വാനിലയുടെ നിഗൂഢതയ്ക്ക് ഉത്തരമായി മെക്സിക്കന്‍ ആര്‍ട്ടിസ്റ്റ് ഡാനിയൽ ഗോഡിനെസ് നിവോൻ കെബിഎഫ് റെസിഡന്‍സിയില്‍

Kochi / February 18, 2026

കൊച്ചി: മറ്റെല്ലാ ചെടികളും സ്വയം പൂക്കുമ്പോള്‍ വാനിലയ്ക്ക് മാത്രം കൃത്രിമ പരാഗണം നടത്തേണ്ടത് എന്തു കൊണ്ടെന്ന ചോദ്യം കേരളത്തിലെ ഒട്ടു മിക്ക കര്‍ഷകരും ചോദിച്ചിട്ടുണ്ടാകും. അതിന്റെ ഉത്തരം ലഭിക്കുന്നത് ഏഷ്യയിലെ തന്നെ ഏറ്റവും വലിയ സമകാലീന കലാമേളയില്‍ നിന്നുമാണ്. കൊച്ചി ബിനാലെ ഫൗണ്ടേഷൻ (കെ.ബി.എഫ്) റെസിഡൻസി ആർട്ടിസ്റ്റ് ഡാനിയൽ ഗോഡിനെസ് നിവോൻ മട്ടാഞ്ചേരി ബസാർ റോഡിലെ ദേവസ്സി ജോസ് ആൻഡ് സൺസിന്റെ ഒന്നാം നിലയിൽ ഒരുക്കിയിരിക്കുന്ന 'ഫ്ലവർ സെറിനേഡ് 2025' എന്ന ശബ്ദ വിന്യാസം വാനിലയുടെ കൗതുകകരമായ ചരിത്രമാണ് സന്ദർശകർക്ക് മുന്നിൽ തുറന്നിടുന്നത്.

2000-ലാണ് കേരളത്തില്‍ വാനില കൃഷി വ്യാപകമായത്. തെക്കുകിഴക്കേ ഏഷ്യയില്‍ വന്ന പ്രകൃതി ദുരന്തമായിരുന്നു പെട്ടന്ന് നല്ല വില ലഭിക്കുന്ന ഈ ചെടിയുടെ കൃഷി കേരളത്തില്‍ വ്യാപകമാകാന്‍ കാരണം. ഇതിലുണ്ടായിരുന്ന പ്രായോഗിക പ്രശ്നമായിരുന്നു കൃത്രിമ പരാഗണം. ആൺ പൂവില്‍ നിന്നും പെണ്‍ പൂവിലേക്ക് കര്‍ഷകന്‍ തന്നെ പരാഗണം നടത്തണമായിരുന്നു. ഇതിന്റെ കാരണം വ്യക്തമാക്കുകയാണ് മെക്സിക്കന്‍ ആര്‍ട്ടിസ്റ്റ് ഡാനിയേല്‍.

മെക്സിക്കോയിൽ നിന്ന് കടൽ കടന്ന് മറ്റ് രാജ്യങ്ങളിലേക്ക് വാനില ചെടികൾ മാറ്റപ്പെട്ടപ്പോൾ അവയ്ക്ക് 'സ്കാപ്‌ടോട്രിഗോണ മെക്സിക്കാന' എന്ന തേനിച്ചകളുടെ സ്വാഭാവിക പരാഗണം നഷ്ടമായതിനെക്കുറിച്ച് ആംസ്റ്റർഡാമും മെക്സിക്കോ സിറ്റിയും കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഡാനിയൽ വിവരിക്കുന്നു. മെസോഅമേരിക്കയിൽ മാത്രം കണ്ടുവന്നിരുന്ന 'വാനില പ്ലാനിഫോളിയ' എന്ന ഓർക്കിഡ് വർഗ്ഗത്തെയും അവയുടെ സ്വാഭാവിക പരാഗണകാരികളായ തേനിച്ചകളെയും കുറിച്ചാണ് ഈ കലാസൃഷ്ടി സംവദിക്കുന്നത്. നീലകലർന്ന വയലറ്റും വെള്ളയും നിറത്തിലുള്ള വാനില പൂക്കളുടെ ദൃശ്യങ്ങൾക്കൊപ്പം തേനിച്ചകളുടെ സ്വാഭാവിക ശബ്ദരേഖയും സമന്വയിപ്പിച്ചാണ് വീഡിയോ കലാപ്രതിഷ്ഠ ഒരുക്കിയിരിക്കുന്നത്.

തനത് തേനീച്ചകളില്ലാത്തതിനാല്‍ പലായനം ചെയ്യപ്പെട്ട ഓർക്കിഡുകൾക്ക് പിന്നീട് അവയുടെ വംശവർദ്ധനവിനായി മനുഷ്യസഹായം തേടേണ്ടി വന്നു. തന്മൂലം മെക്സിക്കോയിലെ ഉഷ്ണമേഖലാ വനങ്ങളിൽ വളരുന്ന വാനിലയുടെ അതേ തനിമ മറ്റ് രാജ്യങ്ങളിൽ കൃഷി ചെയ്യുന്നവയ്ക്ക് ലഭിക്കാതെ പോയെന്നും അദ്ദേഹം നിരീക്ഷിക്കുന്നു. 1841-ൽ പന്ത്രണ്ട് വയസ്സുകാരനായ എഡ്മണ്ട് ആൽബിയസ് എന്ന ബാലൻ ഈ ഓർക്കിഡുകളിൽ കൃത്രിമമായി പരാഗണം നടത്താനുള്ള വിദ്യ കണ്ടെത്തിയതോടെയാണ് വാനില ആഗോള വിപണികളിലേക്കും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ പാചകരീതികളിലേക്കും പടർന്നത്.

കേരളത്തിലെ വാനില തോട്ടങ്ങളെയും ഡാനിയലിന്റെ ഗവേഷണം സ്പർശിക്കുന്നുണ്ട്. കേരളത്തിലെ ഒരു വാനില ചെടിയിൽ ഘടിപ്പിച്ച സ്പീക്കറിലൂടെ പ്രകമ്പനങ്ങൾ അനുഭവിക്കുന്ന മനുഷ്യന്റെ ചിത്രം ഈ പ്രദർശനത്തിന്റെ ഭാഗമാണ്. വാനിലയുടെ പരിണാമപരമായ ഓർമ്മകളെ ഉണർത്തുന്നതിനായി കണ്ണൂരിലെ വാനില തോട്ടങ്ങളിൽ അദ്ദേഹം നടത്തിയ പരീക്ഷണങ്ങൾ ശ്രദ്ധേയമാണ്. മെക്സിക്കോയിലെ തേനിച്ചകൾ പുറപ്പെടുവിക്കുന്ന 220 ഹെർട്സ് തീവ്രതയുള്ള ശബ്ദം വൈബ്രേഷൻ സ്പീക്കറുകൾ വഴി വള്ളികളിലേക്ക് കടത്തിവിട്ടുകൊണ്ട് ചെടിയുടെ സ്വാഭാവികമായ ജൈവതാളത്തെ വീണ്ടെടുക്കാനാണ് അദ്ദേഹം ശ്രമിച്ചത്. കൃഷിക്കാർ, ജീവശാസ്ത്രജ്ഞർ എന്നിവരുമായി ചേർന്ന് നടത്തിയ ഇത്തരം ഗവേഷണങ്ങൾ കൊളോണിയലിസവും കുടിയൊഴിപ്പിക്കലും എങ്ങനെയാണ് പ്രകൃതിയുടെ താളക്രമത്തെ ബാധിച്ചതെന്ന് വ്യക്തമാക്കുന്നു. ഒരിക്കൽ മെസോഅമേരിക്കയിലെ വിശുദ്ധ സുഗന്ധവ്യഞ്ജനമായിരുന്ന വാനില, ഇന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഹൈബ്രിഡ് ഇനങ്ങളായി വ്യാപിച്ചു കിടക്കുകയാണ്. മനുഷ്യന്‍ സ്വന്തം താത്പര്യത്തിനായി നടത്തുന്ന പ്രകൃതിയിലെ ജീവജാലങ്ങളുടെ പറിച്ച് നടല്‍ എങ്ങനെ പരിസ്ഥിതി പ്രശ്നങ്ങളായി മാറുന്നു എന്ന ചോദ്യമാണ് ഡാനിയൽ ഗോഡിനെസ് നിവോൻ തന്റെ കലാസൃഷ്ടിയിലൂടെ ഉയർത്തുന്നത്.

 

Photo Gallery

+
Content