ഒ.ബി.സി/ഒ.ഇ.സി സ്റ്റാർട്ടപ്പുകൾക്ക് പത്ത് ലക്ഷം രൂപ വരെ ധനസഹായം
Kochi / February 5, 2026
കൊച്ചി: സംസ്ഥാന പിന്നാക്ക വിഭാഗ വികസന വകുപ്പുമായി സഹകരിച്ച് കേരള സ്റ്റാർട്ടപ്പ് മിഷൻ (കെഎസ് യുഎം) ബി.സി.ഡി.ഡി(ബാക്ക് വേര്‍ഡ് ക്ലാസ് ഡെവലപ്മന്റ് ഡിപാര്‍ട്ട്മന്റ്) ധനസഹായപദ്ധതിയ്ക്കായി ഒ.ബി.സി/ഒ.ഇ.സി സ്റ്റാർട്ടപ്പുകളിൽ നിന്ന് അപേക്ഷകൾ ക്ഷണിച്ചു. തിരഞ്ഞെടുക്കപ്പെടുന്ന ഓരോ സ്റ്റാർട്ടപ്പിനും പ്രൊഡക്റ്റ് ഡെവലപ്‌മെന്റിനും വിപണി പ്രവേശനത്തിനുമായി പത്ത് ലക്ഷം രൂപ വരെ സാമ്പത്തിക സഹായം ഈ പദ്ധതിയിലൂടെ ലഭിക്കും.
പിന്നാക്ക വിഭാഗങ്ങളിൽ നിന്നുള്ള സംരംഭകർക്ക് നൂതനമായ ആശയങ്ങൾ ഉൽപ്പന്നങ്ങളാക്കി മാറ്റുന്നതിനും ബിസിനസ്സ് വിപുലീകരിക്കുന്നതിനും പിന്തുണ നൽകി എല്ലാവരെയും ഉൾക്കൊള്ളുന്ന സ്റ്റാര്‍ട്ടപ്പ് ആവാസവ്യവസ്ഥ ഒരുക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. പ്രാരംഭ ഘട്ടത്തിലുള്ള സ്റ്റാർട്ടപ്പുകൾക്ക് തങ്ങളുടെ ആശയങ്ങളുടെ സാധുത പരിശോധിക്കുന്നതിനും ഉൽപ്പന്ന നിർമ്മാണത്തിനും ആവശ്യമായ പ്രോത്സാഹനം ഇതിലൂടെ വാഗ്ദാനം ചെയ്യുന്നു.
പദ്ധതിയുടെ ആനുകൂല്യം ലഭിക്കുന്നതിനായി അപേക്ഷകർ ഒ.ബി.സി അല്ലെങ്കിൽ ഒ.ഇ.സി വിഭാഗത്തിൽപ്പെട്ട 23-നും 40-നും ഇടയിൽ പ്രായമുള്ള ബിരുദധാരികളായിരിക്കണം. അപേക്ഷിക്കുന്ന സ്റ്റാർട്ടപ്പിൽ ചുരുങ്ങിയത് 80 ശതമാനം ഓഹരി പങ്കാളിത്തം മേല്‍പറഞ്ഞ വിഭാഗങ്ങളിൽപ്പെട്ടവർക്കായിരിക്കണം. കൂടാതെ അപേക്ഷകരുടെ വാർഷിക കുടുംബ വരുമാനം അഞ്ച് ലക്ഷം രൂപയിൽ താഴെയായിരിക്കണമെന്നും നിബന്ധനയുണ്ട്. ഉത്പന്നമാതൃകാ ധനസഹായത്തിനായി (പ്രൊഡക്റ്റൈസേഷൻ ഗ്രാന്റ്) അപേക്ഷിക്കുന്ന സ്റ്റാർട്ടപ്പുകൾ നിർബന്ധമായും കേരള സ്റ്റാർട്ടപ്പ് മിഷനിൽ രജിസ്റ്റർ ചെയ്തവരും സാധുവായ കെ.എസ്.യു.എം യൂണിക് ഐഡി ഉള്ളവരും ആയിരിക്കണം.
നിശ്ചിത യോഗ്യതയുള്ള സംരംഭകർക്ക് https://grants.startupmission.in/bcdd എന്ന വെബ്സൈറ്റ് വഴി അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്.