വേനലില്‍ പാല്‍ കേടാകാതിരിക്കാന്‍ തണുപ്പിച്ച് സൂക്ഷിക്കണമെന്ന നിര്‍ദേശവുമായി മില്‍മ

Trivandrum / March 16, 2026

തിരുവനന്തപുരം: വേനല്‍ കടുക്കുന്ന സാഹചര്യത്തില്‍ പാലും തൈരും കേടുകൂടാതെ സൂക്ഷിക്കുന്നതിനും ഉപയോഗിക്കുന്നതിനുമുള്ള മുന്‍കരുതല്‍ നിര്‍ദേശങ്ങള്‍ മില്‍മ പുറത്തിറക്കി.

കടുത്ത വേനലില്‍ ശരിയായ രീതിയില്‍ തണുപ്പിച്ച് സൂക്ഷിക്കാത്ത കവര്‍ പാലും തൈരും പിരിഞ്ഞുപോകാനുള്ള സാധ്യത കൂടുതലായതിനാല്‍ ഉപയോഗം വരെ, 4-5 ഡിഗ്രി സെല്‍ഷ്യസില്‍ സൂക്ഷിക്കണം. അന്തരീക്ഷ ഊഷ്മാവില്‍ അലക്ഷ്യമായി വെളിയില്‍ വച്ചിരിക്കുന്ന കവര്‍ പാല്‍ വാങ്ങിയാല്‍ പെട്ടെന്ന് കേടാകും. അതിനാല്‍ ശരിയായ രീതിയില്‍ ശീതികരിച്ച് സൂക്ഷിക്കുന്ന പാല്‍ ചോദിച്ചു വാങ്ങണം. ഇക്കാര്യം മില്‍മ ബൂത്ത് ഏജന്‍റുമാരും വിതരണക്കാരും കച്ചവടക്കാരും ഉപഭോക്താക്കളും ശ്രദ്ധിക്കണം.

പാലോ തൈരോ വാങ്ങിക്കഴിഞ്ഞാല്‍ വീട്ടില്‍ എത്തി എത്രയും പെട്ടെന്ന് ശീതികരിച്ചു സൂക്ഷിക്കണം. യാത്രയിലും മറ്റും  പ്ലാസ്റ്റിക് കവര്‍, ബാഗ് എന്നിവയ്ക്കുള്ളില്‍ വായുസഞ്ചാരമില്ലാത്ത അവസ്ഥയില്‍ പാല്‍ കവറുകള്‍ അധികനേരം സൂക്ഷിക്കരുത്. ശീതീകരിച്ചു സൂക്ഷിക്കുന്ന പാല്‍ ഉപയോഗത്തിനായി എടുക്കുമ്പോള്‍ ആവശ്യം കഴിഞ്ഞുള്ളത് ഉടന്‍തന്നെ ശീതികരണിയില്‍ തിരികെ വയ്ക്കാന്‍ ശ്രദ്ധിക്കണം. അന്തരീക്ഷ ഊഷ്മാവില്‍ അധികസമയം ഇരുന്ന പാല്‍ പിന്നീട് ശീതികരിക്കുന്നതു കൊണ്ട് കേടാകാതിരിക്കണമെന്നില്ല.

പാല്‍ കവര്‍ റഫ്രിജറേറ്ററിലെ ചില്‍ ബോക്സില്‍ സൂക്ഷിക്കണം. ഫ്രീസറില്‍ സൂക്ഷിക്കുന്നത് അഭികാമ്യമല്ല. പാല്‍ കൈകാര്യം ചെയ്യുമ്പോള്‍ ശുചിത്വം പാലിക്കണം. സ്വാഭാവികമായ ഭൗതികഘടന, മണം, രുചി എന്നിവയില്‍ വ്യത്യാസം തോന്നിയാല്‍ പാല്‍ ഉപയോഗിക്കരുത്. ശീതികരിച്ചു സൂക്ഷിക്കല്‍ നിര്‍ബന്ധമില്ലാത്ത മില്‍മ യുഎച്ച്ടി ലോങ് ലൈഫ് പാല്‍ ഉപയോഗം  ഈ അവസരത്തില്‍ അഭികാമ്യമാണ്.
 

Photo Gallery