മില്‍മ തിരുവനന്തപുരം മേഖലാ യൂണിയന്‍ 1248 കോടി രൂപയൂടെ ബഡ്ജറ്റ് പാസാക്കി

മില്‍മ തിരുവനന്തപുരം മേഖലാ യൂണിയന്‍ 1248 കോടി രൂപയൂടെ ബഡ്ജറ്റ് പാസാക്കി
Trivandrum / September 22, 2022

തിരുവനന്തപുരം: മില്‍മയുടെ തിരുവനന്തപുരം മേഖലാ യൂണിയന്‍ വാര്‍ഷികയോഗത്തില്‍ 2022-23 സാമ്പത്തിക വര്‍ഷത്തിലെ 1248 കോടിയുടെ ബഡ്ജറ്റ് പാസാക്കി. അടുത്ത വര്‍ഷം 1203 കോടി രൂപയുടെ വിറ്റുവരവാണ് മില്‍മ തിരുവനന്തപുരം മേഖലാ യൂണിയന്‍ ലക്ഷ്യമിടുന്നതെന്ന് യൂണിയന്‍ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി കണ്‍വീനര്‍ എന്‍. ഭാസുരാംഗന്‍ അറിയിച്ചു. ഇത് മുന്‍വര്‍ഷത്തേക്കാള്‍ പത്തു ശതമാനം കൂടുതലാണ്. ഈ വര്‍ഷം 4 കോടി രൂപയുടെ അറ്റലാഭമാണ് യൂണിയന്‍ ലക്ഷ്യമിടുന്നത്. കഴിഞ്ഞ വര്‍ഷത്തെ അറ്റലാഭം 2.5 കോടി രൂപയാണ്. 

അടുത്ത വര്‍ഷം പത്തനംതിട്ട ഡെയറിയില്‍ നിന്ന് പാലുല്പന്നങ്ങളുടെ കയറ്റുമതി ആരംഭിക്കും. ഏഴ് പുതിയ പാലുല്പന്നങ്ങള്‍ വിപണിയിലെത്തിക്കുന്നതിനൊപ്പം മൊബൈല്‍ മൃഗചികിത്സാ യൂണിറ്റുകള്‍ ഉള്‍പ്പെടെയുള്ള നൂതന സംവിധാനങ്ങള്‍ അടുത്ത വര്‍ഷം യൂണിയന്‍ നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. ആര്‍ ഡി ആര്‍ ഹാളില്‍ നടന്ന മേഖലാ യൂണിയന്‍ വാര്‍ഷികയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കഴിഞ്ഞ ഓണക്കാലത്ത് 13 ലക്ഷം ലിറ്റര്‍ പാലിന്‍റെ റെക്കോര്‍ഡ് വില്‍പനയും 110 കോടി രൂപയുടെ റെക്കോര്‍ഡ് വിറ്റുവരവും നേടിയ ഭരണസമിതിയെ പൊതുയോഗം അഭിനന്ദിച്ചു. യൂണിയന്‍റെ കഴിഞ്ഞ വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് അംഗങ്ങള്‍ നല്കിയ സഹായത്തിനു കണ്‍വീനര്‍ എന്‍. ഭാസുരാംഗന്‍ നന്ദി പറഞ്ഞു. 

എണ്ണൂറോളം സംഘം പ്രതിനിധികള്‍ പങ്കെടുത്ത യോഗത്തില്‍ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി അംഗം വി എസ്. പത്മകുമാര്‍ സ്വാഗതം ആശംസിച്ചു. അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി അംഗം കെ ആര്‍. മോഹനന്‍ പിള്ള വിവിധ പ്രമേയങ്ങള്‍ അവതരിപ്പിച്ചു. ബജറ്റും റിപ്പോര്‍ട്ടും കണക്കുകളും മാനേജിംഗ് ഡയറക്ടര്‍ ഡി എസ്.കോണ്ട അവതരിപ്പിച്ചു. ക്ഷീരവികസനവകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍  സന്നിഹിതനായിരുന്നു. 

Photo Gallery