കൊച്ചി മുസിരിസ് ബിനാലെ: ഇരകളോടും അടിച്ചമര്‍ത്തപ്പെട്ടവരോടും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഉത്സ ഹസാരികയുടെ 'യന്ത്ര'

Kochi / March 17, 2026

കൊച്ചി: കൊച്ചി-മുസിരിസ് ബിനാലെയിലെ ഏറ്റവും വലുപ്പമുള്ള കലാപ്രതിഷ്ഠയാണ്  ഫോര്‍ട്ട് കൊച്ചിയിലെ പെപ്പര്‍ ഹൗസ് മുറ്റത്ത് ഒരുക്കിയിരിക്കുന്ന ഉത്സ ഹസാരികയുടെ 'യന്ത്ര (32° N/ Horizon) (2025)'. അധികാരവാഴ്ചയ്ക്കും വെറുപ്പിനും യുദ്ധങ്ങള്‍ക്കും ഇടയില്‍ ഇരകളാക്കപ്പെട്ടവര്‍ക്കും അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കും ഒപ്പമുള്ള ഐക്യദാര്‍ഢ്യമാണ് ഈ കലാപ്രതിഷ്ഠ.

 
ഡല്‍ഹിയിലെ ജന്തര്‍ മന്തറിനെയും അതിലെ സമ്രാട്ട് യന്ത്രത്തെയും ആസ്പദമാക്കിയാണ് സൃഷ്ടിയുടെ നിര്‍മ്മാണം. പതിനെട്ടാം നൂറ്റാണ്ടില്‍ സമയം, ദിശ, അക്ഷാംശം എന്നിവ കണക്കാക്കാന്‍ ഉപയോഗിച്ചിരുന്ന നിരീക്ഷണാലയത്തിന്‍റെ മാതൃകയാണിത്. മിറര്‍ പാനലുകള്‍ ഘടിപ്പിച്ച സ്റ്റീല്‍ നിര്‍മ്മിതിയിലൂടെ കൊച്ചിയുടെ ചക്രവാളം താഴേക്ക് നോക്കുമ്പോള്‍ കാണാന്‍ സാധിക്കും. ഭൂതകാലത്തെയും വര്‍ത്തമാനകാലത്തെയും കുറിച്ച് ചിന്തിക്കാന്‍ ഇത് കാഴ്ചക്കാരെ പ്രേരിപ്പിക്കുന്നു.


2024-ല്‍ ന്യൂയോര്‍ക്കിലെ സോക്രട്ടീസ് ശില്‍പവനത്തില്‍ പ്രദര്‍ശിപ്പിച്ച തന്‍റെ ആദ്യ ശില്‍പത്തിന്‍റെ വിപുലീകരിച്ച രൂപമാണിതെന്ന് ഉത്സ ഹസാരിക പറഞ്ഞു. കൊച്ചിയുടെ ചരിത്രം, വ്യാപാരം, കുടിയേറ്റം, കോളനിവാഴ്ച, അതിജീവനം എന്നിവയെല്ലാം കലാരൂപം ചര്‍ച്ച ചെയ്യുന്നു. ഡല്‍ഹിയിലെ ജന്തര്‍ മന്തര്‍ പ്രതിഷേധങ്ങളുടെ പ്രതീകം കൂടിയാണെന്ന് കലാകാരി ഓര്‍മ്മിപ്പിക്കുന്നുണ്ട്. അനീതിക്കെതിരായ പോരാട്ടത്തിന്‍റെ അടയാളമായാണ് അവര്‍ ഇതിനെ അവതരിപ്പിക്കുന്നത്.

 
കെട്ടിടത്തിനകത്തെ മുറിയില്‍ രണ്ട് മതിലുകളെ ബന്ധിപ്പിക്കുന്ന ഉരുക്കിന്‍റെ നിര്‍മ്മിതിയും അതിനുള്ളില്‍ വിപ്ലവത്തിന്‍റെ പ്രതീകമായി മുല്ലച്ചെടികളുമുണ്ട്. ഇന്ത്യയിലെ രാഷ്ട്രീയ തടവുകാരുടെ പേരുകള്‍ മോഴ്സ് കോഡില്‍ ഇതില്‍ രേഖപ്പെടുത്തിയിരിക്കുന്നു. സെന്‍സര്‍ഷിപ്പിനെ മറികടന്നുള്ള ആശയവിനിമയത്തെയാണ് ഇത് സൂചിപ്പിക്കുന്നത്. 'ബ്ലൂം (10°N/28°N)' എന്ന പേരില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്ന മുല്ലച്ചെടികള്‍ കൊച്ചിയുടെയും ഡല്‍ഹിയുടെയും അക്ഷാംശങ്ങളെ അടയാളപ്പെടുത്തുന്നു. നിയന്ത്രണങ്ങളെയും നിരീക്ഷണങ്ങളെയും അതിജീവിച്ച് പടരുന്ന സുഗന്ധത്തെ അതിജീവനത്തിന്‍റെ അടയാളമായി മുല്ലയെ അവര്‍ കാണുന്നു.


മുറിയിലെ ഭൂപടങ്ങളിലൂടെ 1492 മുതല്‍ മലബാറിലേക്ക് നടന്ന വിദേശ അധിനിവേശത്തിന്‍റെ ചരിത്രമാണ് വിവരിക്കുന്നത്. സൗഹൃദപരമായ വ്യാപാരം എങ്ങനെ ചൂഷണത്തിലേക്കും അടിച്ചമര്‍ത്തലിലേക്കും മാറിയെന്ന് 'ഇന്ത്യ 1492' എന്ന സൃഷ്ടി വ്യക്തമാക്കുകയാണ്. ഒഡീഷയിലെ ഖനന കമ്പനികള്‍ക്കെതിരെ സ്വന്തം മണ്ണ് സംരക്ഷിക്കാന്‍ പോരാടുന്ന തദ്ദേശീയരുടെ ജീവിതമാണ് 'വി കനോട്ട് ലെറ്റ് ഗോ ഓഫ് ദിസ് എര്‍ത്ത്' എന്ന വീഡിയോ പറയുന്നത്. പ്രകൃതിയോട് ഇണങ്ങി ജീവിക്കുന്ന ജനത നേരിടുന്ന വെല്ലുവിളികള്‍ ഇതില്‍ കാണാം.

 
തന്‍റെ കല ചുറ്റുമുള്ള അതിക്രമങ്ങള്‍ക്ക് നേരെയുള്ള കണ്ണാടിയാണെന്ന് ഉത്സ ഹസാരിക വിശദീകരിച്ചു. ശാസ്ത്രം, രാഷ്ട്രീയം, ആത്മീയത എന്നിവയെ പരസ്പരം ബന്ധിപ്പിക്കുകയാണ് ഉത്സയുടെ കല.

 

Photo Gallery

+
Content
+
Content