കലയെന്നത് ജന്മവാസന - മറീന അബ്രമോവിച്ച്
Kochi / February 11, 2026
കൊച്ചി: കല എന്നത് കേവലം പരിശീലനത്തിലൂടെ മാത്രം ലഭിക്കുന്ന ഒന്നല്ലെന്നും അത് ഓരോ കലാകാരനിലും ജന്മനാ ഉണ്ടാകേണ്ട ഒന്നാണെന്നും സമകാലിക കലാലോകത്തെ മുത്തശ്ശിയെന്നറിയപ്പെടുന്ന വിശ്വപ്രസിദ്ധ സെർബിയൻ പെർഫോമൻസ് ആർട്ടിസ്റ്റ് മറീന അബ്രമോവിച്ച് പറഞ്ഞു. കൊച്ചി-മുസിരിസ് ബിനാലെയുടെ ആറാം പതിപ്പിനോടനുബന്ധിച്ച് ‘പെർഫോമൻസ് ആർട്ടിന്റെ ഭൂതവും വർത്തമാനവും ഭാവിയും’ എന്ന വിഷയത്തിൽ വെല്ലിംഗ്ടണ്‍ ഐലന്‍ഡിലെ സാമുദ്രിക കണ്‍വെന്‍ഷന്‍ സെന്ററില്‍ നടത്തിയ പ്രഭാഷണത്തില്‍ അവർ അഭിപ്രായപ്പെട്ടു.
പെർഫോമൻസ് ആർട്ടിന്റെ പിന്നിലെ ദർശനം, അച്ചടക്കം, വൈകാരികത എന്നിവയെക്കുറിച്ച് സന്ദർശകർക്ക് ആഴത്തിലുള്ള ഉൾക്കാഴ്ച നൽകുന്നതായിരുന്നു പ്രഭാഷണം. വിദ്യാഭ്യാസത്തിലൂടെ കഴിവിനെ തേച്ചുമിനുക്കാൻ സാധിക്കുമെങ്കിലും യഥാർത്ഥ സർഗ്ഗാത്മകത സ്വാഭാവികമായി ഉള്ളിൽ നിന്ന് തന്നെ ഉണ്ടാകണം. മൊസാർട്ട്, മൈക്കലാഞ്ചലോ എന്നിവർക്കൊപ്പം മെക്സിക്കൻ ചിത്രകാരി ഫ്രിഡ കഹ്‌ലോയെയും അവർ ഉദാഹരണമായി ചൂണ്ടിക്കാട്ടി. കടുത്ത ശാരീരിക വേദനകളും സാമ്പത്തിക ബുദ്ധിമുട്ടുകളും അനുഭവിച്ചിട്ടും ഫ്രിഡ കഹ്‌ലോ തന്റെ ഉള്‍ക്കാഴ്ചകളെ കലയിലൂടെ ആവിഷ്കരിച്ചത് അവർ അനുസ്മരിച്ചു.
ഓരോ കലാകാരനും ആശയങ്ങൾ പ്രകടിപ്പിക്കാൻ ഏറ്റവും അനുയോജ്യമായ മാധ്യമം തിരിച്ചറിയേണ്ടത് അത്യാവശ്യമാണ്. ആവിഷ്കാര മാധ്യമങ്ങൾ ഇടയ്ക്കിടെ മാറുന്നത് കലാകാരന്റെ വ്യക്തിത്വം നഷ്ടപ്പെടാൻ കാരണമാകുമെന്ന് അവർ ഓർമ്മിപ്പിച്ചു. കിഴക്കൻ രാജ്യങ്ങളിലെ ആത്മീയതയും ഏകാഗ്രതയും 79 വയസ്സുുള്ള തന്റെ കലയിൽ വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ടെന്ന് അവര്‍ പറഞ്ഞു. ധ്യാനത്തിലൂടെ ഈ സംസ്ക്കാരം താൻ സ്വന്തം പ്രക്രിയയുടെ ഭാഗമാക്കിയിട്ടുണ്ട്. പെർഫോമൻസ് ആർട്ടിന് ശരീരത്തെയും മനസ്സിനെയും കുറിച്ചുള്ള പൂർണ്ണമായ അറിവ് ആവശ്യമാണ്, കാരണം ഇവിടെ കലാകാരൻ തന്നെയാണ് സൃഷ്ടിയും അതിനുള്ള മാധ്യമവുമെന്നും അവര്‍ പറഞ്ഞു. മഹാനായ കലാകാരൻ ലോകത്തിന്റെ കാഴ്ചപ്പാടുകളെ പുനർനിർവ്വചിക്കുന്നതിനായി സ്വന്തം സൗകര്യങ്ങൾ പോലും ത്യജിക്കുന്നു. കാസിമിർ മലേവിച്ച്, മാർക്ക് റോത്കോ, മാർസെൽ ഡുഷാംപ്, വിൻസെന്റ് വാൻ ഗോഗ് തുടങ്ങിയവർ കലാലോകത്ത് വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവന്ന കലാകാരന്മാരാണെന്ന് അവർ ചൂണ്ടിക്കാട്ടി.
പ്രകടനകലയില്‍ തന്നേക്കാള്‍ മികച്ച സംഭാവനകള്‍ നല്‍കിയത് അമേരിക്കയിലുള്ള തായ്വാനീസ് ആര്‍ട്ടിസ്റ്റ് തെച്ചിംഗ് ഹീഷ് ആണെന്ന് അവര്‍ ചൂണ്ടിക്കാട്ടി. പ്രകടനകലയില്‍ ശാരീരികവും മാനസികവുമായ അദ്ദേഹത്തിന്റെ സ്ഥൈര്യം മികച്ചതാണ്. ശരീരം ഉപയോഗിച്ച് വ്യക്തിത്വം, ഫാഷന്‍, കാഴ്ച എന്നിവയെ പുനര്‍നിര്‍വചിച്ച ആസ്ത്രേലിയന്‍ ആര്‍ട്ടിസ്റ്റ് ലീ ബോവെറിയുടെ സ്വാധീനത്തെക്കുറിച്ചും അവര്‍ എടുത്തു പറഞ്ഞു.
ചിത്രകലയിൽ നിന്ന് പെർഫോമൻസ് ആർട്ടിലേക്കുള്ള തന്റെ മാറ്റത്തെക്കുറിച്ചും ആദ്യ പ്രകടനത്തിൽ അനുഭവിച്ച ആഴത്തിലുള്ള ആത്മബന്ധത്തെക്കുറിച്ചും അബ്രമോവിച്ച് വിവരിച്ചു. കലാകാരനും പ്രേക്ഷകനും തമ്മിലുള്ള ഊർജ്ജ കൈമാറ്റമാണ് പ്രകടനകലയുടെ കാതൽ. ഒരു നിമിഷത്തിൽ മാത്രം നിലനിൽക്കുന്ന പ്രകടനം പ്രേക്ഷകനിൽ വലിയ സ്വാധീനം ചെലുത്തുന്നുവെന്നും അവര്‍ പറഞ്ഞു.