ഗാന്ധിയൻ ആദർശങ്ങൾ പകർത്തി ആർട്ടിസ്റ്റ് ശിവ (കോപ് ശിവ) യുടെ ഫോട്ടോ പരമ്പര കൊച്ചി ബിനാലെയിൽ
Kochi / February 23, 2026
കൊച്ചി: മഹാത്മാഗാന്ധിയുടെ പൈതൃകം പ്രമേയമാക്കി ആർട്ടിസ്റ്റ് ശിവ (കോപ് (പോലീസ്) ശിവ) ഒരുക്കിയ 'ബീയിംഗ് ഗാന്ധി' (2012) എന്ന ഫോട്ടോ പരമ്പര സമകാലിക ഇന്ത്യയിൽ ഗാന്ധിയൻ ആദർശങ്ങൾക്കുള്ള പ്രസക്തിയാണ് ചര്‍ച്ച ചെയ്യുന്നത്. കൊച്ചി ബിനാലെ ഫൗണ്ടേഷന്റെ കൊളാറ്ററല്‍ പ്രദര്‍ശനങ്ങളുടെ ഭാഗമായി ഫോർട്ട് കൊച്ചി കൽവത്തി റോഡിലെ കെഎം ബിൽഡിംഗിലാണ് ഫോട്ടോ പരമ്പര ഒരുക്കിയിട്ടുള്ളത്.
റിസ്ക് ആർട്ട് ഇനിഷ്യേറ്റീവിന് വേണ്ടി ക്യൂറേറ്റർ മൊര്‍ത്താസ വാലി ഒരുക്കിയ 'ലൈക്ക് ഗോൾഡ്' എന്ന പ്രദർശനത്തിന്റെ ഭാഗമായാണ് ഈ ചിത്രങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നത്. കർണാടക കടൂർ സ്വദേശിയും മുൻ അധ്യാപകനുമായ ബാഗഡേഹള്ളി ബസവരാജിന്റെ ജീവിതമാണ് ഈ ചിത്രങ്ങളിലുള്ളത്. ഗാന്ധിയൻ മൂല്യങ്ങൾ പ്രചരിപ്പിക്കുന്നതിനായി സ്വയം ഗാന്ധിയായി ജീവിക്കുന്ന വ്യക്തിയാണ് ബസവരാജ്.
മുൻ പോലീസ് ഉദ്യോഗസ്ഥൻ കൂടിയായ ശിവ, 2011-ൽ ബെംഗളൂരുവിലെ സാംസ്കാരിക പരിപാടിയില്‍ ഡ്യൂട്ടിയിലായിരിക്കെയാണ് ബസവരാജിനെ ആദ്യമായി കാണുന്നത്. പിന്നീട് ആഴ്ചകൾ നീണ്ട പരിശ്രമത്തിനൊടുവിൽ അദ്ദേഹത്തെ കണ്ടെത്തുകയും 16 വർഷം നീണ്ട ഡോക്യുമെന്റേഷനിലൂടെ കലാസൃഷ്ടി പൂർത്തിയാക്കുകയുമായിരുന്നു. ദേശീയ ഉത്സവങ്ങളിൽ സ്ഥിരമായി ഗാന്ധിയായി വേഷമിടുന്ന ബസവരാജ് സമാധാനത്തെയും ലളിതജീവിതത്തെയും കുറിച്ച് സംസാരിക്കാൻ സ്വന്തം ചെലവിൽ വിവിധയിടങ്ങളിൽ യാത്ര ചെയ്യുന്നു. ശരീരത്തിൽ വെള്ളി നിറത്തിലുള്ള പെയിന്റ് പൂശി ഗാന്ധിയുടെ ജീവിക്കുന്ന സാന്നിധ്യമായാണ് അദ്ദേഹം പൊതുവേദികളിൽ എത്തുന്നത്.
ബസവരാജിന്റെ വേഷപ്പകർച്ച ഗാന്ധിയൻ തത്വശാസ്ത്രത്തോടുള്ള അദ്ദേഹത്തിന്റെ പ്രതിബദ്ധതയാണെന്ന് ക്യൂറേറ്റർ മുർത്തസ വാലി നിരീക്ഷിക്കുന്നു. ഗാന്ധിയുടെ വേഷവിധാനങ്ങൾക്കൊപ്പം ലോഹനിറത്തിലുള്ള പെയിന്റും ഉപയോഗിച്ച് പ്രതിമയെന്ന പോലെ അദ്ദേഹം സ്വയം മാറുന്നു. ഗാന്ധിജിയെ ചരിത്രപുരുഷൻ എന്നതിലുപരി ഐതിഹാസിക തലത്തിലേക്ക് ഉയർത്തുന്നുവെന്നും വാലി ചൂണ്ടിക്കാട്ടി.
അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധിക്കപ്പെട്ട കലാസൃഷ്ടിയിലൂടെ വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവർ ഗാന്ധിയൻ തത്വങ്ങളെക്കുറിച്ച് ചിന്തിക്കാനും പഠിക്കാനും പ്രായോഗികമാക്കാനും ശിവ ആഗ്രഹിക്കുന്നു. ലോകത്തിലെ പ്രധാന കലാവേദികളിലൊന്നായ കൊച്ചി ബിനാലെയുടെ പങ്കാളിത്തത്തില്‍ തന്റെ സൃഷ്ടികൾ പ്രദർശിപ്പിക്കാൻ കഴിഞ്ഞത് വലിയ അവസരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.