KMB-2025: Indu Antony’s installation questions patriarchal values and expectations
Kochi / February 25, 2026
കൊച്ചി: പുരുഷാധിപത്യപരമായ കീഴ്‌വഴക്കങ്ങളെ ചോദ്യം ചെയ്യുന്നതാണ് കൊച്ചി ബിനാലെ ഫൗണ്ടേഷന്റെ കൊളാറ്ററല്‍ പ്രദര്‍ശനമായ ലൈക്ക് ഗോള്‍ഡില്‍ ആർട്ടിസ്റ്റ് ഇന്ദു ആന്റണി ഒരുക്കിയിട്ടുള്ള 'ഐ ബ്രോട്ട് ഹെർ അപ്പ് ലൈക്ക് ഗോൾഡ് (2021)' എന്ന കലാപ്രതിഷ്ഠ. ഫോർട്ട് കൊച്ചി കൽവത്തി റോഡിലെ കെഎം ബിൽഡിംഗിൽ പ്രദർശിപ്പിച്ചിരിക്കുന്ന ഈ സൃഷ്ടി സന്ദര്‍ശകരെ ഏറെ ആകര്‍ഷിച്ചു വരുന്നു.
റിസ്ക് ആർട്ട് ഇനിഷ്യേറ്റീവിനായി മുർതാസ വാലിയാണ് 'ലൈക്ക് ഗോൾഡ്' എന്ന പ്രദർശനം ക്യൂറേറ്റ് ചെയ്തിട്ടുള്ളത്. 'പൊന്നുപോലെ വളർത്തി' എന്ന സാധാരണ പ്രയോഗത്തിൽ നിന്നാണ് സൃഷ്ടിയുടെ ആശയം രൂപപ്പെട്ടതെന്ന് ഇന്ദു ആന്റണി പറഞ്ഞു. ഈ പ്രയോഗം വ്യക്തിപരമായി എന്ത് അർത്ഥമാണ് നൽകുന്നത് എന്നതിനെക്കുറിച്ചുള്ള ആലോചനകളാണ് ഇതിലേക്ക് നയിച്ചത്. ഏകദേശം മൂന്ന് വർഷത്തോളം നീണ്ട നിരീക്ഷണങ്ങൾക്കും പരീക്ഷണങ്ങൾക്കും ശേഷമാണ് കലാസൃഷ്ടി പൂർത്തിയായത്.
പേപ്പറും സയനോടൈപ്പ് നെഗറ്റീവും ഉപയോഗിച്ച് നടത്തിയ പ്രത്യേക രീതികളിലൂടെയാണ് ഉദ്ദേശിച്ച രൂപത്തിലേക്ക് സൃഷ്ടി എത്തിയത്. സ്വന്തമായി ശേഖരിച്ചുവെച്ച വസ്തുക്കളുടെ കൂട്ടത്തിൽ നിന്നുള്ള പഴയ ആഭരണപ്പെട്ടികളാണ് പ്രോചോദനമായത്. തന്റെ ആലോചനകളെ ഈ പെട്ടികളിലേക്ക് എങ്ങനെ മാറ്റാം എന്ന ചിന്തയാണ് പ്രോജക്ടിന് കാരണമായതെന്നും അവർ പറഞ്ഞു.
കുട്ടികളോടുള്ള മാതാപിതാക്കളുടെ സ്നേഹത്തെ സൂചിപ്പിക്കാനാണ് ലൈക്ക് ഗോള്‍ഡ് എന്ന പ്രയോഗം മലയാളത്തിൽ ഉപയോഗിക്കുന്നതെന്ന് ക്യൂറേറ്റർ മുർതാസ വാലി അഭിപ്രായപ്പെട്ടു. എന്നാൽ ഇത് അമിതമായ പ്രതീക്ഷകൾക്കും നിരാശകൾക്കും കാരണമാകുന്നുണ്ട്. പുരുഷാധിപത്യ കാഴ്ചപ്പാടുകളിൽ നിന്നുള്ള മോചനമാണ് ഇന്ദു ആന്റണിയുടെ സൃഷ്ടി ലക്ഷ്യമിടുന്നത്.
സൃഷ്ടിയോട് പ്രേക്ഷകർ പ്രതികരിച്ച രീതി അത്ഭുതപ്പെടുത്തിയെന്ന് ഇന്ദു പറഞ്ഞു. 'പൊന്നുപോലെ വളർത്തിയവൾ' എന്ന് ഒരാൾ ടാറ്റൂ ചെയ്തത് ഒരേ സമയം ആഹ്ലാദവും പ്രേരണയും പകര്‍ന്നു. തന്റെ സൃഷ്ടിയുടെ പേര് തന്നെയാണ് പ്രദർശനത്തിന് നൽകാൻ ക്യൂറേറ്റർ തീരുമാനിച്ചതെന്നും ഇന്ദു ആന്റണി കൂട്ടിച്ചേർത്തു.