'ജോയ് ഓഫ് ലേണിംഗ്' വർക്ക്ഷോപ്പുമായി കൊച്ചി - മുസിരിസ് ബിനാലെ
Kochi / February 9, 2026
കൊച്ചി: പഠനം ജീവിതാനുഭവങ്ങളിൽ അധിഷ്ഠിതമായിരിക്കണമെന്ന സന്ദേശമുയർത്തി ഫോർട്ട് കൊച്ചി വാട്ടർ മെട്രോയിലെ എ.ബി.സി ആർട്ട് റൂമിൽ ‘ദ ജോയ് ഓഫ് ലേണിംഗ്'ശിൽപ്പശാല സംഘടിപ്പിച്ചു. ഗോവ ആസ്ഥാനമായുള്ള 'ദ ലേണിംഗ് സെന്റർ' (ടി.എൽ.സി) നടത്തിയ ‘ദ ജോയ് ഓഫ് ലേണിംഗ്: ഹൗ വി അപ്രോച്ച് ലേണിംഗ്’ എന്ന വർക്ക്ഷോപ്പ്, അനുഭവങ്ങളിലൂടെയുള്ള പഠനത്തിൻ്റെ പ്രാധാന്യം വിവരിച്ചു.. ടി.എൽ.സിയിലെ വിദ്യാർത്ഥികൾ നയിച്ച ശിൽപ്പശാലയിൽ, പ്രായോഗികവും വ്യക്തിപരവുമായ ഇടപെടലുകളിലൂടെ അറിവ് നേടുന്ന രീതിക്കാണ് മുൻഗണന നൽകിയത്.
ടി.എൽ.സിയുടെ സവിശേഷമായ പഠനരീതികൾ നേരിട്ട് മനസ്സിലാക്കുന്നതിനായി വിദ്യാർത്ഥി കൾക്ക് വിവിധ കളികളും വർക്ക്ഷോപ്പിന്റെ ഭാഗമായി സംഘടിപ്പിച്ചു.
ശാസ്ത്രം, സമൂഹം, ഭാഷ എന്നിവ സ്വാഭാവികമായി ഒത്തുചേരുന്ന ജീവിതത്തെ സമഗ്രമായ രീതിയിൽ മനസ്സിലാക്കാനാണ് ടി.എൽ.സിയിൽ തങ്ങൾ ശ്രമിക്കുന്നതെന്ന് ശിൽപ്പശാലക്ക് നേതൃത്വം നൽകിയ കൗശിക് പ്രണൂ പറഞ്ഞു. കുട്ടികൾ പ്രത്യേക നിർദ്ദേശങ്ങളൊന്നുമില്ലാതെ തന്നെ സ്വയം ചിത്രങ്ങൾ വരയ്ക്കുന്നതും കളിക്കുന്നതും ഒത്തൊരുമിച്ച് പഠിക്കുന്നതും കാണുന്നത് ഏറെ സന്തോഷകരമാണെന്നും, വിദ്യാഭ്യാസത്തെ ജീവിതമായിത്തന്നെ കാണുന്നതാണ് ടി.എൽ.സിയുടെ രീതിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ലോകത്തിൽ തങ്ങളുടെ പങ്കിനെക്കുറിച്ച് ചിന്തിക്കാൻ പഠിതാക്കളെ പ്രേരിപ്പിക്കുന്ന ടി.എൽ.സിയുടെ വൈവിധ്യമാർന്ന പഠനരീതി വർക്ക്ഷോപ്പിൽ പങ്കെടുത്തവർക്ക് പുതിയ അനുഭവമായി.