ വളങ്ങളുടെയും കീടനാശിനികളുടെയും ഉപയോഗം എന്നിവ മണ്ണിനെയും വെള്ളത്തെയും മലിനമാക്കുകയും ഭൂഗര്‍ഭജല ശേഖരങ്ങളെ ക്ഷയിപ്പിക്കുകയും ചെയ്യുന്നു. ലഭ്യമാകേണ്ട പിന്തുണയുടെ അഭാവവും സുഗമമല്ലാത്ത നയങ്ങളും കൃഷിയെ കൂടുതല്‍ അനിശ്ചിതത്വത്തിലേക്ക് തള്ളിവിടുന്നതായി അദ്ദേഹം അഭിപ്രായപ്പെടുന്നു.

കൃഷി എന്നത് ഒരു ആത്മീയ പ്രവൃത്തിയാണ് എന്നതാണ് കുല്‍പ്രീതിന്റെ പക്ഷം. ജീവനുള്ള മാതാവായാണ് കര്‍ഷകര്‍ ഭൂമിയെ കണക്കാക്കുന്നത്. ജീവന്റെ, നിലനില്‍പ്പിന്റെ വിത്തുകള്‍ മുളപ്പിക്കുന്ന അമ്മയാണ് ഭൂമി. വിളവെടുപ്പ് ഉത്സവങ്ങളില്‍ അത് ആഘോഷിക്കപ്പെടുന്നു. വളരെ വിശാലമായ ഭൂമിയില്‍ കൃഷി ചെയ്യുക എന്നത് അത്ര എളുപ്പമല്ല. പ്രായോഗികമായ മറ്റു ബദല്‍ മാര്‍ഗങ്ങളുടെ അഭാവത്തില്‍ വികസിത രാജ്യങ്ങള്‍ പോലും വൈക്കോല്‍ കത്തിക്കല്‍ തുടരുന്നതായി അദ്ദേഹം പറയുന്നു.

 

Photo Gallery

+
Content
+
Content
+
Content
+
Content