യോഗേന്ദ്രയാദവ് കൊച്ചി-മുസിരിസ് ബിനാലെയില്‍

Kochi / February 2, 2026

കൊച്ചി: പ്രമുഖരാഷ്ട്രീയ പ്രവർത്തകനും എഴുത്തുകാരനുമായ യോഗേന്ദ്ര യാദവ് കൊച്ചി-മുസിരിസ് ബിനാലെ സന്ദര്‍ശിച്ചു. താനൊരു കലാനിരൂപകനോ കലയെക്കുറിച്ച് വലിയ അറിവുള്ളയാളോ അല്ലെന്നും, രാജ്യമെമ്പാടും ചർച്ചയായതിനാലാണ് കൊച്ചി-മുസിരിസ് ബിനാലെ കാണാൻ എത്തിയതെന്നും അദ്ദേഹം പറഞ്ഞു.

ബിനാലെയിലെ മിക്ക സൃഷ്ടികളിലും 'ക്ഷണഭംഗുരം' എന്ന ആശയം പ്രകടമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. നിമിഷം എന്നർത്ഥമുള്ള 'ക്ഷണം', നശ്വരമായത് എന്നർത്ഥമുള്ള 'ഭംഗുരം' എന്നീ പദങ്ങൾ ചേരുന്ന ഈ വാക്ക് ജീവിതത്തിന്റെയും നിലനിൽപ്പിന്റെയും നൈമിഷികതയെയാണ് അടയാളപ്പെടുത്തുന്നതാണെന്ന് അദ്ദേഹം വിശദീകരിച്ചു.

ആസ്പിൻവാൾ ഹൗസിലെ ഫൈസ ഹസന്റെ 'കൽ' എന്ന കലാപ്രതിഷ്ഠയെ കടൽത്തീരത്തെ നുരയോടാണ് അദ്ദേഹം ഉപമിച്ചത്. നോക്കിനിൽക്കേ അപ്രത്യക്ഷമാകുന്ന ആ നൈമിഷികത മറ്റ് സൃഷ്ടികളിലും പ്രതിഫലിക്കുന്നുണ്ട്. ബംഗ്ലാദേശിൽ നിന്നുള്ള കുടിയേറ്റത്തിന്റെ കഠിനമായ ഓർമ്മകൾ പങ്കുവെക്കുന്ന പഞ്ജേരി ആർട്ടിസ്റ്റ് യൂണിയന്റെ കലാസൃഷ്ടിയും മികച്ചതാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ഉത്തർപ്രദേശിലെ മിർസാപൂരിലെ ഇഷ്ടികക്കളങ്ങളിൽ പണിയെടുക്കുന്ന അതിഥി തൊഴിലാളികളുടെ ജീവിതം ആവിഷ്കരിച്ച ബിരേന്ദർ യാദവിന്റെ 'ഒൺലി ദി എർത്ത് നോസ് ദേർ ലേബർ' ശക്തവും ഹൃദയഭേദകവുമായ ഒന്നാണെന്ന് അദ്ദേഹം പറഞ്ഞു. രത്നഗുപ്തയുടെ കടലാസിലെ എംബ്രോയ്ഡറി വർക്കുകൾ അത്ഭുതപ്പെടുത്തി.

ഛായാഗ്രാഹകൻ ജോമോൻ ടി. ജോൺ, ആര്‍ക്കിടെക്ചര്‍ ആന്‍ഡ് പ്ലാനിംഗ് ഫാക്കല്‍റ്റി അംഗം ഗൗരവ് റഹേജ തുടങ്ങിയവരും ബിനാലെ സന്ദർശിക്കാൻ എത്തിയിരുന്നു.

 

 

Photo Gallery

+
Content