ക്വീര്‍ ജീവിതം- സ്വകാര്യത, അതിജീവനം, നിയമ പോരാട്ടങ്ങള്‍: സ്റ്റുഡന്റ്സ് ബിനാലെയില്‍ ഷാക്കിബുള്‍ ഇസ്ലാം

Kochi / February 22, 2026

കൊച്ചി: അടുപ്പം എന്നത് കേവലം ശാരീരികമായ ഒന്നല്ലെന്നും അത് വൈകാരികവും മാനസികവുമായ ആത്മബന്ധം കൂടിയാണെന്നാണ് പശ്ചിമ ബംഗാളിൽ നിന്നുള്ള യുവ ക്വീര്‍ ആർട്ടിസ്റ്റ് ഷാക്കിബുൾ ഇസ്‌ലാം സ്റ്റുഡന്റ്സ് ബിനാലെയില്‍ പ്രദർശിപ്പിച്ചിട്ടുള്ള  തൻ്റെ കലാസൃഷ്ടിയിലൂടെ പറയാനാഗ്രഹിക്കുന്നത്. മട്ടാഞ്ചേരി ബിഎംഎസ് ഹാളില്‍  'സീക്കിംഗ് ഇന്റിമസീസ്'എന്ന പ്രമേയത്തിൽ ഒരുക്കിയിരിക്കുന്ന ഈ ചിത്രങ്ങൾ ക്വീര്‍ ജീവിതത്തിലെ സ്വകാര്യ നിമിഷങ്ങൾ, നിയമപരമായ പോരാട്ടങ്ങൾ, അതിജീവനം എന്നിവയെ ആഴത്തിൽ അടയാളപ്പെടുത്തുന്നവയാണ്.

കൊൽക്കത്ത സ്വദേശിയായ ഷാക്കിബുൾ നിലവിൽ മുംബൈ സർ ജെ.ജെ. സ്കൂൾ ഓഫ് ആർട്ട്, ആർക്കിടെക്ചർ ആൻഡ് ഡിസൈനിൽ മാസ്റ്റേഴ്സ് ബിരുദത്തിന് പഠിക്കുകയാണ്. അദ്ദേഹത്തിന്റെ അഞ്ച് ചിത്രങ്ങളാണ് ബിനാലെയിലെ സ്റ്റുഡന്റ്സ് വിഭാഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.ദി സെക്യുലര്‍ ആര്ട്ട്ക ളക്ടീവ് കൂട്ടായ്മയാണ് ഷാക്കിബുളിന്റെ സൃഷ്ടി ക്യൂറേറ്റ് ചെയ്തിരിക്കുന്നത്. ഭൂഷണ്‍ ബോംബാലെ, സാലിക് അന്സാേരി, ഷമീം ഖാന്‍, ഷാമൂദ അമ്രേലിയ എന്നിവരാണ് ക്യൂറേറ്റര്മാാര്‍.

ലൈംഗികത, വസ്ത്രധാരണം, തുടങ്ങിയവയില്‍ മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തമായ ജീവിതം നയിക്കുന്നതിനാണ് ക്വീര്‍ എന്ന വാക്ക് കൊണ്ട് വിശേഷി‌പ്പിക്കുന്നത്.

ഷാക്കിബുൾ ഇസ്‌ലാമിന്റെ കലാസൃഷ്ടികളെ വിശാലമായ ഭരണഘടനാപരവും ധാർമ്മികവുമായ ഉത്തരവാദിത്തത്തിന്റെ പശ്ചാത്തലത്തിലാണ്ക്യൂറേറ്റർമാർ  അടയാളപ്പെടുത്തുന്നത്. സുരക്ഷിതമായ അന്തരീക്ഷത്തില്‍ കലാകാരന്റെ ആവിഷ്കാരങ്ങളെ സെൻസർഷിപ്പുകൾക്ക് വിധേയമാകാതെ അവതരിപ്പിക്കുക എന്നതാണ് ക്യൂറേറ്റർമാർ എന്ന നിലയിൽ തങ്ങളുടെ ബാധ്യതയെന്ന് അവർ വ്യക്തമാക്കുന്നു. ഷാക്കിബുൾ ഇസ്‌ലാമിന്റെ സൃഷ്ടികൾ 'ക്വിയർ' ആഖ്യാനങ്ങളിൽ നിന്നാണ് ഉടലെടുക്കുന്നതെങ്കിലും, അവ ഡോ. ബി.ആർ. അംബേദ്കർ വിഭാവനം ചെയ്ത ഭരണഘടനാപരമായ സംരക്ഷണങ്ങളിൽ അടിയുറച്ചതാണ്. സാമൂഹികമായ എതിർപ്പുകൾ നിലനിൽക്കുന്നുണ്ടെങ്കിലും, സുപ്രീം കോടതിയുടെ സമീപകാല വിധിയിലൂടെ നിയമസാധുത ലഭിച്ചഅവകാശങ്ങൾകലാസൃഷ്ടികൾക്ക് കൂടുതൽ കരുത്തുപകരുന്നുവെന്നും ക്യൂറേറ്റർമാർ കൂട്ടിച്ചേർത്തു.

പ്രദർശനത്തിലുള്ള ചിത്രങ്ങളിൽ രണ്ട് സൃഷ്ടികൾ ഇന്ത്യൻ ഭരണഘടനയെയും ക്വീര്‍ സമൂഹം നേരിടുന്ന നിയമപരമായ തടസ്സങ്ങളെയും നേരിട്ട് അഭിസംബോധന ചെയ്യുന്നവയാണ്. ക്വീര്‍പങ്കാളികൾക്ക് കുട്ടികളെ ദത്തെടുക്കുന്നതിലുള്ള നിയന്ത്രണങ്ങളെയും നിയമപരമായ അവഗണനകളെയും ചിത്രങ്ങൾ ചോദ്യം ചെയ്യുന്നു. രണ്ട് അച്ഛന്മാരോ രണ്ട് അമ്മമാരോ അടങ്ങുന്ന സന്തുഷ്ട കുടുംബങ്ങളെ ക്യാൻവാസിൽ ആവിഷ്കരിക്കുന്നതിലൂടെ നിയമപരമായ തുല്യത കൈവന്നാൽ സമൂഹം എങ്ങനെയായിരിക്കുമെന്ന് അദ്ദേഹം വിഭാവനം ചെയ്യുന്നു.

വിവാഹജീവിതത്തിലെ സമത്വത്തെക്കുറിച്ചുള്ള ചർച്ചകളും ഷാക്കിബുളിന്റെ ചിത്രങ്ങളിൽ പ്രതിപാദിക്കുന്നുണ്ട്. ബംഗാളി ഹിന്ദു-മുസ്ലിം വരന്മാർ വിവാഹത്തിനായി കാത്തുനിൽക്കുന്ന ചിത്രം ക്വീര്‍സ്വത്വത്തോടൊപ്പം മതേതരത്വത്തിന്റെ പ്രാധാന്യത്തെയും ഉയർത്തിക്കാട്ടുന്നു. ക്വീര്‍വ്യക്തികളുടെ സ്വകാര്യ നിമിഷങ്ങളിൽ പോലും നിഴലിക്കുന്ന ഭയത്തെയും സാമൂഹികമായ നിരീക്ഷണങ്ങളെയും കലയിലൂടെ വരച്ചുകാട്ടുന്നു. തെറ്റൊന്നും ചെയ്യുന്നില്ലെങ്കിലും സമൂഹത്തിന്റെ മുൻവിധികളെ ഭയന്ന് ജീവിക്കേണ്ടി വരുന്നവരുടെ ആത്മസംഘർഷങ്ങൾ ഈ ചിത്രങ്ങളിൽ നിഴലിക്കുന്നുണ്ട്.

ഡേറ്റിംഗ് ആപ്പുകളും റെയിൽവേ ട്രാക്കുകൾ, പൊതു ശൗചാലയങ്ങൾ തുടങ്ങിയ ഇടങ്ങളും ക്വീര്‍സമൂഹത്തിന് നൽകുന്ന അപരനാമങ്ങളെയും സുരക്ഷിതത്വമില്ലായ്മയെയും കുറിച്ച് ചിത്രം വാചാലമാകുന്നുണ്ട് ഗ്രൈൻഡർപോലുള്ള ആപ്പുകളിലെ വൈകാരികമായ മുറിച്ചു മാറ്റപ്പെടലുകളെ ലാവെൻഡർ പൂക്കളുടെയും വാസ്തുവിദ്യാ രൂപങ്ങളുടെയും സഹായത്തോടെ അദ്ദേഹം ആവിഷ്കരിച്ചിരിക്കുന്നു. ജീവിതാനുഭവങ്ങളിൽ നിന്ന് ചായം പകർത്തിയ ചിത്രങ്ങളിലൂടെ സമകാലിക ഇന്ത്യയിൽ സ്നേഹിക്കാനുംസ്നേഹിക്കപ്പെടാനും ആഗ്രഹിക്കുന്ന സമൂഹത്തിന്റെ ശബ്ദമാവുകയാണ് ഷാക്കിബുൾ ഇസ്‌ലാം.

 

 

 

Photo Gallery

+
Content