കേരള ടൂറിസത്തിന്റെ ‘ലെന്‍സ്‌കേപ്പ് കേരള’ ഫോട്ടോ പ്രദര്‍ശനം നാളെ മുതല്‍ നാഷണല്‍ ഗാലറി ഓഫ് മോഡേണ്‍ ആര്‍ട്ടില്‍

Bengaluru / February 26, 2026

ബെംഗളൂരു: കേരള ടൂറിസത്തിന്റെ അഖിലേന്ത്യാ ഫോട്ടോ എക്‌സിബിഷനായ ‘ലെന്‍സ്‌കേപ്പ് കേരള’ യുടെ പ്രദര്‍ശനം നാളെ മുതല്‍ (ഫെബ്രുവരി 27) നാഷണല്‍ ഗാലറി ഓഫ് മോഡേണ്‍ ആര്‍ട്ട് (എന്‍ജിഎംഎ)യില്‍ നടക്കും. ഇന്ത്യയുടെ വിവിധ സ്ഥലങ്ങളില്‍ നിന്നുള്ള പ്രശസ്തരായ പത്ത് ഫോട്ടോഗ്രാഫര്‍മാര്‍ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി പകര്‍ത്തിയ 100 തിരഞ്ഞെടുത്ത ചിത്രങ്ങളാണ് പ്രദര്‍ശനത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

കേരള ടൂറിസവുമായി സഹകരിച്ച് എന്‍ജിഎംഎ സംഘടിപ്പിക്കുന്ന പ്രദര്‍ശനം മാര്‍ച്ച് ഒന്ന് വരെ ദിവസവും രാവിലെ 11 മുതല്‍ രാത്രി 8 വരെ സന്ദര്‍ശിക്കാം.

കൊച്ചി ബിനാലെ ഫൗണ്ടേഷന്‍ ചെയര്‍പേഴ്‌സണും സംസ്ഥാന മുന്‍ ചീഫ് സെക്രട്ടറിയുമായ ഡോ.വേണു വി നാളെ വൈകുന്നേരം അഞ്ചിന് പ്രദര്‍ശനം ഉദ്ഘാടനം ചെയ്യും. എന്‍ജിഎംഎ ഡയറക്ടര്‍ പ്രിയങ്ക മേരി ഫ്രാന്‍സിസ് ചടങ്ങില്‍ പങ്കെടുക്കും.

ഛായാചിത്രങ്ങള്‍, കേരളത്തിന്റെ സംസ്‌കാരം, മനോഹരമായ പ്രകൃതി സൗന്ദര്യം, വന്യജീവികള്‍, ദൈനംദിന ജീവിതകാഴ്ചകള്‍ തുടങ്ങി ദൈവത്തിന്റെ സ്വന്തം നാടിന്റെ വൈവിധ്യമാര്‍ന്ന ഭാവങ്ങളെ സമകാലിക കാഴ്ച്ചപ്പാടില്‍ അവതരിപ്പിക്കുന്നതാണ് പ്രദര്‍ശനം.

പ്രശസ്ത കലാ നിരൂപക ഉമാ നായരാണ് ‘ലെന്‍സ്‌കേപ്പ് കേരള’ ക്യുറേറ്റര്‍. പ്രമുഖ വൈല്‍ഡ്‌ലൈഫ് ഫോട്ടോഗ്രാഫര്‍ ബാലന്‍ മാധവനാണ് ഫോട്ടോഗ്രഫി ഡയറക്ടര്‍. എച്ച് സതീഷ്, ശിവാങ് മേഹ്ത, അമിത് പാസ്രിച്ച, സൗരഭ് ആനന്ദ് ചാറ്റര്‍ജി, സൈബല്‍ ദാസ്, ഉമേഷ് ഗോഗ്ന, മനോജ് അറോറ, ഐശ്വര്യ ശ്രീധര്‍, നടാഷ കര്‍താര്‍ ഹേമരാജനി, കൗന്തേയ സിന്‍ഹ എന്നിവര്‍ പകര്‍ത്തിയ കേരളത്തിന്റെ ദൃശ്യങ്ങളാണ് പ്രദര്‍ശനത്തിലുള്ളത്.

ഫെബ്രുവരി 28 ന് ബാലന്‍ മാധവന്‍, നടാഷ കെ ഹേമരാജനി, എച്ച് സതീഷ്. സൗരഭ് എ ചാറ്റര്‍ജി എന്നിവര്‍ പങ്കെടുക്കുന്ന സൗജന്യ ഫോട്ടോഗ്രാഫി മാസ്റ്റര്‍ ക്ലാസും സംഘടിപ്പിച്ചിട്ടുണ്ട്.

ജനുവരി 20 ന് ന്യൂഡല്‍ഹിയില്‍ നിന്നാരംഭിച്ച പത്ത് നഗരങ്ങളിലൂടെയുള്ള ഈ യാത്രാ പ്രദര്‍ശനം മാര്‍ച്ച് 29 ന് കൊല്‍ക്കത്തയില്‍ സമാപിക്കും. വഡോദര, അഹമ്മദാബാദ്, പൂനെ, മുംബൈ എന്നിവിടങ്ങളിലെ പ്രദര്‍ശനം ഇതിനകം പൂര്‍ത്തിയായിട്ടുണ്ട്. ബെംഗളൂരുവിന് ശേഷം ചെന്നൈ, ഹൈദരാബാദ്, സുറത്ത് എന്നിവിടങ്ങളിലാണ് പ്രദര്‍ശനം എത്തുന്നത്.

 

Photo Gallery

+
Content
+
Content
+
Content
+
Content
+
Content
+
Content
+
Content
+
Content
+
Content
+
Content