ഉത്തരവാദിത്ത ടൂറിസം മേള ഫെബ്രുവരി 11 മുതല്‍ തിരുവനന്തപുരത്ത്

അഞ്ചു ദിവസത്തെ ഫെസ്റ്റ് ടൂറിസം മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും
Trivandrum / February 9, 2026

തിരുവനന്തപുരം: ആഗോളതലത്തില്‍ പ്രശംസ നേടിയ സുസ്ഥിര-അനുഭവവേദ്യ ടൂറിസം ഡെസ്റ്റിനേഷന്‍ എന്ന നിലയില്‍ കേരളം കൈവരിച്ച മുന്നേറ്റങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന കേരള ഉത്തരവാദിത്ത ടൂറിസം മേള ഫെബ്രുവരി 11 മുതല്‍ 15 വരെ തിരുവനന്തപുരം കനകക്കുന്നില്‍ നടക്കും. അഞ്ചു ദിവസത്തെ മേള ഫെബ്രുവരി 11 ന് വൈകുന്നേരം 3.30 ന് ടൂറിസം പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും.

സംസ്ഥാന ടൂറിസം വകുപ്പിന്‍റെ സഹകരണത്തോടെ കേരള റസ്പോണ്‍സിബിള്‍ ടൂറിസം മിഷന്‍ സൊസൈറ്റിയാണ് പരിപാടി സംഘടിപ്പിക്കുന്നത്. സംസ്ഥാനത്തുടനീളമുള്ള ഉത്തരവാദിത്ത ടൂറിസം (ആര്‍ടി) യൂണിറ്റുകള്‍, ആര്‍ടി സംരംഭകര്‍, പ്രവര്‍ത്തകര്‍, വ്യവസായ പങ്കാളികള്‍ തുടങ്ങിയവര്‍ മേളയുടെ ഭാഗമാകും.

ഉദ്ഘാടന സമ്മേളനത്തില്‍ വി.കെ പ്രശാന്ത് എംഎല്‍എ അധ്യക്ഷനാകും. എംപിമാരായ ശശി തരൂര്‍, എഎ റഹീം, മേയര്‍ വി.വി രാജേഷ് എന്നിവര്‍ മുഖ്യാതിഥികളാകും. ടൂറിസം ഡയറക്ടര്‍ ശിഖ സുരേന്ദ്രന്‍ ചടങ്ങിന് സ്വാഗതവും ഉത്തരവാദിത്ത ടൂറിസം മിഷന്‍ സൊസൈറ്റി സിഇഒ കെ രൂപേഷ് കുമാര്‍ നന്ദിയും പറയും പറയും.

കെടിഐഎല്‍ ചെയര്‍മാന്‍ എസ്കെ സജീഷ്, ടൂറിസം അഡീഷണല്‍ ഡയറക്ടര്‍ (ജനറല്‍) ശ്രീധന്യ സുരേഷ്, കൗണ്‍സിലര്‍ കെആര്‍ ക്ലീറ്റസ്, കെടിഎം സൊസൈറ്റി പ്രസിഡന്‍റ് ജോസ് പ്രദീപ്, സൗത്ത് കേരള ഹോട്ടലിയേഴ്സ് ഫോറം പ്രസിഡന്‍റ് എംആര്‍ നാരായണന്‍, ടൂറിസം ഉപദേശക സമിതി അംഗം ബേബി മാത്യു, യുഎന്‍ വിമന്‍ സംസ്ഥാന കോ-ഓര്‍ഡിനേറ്റര്‍ ഡോ. പീജ രാജന്‍ എന്നിവര്‍ സംബന്ധിക്കും.

സംസ്ഥാനത്തെ ഉത്തരവാദിത്ത ടൂറിസം യൂണിറ്റുകള്‍ ഒരുക്കിയ ഉല്‍പ്പന്നങ്ങളുടെയും കരകൗശല വസ്തുക്കളുടെയും 120 പ്രദര്‍ശന വിപണന സ്റ്റാളുകള്‍ ഫെസ്റ്റിലുണ്ടാകും. കലാപരിപാടികള്‍, സെമിനാറുകള്‍, ബിസിനസ് സെഷനുകള്‍, ഭക്ഷ്യമേള എന്നിവയും പരിപാടിയുടെ ഭാഗമാണ്.

വനിതകള്‍ നയിക്കുന്ന ആര്‍ടി യൂണിറ്റുകള്‍ക്ക് മേളയില്‍ പ്രാധാന്യം ഉണ്ടായിരിക്കുമെന്ന് ടൂറിസം ഡയറക്ടര്‍ ശിഖ സുരേന്ദ്രന്‍ പറഞ്ഞു. പ്രാദേശിക സമൂഹങ്ങളുടെ സജീവ പങ്കാളിത്തത്തോടെ ടൂറിസത്തെ സുസ്ഥിരവും സമഗ്രവുമായ പ്രവര്‍ത്തനമാക്കി താഴേത്തട്ടിലേക്ക് എത്തിക്കുകയും സ്ത്രീകളുടെ സാമൂഹിക, സാമ്പത്തിക പുരോഗതിയെന്ന ലക്ഷ്യവും മുന്‍നിര്‍ത്തിയുള്ളതാണ് ഈ ആര്‍ടി സംരംഭങ്ങളെന്നും അവര്‍ വ്യക്തമാക്കി.

ആര്‍ടി യൂണിറ്റുകളുമായി ബന്ധപ്പെട്ട കലാകാരന്മാർ അവതരിപ്പിക്കുന്ന സാംസ്കാരിക പരിപാടികള്‍ ഫെസ്റ്റിവലില്‍ ഉണ്ടായിരിക്കുമെന്ന് ഉത്തരവാദിത്ത ടൂറിസം മിഷന്‍ സൊസൈറ്റി സിഇഒ കെ രൂപേഷ് കുമാര്‍ പറഞ്ഞു. ഇത് നിരവധി ഗ്രാമങ്ങളുടെ കലാപാരമ്പര്യങ്ങള്‍ നിലനിര്‍ത്തുന്നതിനും ടൂറിസം പ്രോത്സാഹനത്തിന്‍റെ ഒരു പ്രധാന ഘടകമായി അവയെ പ്രയോജനപ്പെടുത്തുന്നതിനുമുള്ള ശ്രമമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കലാപരിപാടികളില്‍ ഫെബ്രുവരി 11 ന് വൈകുന്നേരം തിരുവാതിരക്കളി, ബാംബു ബാന്‍റ് അവതരണം എന്നിവയുണ്ടാകും. 14 ന് വൈകുന്നേരം 5.30 ന് 'ടൂറിസം മേഖലയും സ്ത്രീപക്ഷ വികസനവും' എന്ന വിഷയത്തില്‍ സെമിനാര്‍ നടക്കും.

കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെയുള്ള വിവിധ പ്രദേശങ്ങളിലെ വ്യത്യസ്തങ്ങളായ ഭക്ഷ്യവിഭവങ്ങള്‍ ആസ്വദിക്കാന്‍ അവസരം ഒരുക്കുന്നതാണ് മേളയിലെ ഫുഡ് സ്റ്റാളുകള്‍.
 

Photo Gallery