ഒരു നേരത്തെ ഭക്ഷണം പങ്ക് വയ്ക്കുന്നതിലൂടെ വിഭജനങ്ങളെ വരെ ഇല്ലാതാക്കാം - കുടുംബശ്രീ ഭക്ഷണശാലയെ കലാപ്രതിഷ്ഠയാക്കി അനുപമ കുണ്ഡുവും ബാനി ആബിദിയും
Kochi / February 26, 2026
കൊച്ചി: ഒരു നേരത്തെ ഭക്ഷണം പങ്കുവെക്കുന്നതിലൂടെ നടക്കുന്ന അത്ഭുതങ്ങള്‍ വിവരിക്കാനാവാത്തതാണെന്ന് തെളിയിക്കുകയാണ് കൊച്ചി-മുസിരിസ് ബിനാലെയിലെ പങ്കാളിത്ത കലാകാരികളായ അനുപമ കുണ്ഡുവും കറാച്ചി സ്വദേശിനി ബാനി ആബിദിയും.
ബിനാലെ വേദിയായ ആസ്പിന്‍വാള്‍ ഹൗസില്‍ ഇവര്‍ തയ്യാറാക്കിയ ബറാക്ക-2025 എന്ന ഭക്ഷണശാലയിലാണ് കുടുംബശ്രീ ചേച്ചിമാര്‍ ഭക്ഷണം വിളമ്പുന്നത്. ഒരു നേരത്തെ ഭക്ഷണം വിളമ്പുന്നതിലൂടെ വയറും മനസും നിറയ്ക്കാനും മാത്രമല്ല രാജ്യങ്ങള്‍ക്കിയിലെ അതിര്‍ത്തികള്‍ വരെ മായ്ചു കളയാന്‍ സാധിക്കുമെന്നാണ് ഇവര്‍ കരുതുന്നത്.
'ബറക്ക 2025' എന്ന കലാപ്രതിഷ്ഠ, വാസ്തുവിദ്യ, ഭക്ഷണം, സേവനം എന്നിവയുടെ മനോഹരമായ സംഗമമാണ്. അറബിയിൽ 'അനുഗ്രഹം' എന്നർത്ഥം വരുന്ന 'ബറക്ക', സഹവർത്തിത്വത്തിലൂടെയും കാരുണ്യപ്രവൃത്തികളിലൂടെയും മനുഷ്യരിലേക്കും പ്രകൃതിയിലേക്കും ഒഴുകുന്ന അനുഗ്രഹങ്ങളെയാണ് സൂചിപ്പിക്കുന്നത്. പുണെ സ്വദേശിയായ അനുപമ കുണ്ഡു മനോഹരമായ ഭക്ഷണശാല ഒരുക്കിയപ്പോൾ, കറാച്ചിയിൽ നിന്നുള്ള ബാനി ആബിദി ജർമ്മനിയിലെ തങ്ങളുടെ ഭക്ഷണാനുഭവങ്ങളെ ചിത്രീകരിക്കുന്ന 'ദസ്തർഖാൻ' (മേശവിരി) കൊണ്ട് ആ ഇടത്തെ അലങ്കരിച്ചു. അവിടെ വിളമ്പുന്നത് കേരള സർക്കാരിന്റെ സ്ത്രീ ശാക്തീകരണ പദ്ധതിയായ കുടുംബശ്രീയിലെ ചേച്ചിമാര്‍ തയ്യാറാക്കുന്ന ഭക്ഷണവും.
ഇന്ത്യയെയും പാകിസ്ഥാനെയും രണ്ട് രാഷ്ട്രങ്ങളായല്ല, മറിച്ച് ഒരേ ചിന്താഗതിയുള്ള രണ്ട് സഹോദരിമാരുടെ സർഗ്ഗാത്മകമായ ഒത്തുചേരലായാണ് ഈ പദ്ധതിയെ ബിനാലെ ക്യൂറേറ്റർ നിഖിൽ ചോപ്ര വിശേഷിപ്പിച്ചത്. ദാരിദ്ര്യത്തിലും ഇല്ലായ്മയിലും പോലും സ്നേഹത്തോടെയും കരുതലോടും കൂടി മറ്റുള്ളവർക്ക് ഭക്ഷണം നൽകുന്ന അടുക്കളകളിൽ നിന്നാണ് 'ബറക്ക'യുടെ ആശയം ഉടലെടുത്തതെന്ന് ബാനി പറയുന്നു. ആളുകൾ ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുകയും മനസറിഞ്ഞ് സംസാരിക്കുകയും ചെയ്യുന്ന ദസ്തർഖാൻ എന്ന സങ്കൽപ്പത്തിന് അനുയോജ്യമായ ഇടമായാണ് ഈ ഭക്ഷണശാല രൂപകൽപ്പന ചെയ്തിരിക്കുന്നത്.
കടലിന് അഭിമുഖമായി നിൽക്കുന്ന, പുല്ലു മേഞ്ഞ മേൽക്കൂരയും ചാണകം മെഴുകിയ തറയും ചെറിയ ഇരിപ്പിടങ്ങളുമുള്ള ഇവിടെ പുരാതനവും എന്നാൽ ആധുനികവുമായ ഭാവമുണ്ട്. തെങ്ങിൻ തടികളും തെങ്ങോലയും കയർ നാരുകളും ഉപയോഗിച്ച് നിർമ്മിച്ച ഈ ഘടന പ്രകൃതിയുടെ അനുഗ്രഹങ്ങളെയും വ്യവസായവൽക്കരണത്തിന് മുൻപുള്ള പ്രാദേശികമായ നിർമ്മാണ രീതികളെയും ഓർമ്മിപ്പിക്കുന്നു.
മേശകളിൽ വിരിച്ചിരിക്കുന്ന ദസ്തർഖാനുകളിൽ 'നിങ്ങളുടെ അതിഥി നിങ്ങളുടെ മേശയിൽ നിന്ന് ആഹാരം കഴിക്കുന്നതിൽ നന്ദിയുള്ളവരായിരിക്കുക' എന്ന പേർഷ്യൻ വചനം ഇംഗ്ലീഷിലും ഉറുദുവിലും ആലേഖനം ചെയ്തിട്ടുണ്ട്. 2025 നവംബറിൽ ഇരുവരും ബെർലിനിൽ നടത്തിയ വിരുന്നുകളുടെ ഓർമ്മകളാണ് ഷെഹ്‌സിൽ മാലിക് തുണിയിൽ ചിത്രീകരിച്ചിരിക്കുന്നത്. ഗാസ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ജർമ്മനിയിൽ ഐക്യദാർഢ്യ വിരുന്നുകൾ സംഘടിപ്പിക്കുന്ന ബാനി, 'ബറക്ക'യെ പ്രദർശനം എന്നതിലുപരി അനുഭവം എന്നാണ് വിളിക്കുന്നത്.
കുടുംബശ്രീ പ്രവർത്തകർ ചായയും പലഹാരങ്ങളും ഉച്ചഭക്ഷണവും വിളമ്പുന്ന ഈ ഇടം, കരുത്തുറ്റ ആശയങ്ങളുള്ള സ്ത്രീകളുടെ കൂട്ടായ്മയുടെ പ്രതീകമായി ബിനാലെയിൽ നിലകൊള്ളുന്നു. ബിനാലെയിലെത്തുന്ന സന്ദര്‍ശകരുടെ പ്രധാന ആകര്‍ഷണവും പ്രിയപ്പെട്ട വിശ്രമസ്ഥലവുമാണ് ബറാക്ക.