കൊച്ചി-മുസിരിസ് ബിനാലെ സന്ദർശിച്ച് സി.പി.ഐ.എം നേതാക്കളായ വൃന്ദ കാരാട്ടും പ്രകാശ് കാരാട്ടും
Kochi / February 21, 2026
കൊച്ചി: കൊച്ചി-മുസിരിസ് ബിനാലെ പ്രദർശനങ്ങൾ വിജ്ഞാനപ്രദമാണെന്ന് മുതിർന്ന സി.പി.ഐ.എം നേതാക്കളായ വൃന്ദ കാരാട്ടും പ്രകാശ് കാരാട്ടും പറഞ്ഞു. സമകാലിക കലാരൂപങ്ങളുടെ പ്രദർശനം വളരെ മികച്ച അനുഭവമാണെന്ന് സന്ദർശനത്തിന് ശേഷം അവർ അഭിപ്രായപ്പെട്ടു.
ബിനാലെ ആറാം ലക്കം കലാപരമായ ഗാംഭീര്യത്തിലും ആഴത്തിലും വലിയ മുന്നേറ്റം നടത്തിയതായി വൃന്ദ കാരാട്ട് പറഞ്ഞു.
ബിനാലെയ്ക്ക് കേരള സർക്കാർ നൽകുന്ന ഉറച്ച പിന്തുണയെ അവർ പ്രശംസിച്ചു. കൊച്ചി-മുസിരിസ് ബിനാലെയുടെ സർഗ്ഗാത്മക ആവിഷ്കാരങ്ങൾക്കുള്ള സ്വാതന്ത്ര്യത്തിന് സംസ്ഥാന സർക്കാരിൻറെ പിന്തുണ നിർണായകമാണെന്ന് അവർ കൂട്ടിച്ചേർത്തു.
അന്താരാഷ്ട്ര പ്രതിഭകൾക്കൊപ്പം ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കലാകാരന്മാരുടെ സൃഷ്ടികൾ കൂടി ഒരുമിച്ച് അവതരിപ്പിക്കുന്നതിലൂടെ സന്ദർശകർക്ക് മികച്ച അനുഭവമാണ് ബിനാലെ വാഗ്ദാനം ചെയ്യുന്നത്.
വിവിധ വേദികളിലായി നിരവധി കലാകാരന്മാരെ ഏകോപിപ്പിച്ചുകൊണ്ട് ഇത്രയും വലിയ തോതിൽ ഒരു പ്രദർശനം നടപ്പിലാക്കുന്നത് ഇന്ത്യയിൽ തന്നെ സവിശേഷമായ നേട്ടമാണെന്നും ഇതിന് വലിയ രീതിയിലുള്ള ദേശീയ-അന്തർദേശീയ അംഗീകാരം ലഭിക്കണമെന്നും വൃന്ദ കാരാട്ട് പറഞ്ഞു.
പ്രമുഖരായ നിരവധി വ്യക്തികൾ ബിനാലെ സന്ദർശിക്കാനെത്തി. പ്രശസ്ത ഗുജറാത്തി കവിയും ദൃശ്യകലാകാരനുമായ പ്രബോധ് പരീഖ്, കേന്ദ്ര ഗോത്രകാര്യ മന്ത്രാലയം സെക്രട്ടറി രഞ്ജന ചോപ്ര എന്നിവരും മുതിർന്ന മാധ്യമപ്രവർത്തകരായ പ്രണോയ് റോയ്, രാധിക റോയ് എന്നിവരും ബിനാലെയിലെ വിവിധ പവലിയനുകൾ സന്ദർശിച്ചു.
Photo Gallery