കാർഷിക മേഖലയിൽ വിപ്ലവം സൃഷ്ടിക്കാൻ അഗ്രി-സ്റ്റാർട്ടപ്പുകൾ; 'അഗ്രിനെക്സ്റ്റ് ഉച്ചകോടി ഇന്ന്(വെള്ളിയാഴ്ച)

Kochi / February 19, 2026

കൊച്ചി: കേരളത്തിലെ കാര്‍ഷികമേഖലയെ അത്യാധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ വികസിപ്പിക്കാനും കർഷകരുടെ വരുമാനം ഗണ്യമായി വർദ്ധിപ്പിക്കാനുമായി സംസ്ഥാന സര്‍ക്കാര്‍ രൂപീകരിച്ച കേര പ്രൊജക്ടിന്റെ കീഴില്‍ നടത്തുന്ന 'അഗ്രിനെക്സ്റ്റ് ഉച്ചകോടി 2026' ഇന്ന്(ഫെബ്രുവരി 20 വെള്ളി) നടക്കും. കേരള സ്റ്റാർട്ടപ്പ് മിഷൻ (കെഎസ് യുഎം), കൃഷി വകുപ്പു്, ലോക ബാങ്ക് എന്നിവ സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. കളമശേരിയിലെ കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ ക്യാമ്പസിലാണ് ഉച്ചകോടി നടക്കുന്നത്.

'സാങ്കേതികവിദ്യ വയലിലേക്ക്, മാറ്റം വിളവിലേക്ക്' എന്ന പ്രമേയത്തിൽ നടക്കുന്ന ഈ സംഗമം പരീക്ഷണശാലകളിലും സ്റ്റാർട്ടപ്പുകളിലും മാത്രം ഒതുങ്ങിനിൽക്കുന്ന നൂതന സാങ്കേതികവിദ്യകൾ സാധാരണ കർഷകന്റെ കൃഷിയിടത്തിലേക്ക് നേരിട്ട് എത്തിക്കുക എന്ന ദൗത്യമാണ് ഏറ്റെടുത്തിരിക്കുന്നത്.

നിർമ്മിതബുദ്ധി (എഐ) മുതൽ ഉൽപ്പന്നങ്ങൾ കേടുകൂടാതെ വിപണിയിൽ എത്തിക്കാനുള്ള അത്യാധുനിക ശീതീകരണ മാർഗ്ഗങ്ങൾ വരെ ഇന്ന് ലഭ്യമാണെങ്കിലും അവ കൃഷിയിടങ്ങളിൽ ഫലപ്രദമായി ഉപയോഗിക്കപ്പെടുന്നില്ല എന്ന പ്രശ്നത്തിനാണ് അഗ്രിനെക്സ്റ്റ് പരിഹാരം കാണുന്നത്. സ്റ്റാർട്ടപ്പുകൾക്ക് അവരുടെ ഉപകരണങ്ങളും സേവനങ്ങളും നേരിട്ട് കൃഷിയിടങ്ങളിൽ എത്തിക്കാനും സർക്കാർ അംഗീകാരം നേടി ബിസിനസ്സ് വ്യാപിപ്പിക്കാനും ഉച്ചകോടി വഴിയൊരുക്കും.

ആയിരത്തോളം ഉച്ചകോടിയില്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിൽ 150-ലധികം തിരഞ്ഞെടുത്ത അഗ്രി-സ്റ്റാർട്ടപ്പുകൾ കര്‍ഷകര്‍ നേരിടുന്ന പ്രശ്നങ്ങളില്‍ തങ്ങളുടെ സാങ്കേതിക പരിഹാരങ്ങൾ അവതരിപ്പിക്കും. കാര്‍ഷികോത്പാദക സംഘങ്ങളും (എഫ് പി ഒ) സ്റ്റാർട്ടപ്പുകളും തമ്മിൽ നേരിട്ട് ആശയവിനിമയം നടത്തുന്നതിലൂടെ പുതിയ കാർഷിക വെല്ലുവിളികൾ മനസ്സിലാക്കി അവയ്ക്ക് അനുയോജ്യമായ പരിഹാരങ്ങൾ കണ്ടെത്താനും അതിന്റെ മാതൃകകള്‍ തയ്യാറാക്കാനും സാധിക്കും.

വെറും പ്രദർശനങ്ങൾക്കപ്പുറം സാങ്കേതികവിദ്യകൾ കൃഷിയിടത്തിൽ എങ്ങനെ പ്രവർത്തിക്കുന്നു എന്ന് നേരിട്ട് കാണിച്ചുകൊടുക്കുന്ന ലൈവ് ടെക്നോളജി സോണുകൾ ഉച്ചകോടിയുടെ പ്രധാന ആകർഷണമാണെന്ന് കെഎസ് യുഎം സിഇഒ അനൂപ് അംബിക പറഞ്ഞു. സങ്കീർണ്ണമായ സാങ്കേതികവിദ്യകളെ ലളിതമായ രീതിയിൽ കർഷകരിലേക്ക് എത്തിക്കുന്നതിൽ അഗ്രി-സ്റ്റാർട്ടപ്പുകൾക്ക് വലിയ പങ്ക് വഹിക്കാനുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പാരമ്പര്യ കൃഷിരീതികളെ സ്റ്റാർട്ടപ്പുകളുടെ സഹായത്തോടെ നവീകരിച്ച് കേരളത്തെ രാജ്യത്തിന് തന്നെ മാതൃകയാക്കാനും ഇതിലൂടെ സാധിക്കും. വിവിധ ജില്ലകളിലായി നൂറിലധികം പൈലറ്റ് പ്രോഗ്രാമുകൾക്ക് ഉടൻ തുടക്കം കുറിക്കും. കാർഷിക മേഖലയിലെ സ്റ്റാർട്ടപ്പുകൾക്കും എഫ് പിഒകൾക്കും ഇടയിൽ അമ്പതിലധികം ധാരണാപത്രങ്ങൾ ഉച്ചകോടിയില്‍ ഒപ്പുവെക്കുമെന്ന് പ്രതീക്ഷിക്കുന്നു.

കൃഷി വകുപ്പ് ഉദ്യോഗസ്ഥർ, നയരൂപകർത്താക്കൾ, നിക്ഷേപകർ എന്നിവരുടെ സാന്നിധ്യം അഗ്രിടെക് സ്റ്റാർട്ടപ്പുകൾക്ക് തങ്ങളുടെ സേവനങ്ങൾ വിപുലമാക്കാൻ കൂടുതൽ കരുത്ത് നൽകും. സാങ്കേതികവിദ്യയുടെ ശരിയായ ഉപയോഗത്തിലൂടെ ഉൽപ്പാദനക്ഷമതയും ലാഭവും വർദ്ധിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ള നീക്കം കേരളത്തിലെ കാർഷിക-സാങ്കേതിക മേഖലയിൽ വിപ്ലവകരമായ മാറ്റങ്ങൾക്ക് തുടക്കമിടുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.

 

 

Photo Gallery