ഇന്‍ഫോപാര്‍ക്ക് തൃശൂര്‍ ഷട്ടിൽ ബാഡ്മിന്റൺ ടൂർണമെന്റ്; 70 ടീമുകൾ മാറ്റുരച്ചു

Thrissur / February 11, 2026

തൃശ്ശൂർ: ഇൻഫോപാർക്ക് തൃശ്ശൂരിലെ ഐടി ജീവനക്കാരുടെ കൂട്ടായ്മയായ ഇൻഫോപാർക്ക് തൃശ്ശൂർ ടെക്കീസ് ക്ലബ്ബിന്റെ (ഐടിടിസി) ആഭിമുഖ്യത്തിൽ ജീവനക്കാർക്കായി സംഘടിപ്പിച്ച ഷട്ടിൽ ബാഡ്മിന്റൺ ടൂർണമെന്റ് സമാപിച്ചു. കൊരട്ടി ഗോളോ ഗോള്‍ സ്പോർട്സ് ഹബ്ബിൽ നാല് ദിവസങ്ങളിലായാണ് മത്സരങ്ങൾ അരങ്ങേറിയത്. ഇൻഫോപാർക്കിലെ വിവിധ കമ്പനികളിൽ നിന്നായി എഴുപതോളം ടീമുകൾ മത്സരങ്ങളില്‍ പങ്കെടുത്തു.

മെൻസ് ഡബിൾസ്, വുമൺസ് ഡബിൾസ്, മിക്സഡ് ഡബിൾസ് എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലായാണ് മത്സരങ്ങൾ ക്രമീകരിച്ചിരുന്നത്. പുരുഷവിഭാഗം ഡബിൾസിൽ സ്ട്രാൻഡ്‌സ് എനർജിയിലെ വിഷ്ണു ദാസ്, അഖിൽ എന്നിവർ ജേതാക്കളായപ്പോൾ ജി.ആർ8 ഗ്ലോബലിലെ അമൽ തോമസ്, അമൽ സഖ്യം റണ്ണേഴ്സ് അപ്പായി. വനിതാ വിഭാഗം ഡബിൾസ് വിഭാഗത്തിൽ ക്യുബേസ്റ്റിലെ ധേനുക, സ്നേഹ എന്നിവർ ഒന്നാം സ്ഥാനവും ആർ.ഡി.എസിലെ ശരണ്യ, ആസിയ എന്നിവർ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. ഏറെ ആവേശം നിറഞ്ഞ മിക്സഡ് ഡബിൾസ് മത്സരത്തിൽ ക്യുബസ്റ്റിലെ നിതീഷ്, ധേനുക സഖ്യം വിജയികളായപ്പോൾ സ്ട്രാൻഡ്‌സ് എനർജിയിലെ അഖിൽ, നയന സഖ്യത്തിനാണ് രണ്ടാം സ്ഥാനം.

വാശിയേറിയ പോരാട്ടങ്ങൾക്കൊടുവിൽ വിജയികളായവർക്ക് ട്രോഫികളും ക്യാഷ് പ്രൈസും സമ്മാനിച്ചു. ടെക്കികൾക്കിടയിൽ കായികക്ഷമത വളർത്തുക, മാനസിക സമ്മര്‍ദ്ദം ലഘൂകരിക്കുക, ജോലിത്തിരക്കുകൾക്കിടയിൽ സൗഹൃദം വളര്‍ത്തിയെടുക്കുക തുടങ്ങിയ ലക്ഷ്യങ്ങള്‍ മുന്‍നിറുത്തിയാണ് കായിക മത്സരങ്ങള്‍ സംഘടിപ്പിച്ചു വരുന്നത്.

ഐടിടിസി പ്രസിഡന്റ് ജോസാന്റോ തോമസ്, സെക്രട്ടറി സൂരജ് ആര്‍ എ, ട്രഷറർ ജോമി ജോൺസൺ, സംഘാടക സമിതി അംഗങ്ങളായ വിഷ്ണു ദാസ്, അഖിൽ, നിക്സൺ, അഭിജിത്ത് എം തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു മത്സരപരിപാടികള്‍ സംഘടിപ്പിച്ചത്. ഭാവിയില്‍ ജീവനക്കാർക്കായി കൂടുതൽ വൈവിധ്യമാര്‍ന്ന വിനോദ-കായിക മത്സരങ്ങൾ സംഘടിപ്പിക്കുമെന്ന് ഐടിടിസി ക്ലബ്ബ് ഭാരവാഹികൾ അറിയിച്ചു

 

Photo Gallery

+
Content