കേരള ടൂറിസത്തിന്‍റെ 'ലെന്‍സ്കേപ്പ് കേരള' ഫോട്ടോ പ്രദര്‍ശനം അഹമ്മദാബാദില്‍ ഡോ. മല്ലിക സാരാഭായ് ഉദ്ഘാടനം ചെയ്തു
Ahmedabad / February 2, 2026
അഹമ്മദാബാദ്: ദൈവത്തിന്‍റെ സ്വന്തം നാടിന്‍റെ വൈവിധ്യമാര്‍ന്ന ഭൂപ്രകൃതിയെയും സംസ്കാരത്തെയും പ്രദര്‍ശിപ്പിക്കുന്നതിനായി സംസ്ഥാന ടൂറിസം വകുപ്പ് സംഘടിപ്പിക്കുന്ന 'ലെന്‍സ്കേപ്പ് കേരള' അഖിലേന്ത്യാ ഫോട്ടോ എക്സിബിഷന്‍ അഹമ്മദാബാദില്‍ ആരംഭിച്ചു. പ്രശസ്ത നര്‍ത്തകിയും കേരള കലാമണ്ഡലം ചാന്‍സലറുമായ ഡോ. മല്ലിക സാരാഭായ് പ്രദര്‍ശനം ഉദ്ഘാടനം ചെയ്തു. ഹുത്തീസിംഗ് വിഷ്വല്‍ ആര്‍ട്ട് സെന്‍ററില്‍ രാവിലെ 11 മുതല്‍ രാത്രി 8 വരെയാണ് പ്രദര്‍ശനം.
രാജ്യത്തെ 10 പ്രമുഖ ട്രാവല്‍, മീഡിയ ഫോട്ടോഗ്രാഫര്‍മാരുടെ 100 ചിത്രങ്ങളാണ് എക്സിബിഷനില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. മൂന്ന് ദിവസം നീണ്ടുനില്ക്കുന്ന പ്രദര്‍ശനം ഫെബ്രുവരി 5 ന് സമാപിക്കും. രാജ്യത്തെ 10 പ്രധാന നഗരങ്ങളിലായി രണ്ടര മാസത്തോളം നീളുന്ന പ്രദര്‍ശനം മാര്‍ച്ച് 31 ന് സൂറത്തിലാണ് അവസാനിക്കുക.
ഒരു കൂട്ടം മികച്ച ഫോട്ടോഗ്രാഫുകള്‍ പ്രദര്‍ശനത്തെ വേറിട്ടതാക്കുന്നതായി ഡോ. മല്ലിക സാരാഭായ് പറഞ്ഞു. കേരള കലാമണ്ഡലത്തിന്‍റെ ചാന്‍സലര്‍ എന്ന നിലയില്‍ കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ കേരളവുമായുള്ള തന്‍റെ ബന്ധം കൂടുതല്‍ ശക്തമായി. കലാമണ്ഡലത്തിലെ വിദ്യാര്‍ത്ഥികള്‍, അഡ്മിനിസ്ട്രേറ്റര്‍മാര്‍, പ്രൊഫസര്‍മാര്‍ എന്നിവര്‍ക്കൊപ്പം പ്രവര്‍ത്തിക്കുന്നത് മികച്ച അനുഭവമാണ്. സംസ്ഥാന സര്‍ക്കാര്‍ വലിയ പിന്തുണ നല്കിയതായും അവര്‍ കൂട്ടിച്ചേര്‍ത്തു.
കേരളത്തിന്‍റെ സാംസ്കാരിക വൈവിധ്യവും ബഹുസ്വരതയും അടയാളപ്പെടുത്തുന്നതാണ് രാജ്യമെമ്പാടുമായി നടത്തുന്ന ലെന്‍സ്കേപ്പ് കേരള എക്സിബിഷനെന്ന് ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് തന്‍റെ സന്ദേശത്തില്‍ പറഞ്ഞു. വനങ്ങള്‍, മലകള്‍, കായലുകള്‍, ആരാധനാലയങ്ങള്‍, ഉത്സവങ്ങള്‍ തുടങ്ങി വ്യത്യസ്തങ്ങളായ ടൂറിസം ആകര്‍ഷണങ്ങളുടെ തെരഞ്ഞെടുപ്പ് സാധ്യമാക്കുന്ന കേരളത്തിന്‍റെ പ്രത്യേകതയെ കുറിച്ച് സഞ്ചാരികള്‍ക്ക് ധാരണ നല്‍കുന്നതായിരിക്കും ഈ പ്രദര്‍ശനമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
കേരളത്തെ പ്രധാന ടൂറിസം ഡെസ്റ്റിനേഷനായി ഉയര്‍ത്തിക്കാട്ടുന്നതിനൊപ്പം സംസ്ഥാനത്തിന്‍റെ ഭൂപ്രകൃതി, സംസ്കാരം, സവിശേഷതകള്‍ എന്നിവ കൂടി പ്രദര്‍ശനത്തിലെ ചിത്രങ്ങള്‍ കാഴ്ചക്കാര്‍ക്കു മുന്നിലെത്തിക്കും. ചിത്രപ്രദര്‍ശനത്തില്‍ പങ്കാളികളായ ഫോട്ടോഗ്രാഫര്‍മാര്‍ കഴിഞ്ഞ വര്‍ഷം നവംബര്‍, ഡിസംബര്‍ മാസങ്ങളിലായി അഞ്ച് ദിവസം കേരളത്തിന്‍റെ വിവിധ പ്രദേശങ്ങള്‍ സന്ദര്‍ശിച്ചിരുന്നു. ഈ യാത്രയില്‍ നിന്നുള്ള ചിത്രങ്ങളാണ് 'ലെന്‍സ്കേപ്പ് കേരള'യില്‍ പ്രദര്‍ശിപ്പിക്കുന്നത്. കേരളത്തിന്‍റെ പ്രകൃതി, വന്യജീവി, പൈതൃകം, ഗ്രാമീണ, തീരദേശ ജീവിതം, വാസ്തുവിദ്യ, ഉത്സവങ്ങള്‍, ആത്മീയത തുടങ്ങിയ വിഷയങ്ങള്‍ ഉള്‍ക്കൊള്ളുന്നതായിരുന്നു ഈ ഫോട്ടോഗ്രാഫിക് ടൂര്‍.
പ്രമുഖ ആര്‍ട്ട് ക്യൂറേറ്ററും നിരൂപകയുമായ ഉമാ നായരാണ് പ്രദര്‍ശനത്തിന്‍റെ ക്യൂറേറ്റര്‍. പ്രദര്‍ശനത്തിലെ വൈവിധ്യമാര്‍ന്ന ഫോട്ടോകളെ ഉമാ നായര്‍ കാണികള്‍ക്ക് പരിചയപ്പെടുത്തി.
പ്രശസ്ത വന്യജീവി സംരക്ഷണ ഫോട്ടോഗ്രാഫര്‍ ബാലന്‍ മാധവനാണ് ഫോട്ടോഗ്രാഫി ഡയറക്ടര്‍. ഐശ്വര്യ ശ്രീധര്‍, അമിത് പശ്രിച്ച, എച്ച് സതീഷ്, കൗന്തേയ സിന്‍ഹ, മനോജ് അറോറ, നടാഷ കര്‍ത്താര്‍ ഹേംരജനി, സൈബാല്‍ ദാസ്, സൗരഭ് ചാറ്റര്‍ജി, ശിവാങ് മേത്ത, ഉമേഷ് ഗോഗ്ന എന്നിവരുടെ ഫോട്ടോകളാണ് പ്രദര്‍ശനത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
കേരളത്തെ പ്രധാന ടൂറിസം ഡെസ്റ്റിനേഷനായി ഉയര്‍ത്തിക്കാട്ടുന്നതിനൊപ്പം സംസ്ഥാനത്ത് അധികം ആര്‍ക്കും അറിയാത്ത സ്ഥലങ്ങള്‍, ഭൂപ്രകൃതി, സംസ്കാരം, സവിശേഷതകള്‍ എന്നിവ കൂടി പ്രദര്‍ശനത്തിലെ ചിത്രങ്ങള്‍ കാഴ്ചക്കാര്‍ക്കു മുന്നിലെത്തിക്കും. പ്രദര്‍ശനത്തിന്‍റെ ഭാഗമായി ബുധനാഴ്ച (ഫെബ്രുവരി 4) ഉച്ചയ്ക്ക് 2 മുതല്‍ 4 വരെ ഒരു മാസ്റ്റര്‍ ക്ലാസും ക്രമീകരിച്ചിട്ടുണ്ട്.
അഹമ്മദാബാദിലെ പ്രദര്‍ശനത്തിന് ശേഷം മുംബൈ (ഫെബ്രുവരി 12-14), പൂനെ (ഫെബ്രുവരി 18-20), ബെംഗളൂരു (ഫെബ്രുവരി 27-മാര്‍ച്ച് 1), ചെന്നൈ (മാര്‍ച്ച് 4-7), ഹൈദരാബാദ് (മാര്‍ച്ച് 12-14), കൊല്‍ക്കത്ത (മാര്‍ച്ച് 22-24), സൂറത്ത് (മാര്‍ച്ച് 29-31) എന്നിവിടങ്ങളില്‍ പ്രദര്‍ശനം നടക്കും.