കേരള ടൂറിസത്തിന്‍റെ 'ലെന്‍സ്കേപ്പ് കേരള' ഫോട്ടോ എക്സിബിഷന്‍ മുംബൈയില്‍ ആരംഭിച്ചു

Mumbai / February 12, 2026

മുംബൈ: കേരളത്തിന്‍റെ വൈവിധ്യമാര്‍ന്ന ഭൂപ്രകൃതിയെയും സംസ്കാരത്തെയും പ്രദര്‍ശിപ്പിച്ചുകൊണ്ട് സംസ്ഥാന ടൂറിസം വകുപ്പ് സംഘടിപ്പിക്കുന്ന അഖിലേന്ത്യ ഫോട്ടോ എക്സിബിഷനായ 'ലെന്‍സ്കേപ്പ് കേരള'യ്ക്ക് മുംബൈ ജഹാംഗീര്‍ ആര്‍ട്ട് ഗാലറിയില്‍ തുടക്കമായി. പ്രശസ്ത ചലച്ചിത്രകാരിയും ഫോട്ടോഗ്രാഫറുമായ സൂനി താരപോരെവാല പ്രദര്‍ശനം ഉദ്ഘാടനം ചെയ്തു.

 രാജ്യത്തെ 10 പ്രമുഖ ട്രാവല്‍, മീഡിയ ഫോട്ടോഗ്രാഫര്‍മാര്‍ കേരളത്തില്‍ നിന്ന് പകര്‍ത്തിയ 75 ചിത്രങ്ങളാണ് എക്സിബിഷനില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. പ്രശസ്ത ആര്‍ട്ട് ക്യൂറേറ്ററും നിരൂപകയുമായ ഉമാ നായരാണ് പ്രദര്‍ശനത്തിന്‍റെ ക്യൂറേറ്റര്‍.

ഉദ്ഘാടനത്തിനുശേഷം ഉമാ നായര്‍ ഫോട്ടോഗ്രാഫര്‍മാരായ അമിത് പശ്രിച്ച, ഐശ്വര്യ ശ്രീധര്‍, നതാഷ കര്‍താര്‍ ഹേമരാജനി, സൗരഭ് ചാറ്റര്‍ജി, മനോജ് അറോറ എന്നിവര്‍ക്കൊപ്പം പ്രദര്‍ശനത്തെക്കുറിച്ച് വിശദീകരിച്ചു.


കേരളത്തെ പ്രധാന ടൂറിസം ഡെസ്റ്റിനേഷനായി ഉയര്‍ത്തിക്കാട്ടുന്നതിനൊപ്പം സംസ്ഥാനത്തിന്‍റെ ഭൂപ്രകൃതി, സംസ്കാരം, സവിശേഷതകള്‍ എന്നിവ കൂടി കാഴ്ചക്കാര്‍ക്കു മുന്നിലെത്തിക്കുന്നതാണ് പ്രദര്‍ശനത്തിലെ ചിത്രങ്ങള്‍.


ഫെബ്രുവരി 15 വരെയാണ് എക്സിബിഷന്‍. എല്ലാ ദിവസവും രാവിലെ 11 മുതല്‍ രാത്രി 8 വരെ പൊതുജനങ്ങള്‍ക്ക് സന്ദര്‍ശിക്കാം.

കേരളത്തിന്‍റെ ഊഷ്മളതയും ഊര്‍ജ്ജസ്വലതയും പകര്‍ത്തുന്ന അഖിലേന്ത്യാ ഫോട്ടോ എക്സിബിഷന്‍റെ യാത്ര കോസ്മോപൊളിറ്റന്‍ നഗരമായ  മുംബൈയിലേക്ക് കൊണ്ടുവരുന്നതില്‍ അതിയായ സന്തോഷമുണ്ടെന്ന് ടൂറിസം മന്ത്രി പി.എ മുഹമ്മദ് റിയാസ് ഓണ്‍ലൈന്‍ സന്ദേശത്തില്‍ പറഞ്ഞു. കേരളവുമായി മുംബൈക്ക് ദീര്‍ഘകാലമായി നിലനില്‍ക്കുന്ന ബന്ധമുണ്ട്. കേരളത്തിന്‍റെ സാംസ്കാരിക വൈവിധ്യവും ബഹുസ്വരതയും അടയാളപ്പെടുത്തുന്നതാണ് ലെന്‍സ്കേപ്പ് കേരള എക്സിബിഷന്‍. ലോകമെമ്പാടും പ്രശംസ നേടിയ ലക്ഷ്യസ്ഥാനമായ കേരളത്തിലെ വനങ്ങള്‍, മലകള്‍, കായലുകള്‍, ആരാധനാലയങ്ങള്‍, ഉത്സവങ്ങള്‍ തുടങ്ങി വ്യത്യസ്തങ്ങളായ ടൂറിസം ആകര്‍ഷണങ്ങളെക്കുറിച്ച് സഞ്ചാരികള്‍ക്ക് ധാരണ നല്‍കുന്നതായിരിക്കും ഈ പ്രദര്‍ശനമെന്നും മന്ത്രി പറഞ്ഞു.

എക്സിബിഷനില്‍ ഭാഗമായ ഫോട്ടോഗ്രാഫര്‍മാര്‍ കഴിഞ്ഞ ഡിസംബറില്‍ അഞ്ച് ദിവസം കേരളത്തിലെ വിവിധ പ്രദേശങ്ങള്‍ സന്ദര്‍ശിച്ചിരുന്നു. ഈ യാത്രയില്‍ പകര്‍ത്തിയ ചിത്രങ്ങളാണ് 'ലെന്‍സ്കേപ്പ് കേരള'യില്‍ പ്രദര്‍ശിപ്പിക്കുന്നത്. കേരളത്തിന്‍റെ പ്രകൃതി, വന്യജീവി, പൈതൃകം, ഗ്രാമീണ തീരദേശ ജീവിതം, വാസ്തുവിദ്യ, ഉത്സവങ്ങള്‍, ആത്മീയത തുടങ്ങിയവ ഫോട്ടോകളില്‍ ഉള്‍ക്കൊള്ളുന്നു. വിനോദസഞ്ചാരികള്‍ നവീനവും വൈവിധ്യമാര്‍ന്നതുമായ അനുഭവങ്ങള്‍ തേടുന്ന അവസരത്തില്‍ ഫോട്ടോ എക്സിബിഷനിലൂടെ കേരളം പുതിയൊരു പ്രചാരണ സംരംഭത്തിന് തുടക്കമിട്ടിരിക്കുകയാണ്.

ഫെബ്രുവരി 13 ന് ഉച്ചയ്ക്ക് 2 മുതല്‍ 5 വരെ പ്രദര്‍ശനത്തിന്‍റെ ഭാഗമായി ഒരു മാസ്റ്റര്‍ ക്ലാസും ക്രമീകരിച്ചിട്ടുണ്ട്.

ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്ത അഞ്ച് ഫോട്ടോഗ്രാഫര്‍മാരെ കൂടാതെ എച്ച്. സതീഷ്, കൗന്തേയ സിന്‍ഹ, ശിവാങ് മേത്ത, സൈബാല്‍ ദാസ്, ഉമേഷ് ഗോഗ്ന എന്നിവരാണ് എക്സിബിഷനില്‍ ഉള്‍പ്പെടുന്ന മറ്റ് ഫോട്ടോഗ്രാഫര്‍മാര്‍.

മുംബൈയിലെ പ്രദര്‍ശനത്തിനു ശേഷം പൂനെ (ഫെബ്രുവരി 18-20), ബെംഗളൂരു (ഫെബ്രുവരി 27-മാര്‍ച്ച് 1), ചെന്നൈ (മാര്‍ച്ച് 4-7), ഹൈദരാബാദ് (മാര്‍ച്ച് 12-14), കൊല്‍ക്കത്ത (മാര്‍ച്ച് 22-24) സൂറത്ത് (മാര്‍ച്ച് 29-31) എന്നിവിടങ്ങളില്‍ എക്സിബിഷന്‍ നടക്കും.

രാജ്യത്തെ 10 പ്രധാന നഗരങ്ങളിലായി രണ്ടര മാസത്തോളം നീളുന്ന പ്രദര്‍ശനത്തിന് ജനുവരി 20 ന് ന്യൂഡല്‍ഹിയിലാണ് തുടക്കമായത്. വഡോദര, അഹമ്മദാബാദ് എന്നീ നഗരങ്ങളിലും 'ലെന്‍സ്കേപ്പ് കേരള' നടന്നു.

Photo Gallery

+
Content
+
Content
+
Content
+
Content
+
Content
+
Content
+
Content
+
Content