അതിര്‍ത്തികള്‍, മുള്ളുവേലികള്‍, നിസ്സഹായ മുഖങ്ങള്‍- കാഴ്ചക്കാരെ ഈറനണിയിച്ച് ബംഗ്ലാദേശി ആര്‍ട്ടിസ്റ്റ് യാസ്മിന്‍ ജഹാന്‍ നൂപുര്‍
Kochi / January 16, 2026
കൊച്ചി: നാല് മുളങ്കാലുകളില്‍ തീര്‍ത്ത പട്ടിക്കൂടിനേക്കാള്‍ ചെറുതായ മുള്ളുവേലി ചുറ്റിയ ഇടത്തില്‍ നിന്ന് കീറിപ്പറിഞ്ഞ വസ്ത്രങ്ങളുമായി ഒരു സ്ത്രീ സഹായത്തിന് കൈനീട്ടുകയാണ്. കൊച്ചി-മുസിരിസ് ബിനാലെ വേദിയായ ആസ്പിന്‍വാള്‍ ഹൗസില്‍ ഇതു കണ്ട് നില്‍ക്കുന്നവരില്‍ ഒരാള്‍ പോലും സഹായത്തിനെത്തുന്നില്ല. ഒടുവില്‍ ഒരാള്‍ പോയി ആ കൈകളില്‍ പിടിച്ചപ്പോള്‍ സമാധാനത്തിന്റെ ആലസ്യത്തോടെ ആ സ്ത്രീ മുള്ളുവേലിയില്‍ ചാരിക്കിടന്നു.
ബംഗ്ലാദേശി കലാകാരിയും കൊച്ചി മുസിരിസ് ബിനാലെയിലെ പാര്‍ട്ടിസിപ്പേറ്റിംഗ് ആര്‍ട്ടിസ്റ്റുമായ യാസ്മിന്‍ ജഹാന്‍ നൂപുറിന്റെ ദി ടച്ച് എന്ന കലാപ്രകടനം കാണികളെ അക്ഷരാര്‍ഥത്തില്‍ ഈറനണിയിച്ചു. അതിര്‍ത്തികള്‍, അവിടെയുള്ള മുള്ളുവേലികള്‍, നിരീക്ഷണ ക്യാമറകള്‍ എന്നിവയിലൂടെ മനുഷ്യര്‍ കൂട്ടിലടയ്ക്കപ്പെട്ടിരിക്കുകയാണെന്നാണ് അവര്‍ ഇതിലൂടെ പറയാനാഗ്രഹിക്കുന്നത്.
ബംഗ്ലാദേശില്‍ നിന്നും ഇന്ത്യയിലേക്ക് മുള്ളുവേലി നൂണ്ട് എത്തിയാലും അകപ്പെടുന്നത് മറ്റൊരു മുള്ളുവേലിക്കൂട്ടിലാണെന്ന് യാസ്മിന്‍ പറഞ്ഞു. അതിര്‍ത്തികള്‍ എത്ര വിശാലമാണെങ്കിലും അതൊരു മുള്ളുകൂടാണ്. ഒരു മണിക്കൂര്‍ നീണ്ടു നിന്ന പ്രകടനത്തില്‍ യാസ്മിന്റെ ശരീരം മുഴുവന്‍ മുള്ളുവേലി കൊണ്ട് വരഞ്ഞു മുറിഞ്ഞിരുന്നു. ആദ്യമായാണ് ഈ കലാപ്രകടനം അവതരിപ്പിക്കുന്നതെന്നും അവര്‍ പറഞ്ഞു. ചെരുപ്പിടാതെ, വെള്ള ഷര്‍ട്ടും കറുത്ത പാന്റും ധരിച്ചാണ് അവര്‍ ഈ പ്രകടനം നടത്തിയത്. കീറിപ്പറിഞ്ഞ വസ്ത്രങ്ങള്‍ പോലെ തന്നെയാണ് അതിര്‍ത്തികള്‍ക്കുള്ളില്‍ കഴിയുന്ന മനുഷ്യന്റെ മനസുമെന്ന് അവര്‍ ചൂണ്ടിക്കാട്ടി.
കാണികളില്‍ നിന്ന് കൂടൂതല്‍ പേര്‍ തന്നെ രക്ഷിക്കാനായി എത്തുമെന്നായിരുന്നു പ്രതീക്ഷയെന്ന് അവര്‍ പറഞ്ഞു. നിരവധി പേരുടെ മുഖത്ത് രക്ഷിക്കണമെന്ന ആഗ്രഹമുണ്ടായിരുന്നു. എന്നാല്‍ ഇതേ മാനസികാവസ്ഥ തന്നെയാണ് നിസ്സഹായരായ മനുഷ്യരുടെ കാര്യം വരുമ്പോള്‍ പൊതുജനത്തിന്റേതെന്നും അവര്‍ ചൂണ്ടിക്കാട്ടി.
അതിര്‍ത്തികള്‍ക്കെതിരായാണ് യാസ്മീന്റെ കലാപ്രകടനങ്ങളെല്ലാം. ഇന്ത്യ-ബംഗ്ലാദേശ് അതിര്‍ത്തിയില്‍ ആറ് മണിക്കൂര്‍ സമാധാനപതാകയുമേന്തി ശാന്തമായി നിന്നതാണ് അവരുടെ ഇതിനു മുമ്പുള്ള പ്രകടനകല. ആറ് മണിക്കൂറിന് ശേഷം അതിര്‍ത്തിയുടെ വാതിലുകള്‍ തനിക്ക് മുന്നില്‍ തുറന്നത് സമകാലീന കലയുടെ ശക്തിയായാണ് അവര്‍ കണക്കാക്കുന്നത്.
യാസ്മിന്റെ പ്രകടനം ആഴത്തില്‍ ചിന്തിപ്പിക്കുന്നതും വൈകാരികവുമായിരുന്നുവെന്ന് ബിനാലെ ആറാം ലക്കത്തിന്റെ ക്യൂറേറ്റര്‍ നിഖില്‍ ചോപ്ര പറഞ്ഞു. എന്തിനാണ് ഇത്രയുമധികം വേദന അനുഭവിച്ച് ഇത് ചെയ്യുന്നതെന്ന ചോദ്യമാണ് കാണികള്‍ക്കുണ്ടായിരുന്നതെന്ന് അദ്ദേഹം പറഞ്ഞു. വേദനയിലൂടെ കടന്നു പോകാത്ത ആരുമില്ലെന്നത് യാഥാര്‍ത്ഥ്യമാണ്. നാടകവും പ്രകടനകലയും തമ്മിലുള്ള വ്യത്യാസമാണിതെന്ന് നിഖില്‍ ചൂണ്ടിക്കാട്ടുന്നു. പ്രകടനകലയിലെ വിയര്‍പ്പ്, രക്തം, വേദന എന്നിവയെല്ലാം യഥാര്‍ഥമാണ്. അഭിനയമല്ലെന്ന് അദ്ദേഹം പറഞ്ഞു. ജീവിതം പൂമെത്തയ്ക്ക് മുകളിലൂടെയുള്ള യാത്രയല്ലെന്ന് സമൂഹം തിരിച്ചറിയണമെന്നും നിഖില്‍ ചോപ്ര ചൂണ്ടിക്കാട്ടി.
ബിനാലെയില്‍ 111 മര്‍ക്കസ് കഫെയിലാണ് യാസ്മിന്‍ ജഹാന്റെ ബ്ലാക്ക് ഗോള്‍ഡ് എന്ന കലാസൃഷ്ടി പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. നൂറ്റാണ്ടുകള്‍ നീണ്ട കുരുമുളകിന്റെ സാമ്പത്തിക രാഷ്ട്രീയ വിലയിരുത്തലുകള്‍ ആണ് അനാവരണം ചെയ്തിരിക്കുന്നത്.